ഷാരോൺ ഉപഗ്രഹത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നു

single-img
3 October 2015

Charonപ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ ഷാരോണിന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ പുറത്തുവിട്ടു. നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകമാണ് ദൃശ്യങ്ങൾ പകർത്തിയത്. നീല, ചുവപ്പ്, ഇൻഫ്രാറെഡ് ഇമേജുകളുടെ സങ്കലനമാണു പേടകം അയച്ചത്. പ്ലൂട്ടോയുടെ നാല് ഉപഗ്രഹങ്ങളിലൊന്നാണ് ഷാരോൺ. 1214 കിലോമീറ്ററാണ് വിസ്തൃതി. ഗ്രഹവലുപ്പത്തോട് ആനുപാതികമായി നോക്കിയാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഷാരോൺ.

ഷാരോണിന്റെ ഉപരിതലത്തിൽ മലകളും ഗർത്തങ്ങളും മണ്ണിടിച്ചിലിന്റെ പാടുകളുമുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതിൽ 1600 കിലോമീറ്ററോളം നീണ്ടുപരന്നു കിടക്കുന്ന മലയിടുക്കുകളും ഉണ്ട്. കുള്ളൻഗ്രഹം പ്ലൂട്ടോയുടെയും അതിന്റെ പാതിയോളം വരുന്ന ഷാരോണിന്റെയും കളർചിത്രങ്ങൾ വിശകലനം ചെയ്യുമ്പോൾ അവയുടെ ഉപരിതലസവിശേഷതൾ തമ്മിലുള്ള വലിയ അന്തരം ബോധ്യമാകും. അതേസമയം, ചില സമാനതകളുമുണ്ട്. പ്ലൂട്ടോയുടെ മധ്യരേഖയ്ക്കടുത്തുള്ള ‘ചുവപ്പുപ്രദേശ’വുമായി സാമ്യമുള്ളതാണു പ്ലൂട്ടോയുടെ ചുവപ്പുനിറത്തിലുള്ള ഉത്തരധ്രുവം. ചൊവ്വയിലെ മറൈൻ വാലി മലയിടുക്കു സംവിധാനത്തോടാണു ഷാരോണിലെ മലയിടുക്കുകൾക്കു രൂപസാമ്യം.

അഗ്നിപർവതങ്ങൾ നിറഞ്ഞ, മ്ലാനമായ ഒരിടമെന്നാണു ഷാരോണിനെക്കുറിച്ചു ശാസ്ത്രജ്ഞർക്ക് ഇതുവരെ ഉണ്ടായിരുന്ന സങ്കൽപം. എന്നാൽ പുതിയ ചിത്രങ്ങളോടെ, പർവതങ്ങളും മലയിടുക്കുകളും ചായ്‌വുകളും ഉപരിതല നിറവൈവിധ്യവുമുള്ള പ്രഹേളികയാണ് ഷാരോൺ എന്ന് വ്യക്തമായിരിക്കുകയാണ്. ഷാരോണിനു ഭൂമിശാസ്ത്രപരമായി സങ്കീർണമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്നാണ് ന്യൂ ഹൊറൈസൺസ് ചിത്രങ്ങളിൽനിന്നു ശാസ്ത്രക്ഞർ അനുമാനക്കുന്നത്.

കഴിഞ്ഞ ജൂലൈയിൽ, പ്ലൂട്ടോയ്ക്കരികിലൂടെ പറന്ന ന്യൂ ഹൊറൈസൺസ് പേടകമാണു ഷാരോണിന്റെ ചിത്രം വ്യക്തതയോടെ ക്യാമറയിൽ പകർത്തിയത്. ഇപ്പോൾ 50 ലക്ഷം കിലോമീറ്റർ അകലെയുള്ള പേടകം ഒരാഴ്ച മുൻപാണു ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചുതുടങ്ങിയത്. ഷാരോണിന്റെ കൂടുതൽ വ്യക്തതയേറിയ ചിത്രങ്ങൾക്കായി ശാസ്ത്രലോകം ആകാംശയോടെ കാത്തിരിക്കുകയാണ്.