ബാര്‍ബി പെണ്‍കുട്ടികളുടെ പ്രിയങ്കരി

single-img
3 October 2015

barbie_kenപെണ്‍കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ കളിപ്പാട്ടമാണ്‌ ബാര്‍ബി പാവകള്‍. ലോകത്താകമാനം ആരാധകരുള്ള പാവയാണ് ബാര്‍ബി. ബാര്‍ബി എന്നത് ഒരു ഓമനപ്പേര് മാത്രമാണെന്ന് എത്രപേര്‍ക്ക് അറിയാം? ബാര്‍ബറ മില്ലിസെന്റ് റോബര്‍ട്ട്‌സ് എന്നതാണ് ബാര്‍ബിയുടെ ശരിയായ പേര്. അടുത്തിടെയായി ബാര്‍ബി പാവകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഓരോ മൂന്ന് സെക്കന്‍ഡില്‍ ഒരു ബാര്‍ബി പാവ വീതം വിറ്റഴിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1959ലാണ് ആദ്യത്തെ ബാര്‍ബി പാവ നിര്‍മിക്കപ്പെടുന്നത്. കൊച്ചുകുട്ടികള്‍ക്ക് മാത്രമായി പാവകള്‍ ഉണ്ടാക്കിയിരുന്ന ഒരു കാലത്ത് അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റുന്ന വിധത്തിലുള്ള ഒരു പാവ വേണം എന്ന ആശയത്തില്‍ നിന്നാണ് ബാര്‍ബിയുടെ പിറവി. റൂത്ത്, എലിയറ്റ് എന്നീ ദമ്പതികളാണ് ബാര്‍ബി പാവ എന്ന ആശയത്തിന് പിന്നില്‍. ഇവരുടെ മകള്‍ കുട്ടിക്കാലത്ത് ഒരു മുതിര്‍ന്ന സ്ത്രീയുടെ രൂപത്തിലുള്ള സ്വിസ്സ് പാവയോട് കാണിച്ച താല്‍പര്യമാണ് കുട്ടികളുടെ രൂപത്തിന് പകരം മുതിര്‍ന്ന സ്ത്രീകളുടെ രൂപത്തിലുള്ള പാവകള്‍ നിര്‍മിക്കുവാന്‍ പ്രേരണ നല്‍കിയത്.

barbie_blaine
ആദ്യ ബാര്‍ബി പാവയുടെ വേഷം കറുപ്പും വെള്ളയും വരകളുള്ള ഒരു സ്വിമ്മിംഗ് സ്യൂട്ട് ആയിരുന്നു. 3 ഡോളര്‍ ആയിരുന്നു ഈ പാവയുടെ വില.
ബാര്‍ബിക്ക് സ്വീകാര്യത ഏറിയതോടെ ബാര്‍ബിയുടെ ജീവിതം, ശീലങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവയൊക്കെ കമ്പനി സൃഷ്ടിക്കുവാന്‍ തുടങ്ങി. ഇപ്പോള്‍ ഒരു സാധാരണ വ്യക്തിയെപ്പോലെ തന്നെ ബാര്ബിക്കും ഉണ്ട് ഒരു ജീവിതകഥ പറയുവാന്‍! ബാര്‍ബിക്ക് ഒരു കാമുകനുമുണ്ട്. പേര് കെന്‍. എന്നാല്‍, ബാര്‍ബിയും കെന്നും വിവാഹിതരാകുന്ന കാര്യം ഒരിക്കലും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബാര്‍ബി കെന്നുമായി പിണക്കത്തില്‍ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇവരുടെ പിണക്കം അവസാനിച്ചുവെന്ന് കമ്പനി ഈയിടെയാണ് പ്രഖ്യാപിച്ചത്. അതായത് ഒരു സിനിമയോ, കാര്‍ട്ടൂണ്‍ ഷോയോ പോലെ ഇപ്പോഴും മാറിമറിയുകയാണ് ബാര്‍ബിയുടെ ജീവിതവും.

കെന്നുമായി പിണക്കത്തിലായ ബാര്‍ബിക്ക് ഒരു പുതിയ കാമുകനെ കമ്പനി നല്‍കി. ബ്ലെയിന്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ ഒരു സര്‍ഫിംഗ് വിദഗ്ദന്‍ ആയിരുന്നു. 2011 ലെ വാലന്റയിന്‍സ് ദിനത്തില്‍ ബാര്‍ബിയും കെന്നും വീണ്ടും ഒന്നിച്ചപ്പോള്‍ ഫേസ്ബുക്ക് വഴിയാണ് ഈ വിവരം കമ്പനി ലോകത്തെ അറിയിച്ചത്.

ജര്‍മന്‍കാരിയായ ബെറ്റീന ഡോര്‍ഫ് മാന്‍ ആണ് ലോകത്തില്‍ ഏറ്റവുമധികം ബാര്‍ബി പാവകള്‍ കൈവശമുള്ള ആളെന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമ. പതിനയ്യായിരത്തില്‍ അധികം പാവകളുടെ ഉടമയാണ്‌ ബെറ്റീന. ബാര്‍ബിയെപ്പോലെയാവാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തിയ ബ്ലോണ്ട് ബെനെറ്റ് എന്നറിയപ്പെടുന്ന യുവതി, 40,000 യു.എസ്. ഡോളര്‍ ആണ് ഇതിനായി ചിലവഴിച്ചത്.