ദേശീയപാത 44:വിധവകളുടെ ഗ്രാമം സൃഷ്ടിക്കുന്ന ദേശീയപാത

single-img
30 September 2015

nh44ഗ്രാമത്തിലെ സ്ത്രീകളെ മുഴുവന്‍ ദേശീയപാത കാരണം വിധവകളായി.  തെലങ്കാനയിലെ പെഡഗുന്‍ഡ് എന്ന ഉള്‍നാടന്‍ ഗ്രാമമാണ് ദേശീയപാത  കാരണം വിധവകളുടെ ഗ്രാമമായി മാറിയത്.  സദാസമയവും വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാത 44 ആണ് ഗ്രാമത്തിലെ പുരുഷന്മാരുടേയെല്ലാം ജീവന്‍ കവര്‍ന്നത്.

മുപ്പത്തഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കൊച്ചുഗ്രാമത്തില്‍ ഇന്നുള്ളത് ഒരേയൊരു പുരുഷനാണ്. ബാക്കിയുണ്ടായിരുന്ന 37 പേര്‍ പലപ്പോഴായി ദേശീയപാതയില്‍ ചതഞ്ഞരഞ്ഞു ജീവന്‍ വെടിഞ്ഞു. പ്രാണരക്ഷാര്‍ത്ഥം രണ്ടുപേര്‍ ഗ്രാമം തന്നെ ഉപേക്ഷിച്ചു.  ഗ്രാമത്തിന്റെ ആസ്ഥാനം ദേശീയപാതക്കപ്പുറമാണ്. തൊഴില്‍ ഉള്‍പ്പടെ പല ആവശ്യങ്ങള്‍ക്കായി അവര്‍ക്ക് പലപ്പോഴും ഈ പാത മുറിച്ചുകടക്കേണ്ടതായി വരും. പക്ഷേ മുറിച്ച് കടന്നവര്‍ തിരിച്ചെത്തുന്ന പതിവില്ല.

ദേശീയപാത ജീവന്‍ കവരുന്നത് സംബന്ധിച്ചുള്ള പരാതി കൊടുക്കാനായി ദേശീയപാത മുറിച്ചു കടന്ന  ഗ്രാമവാസിയും പരാതി കൊടുത്ത് മടങ്ങുന്നതിനിടെ ദേശീയപാതയില്‍ വെച്ച് കൊല്ലപ്പെട്ടു. ഗ്രാമത്തില്‍ ഇന്ന് അവശേഷിച്ചിരിക്കുന്ന ഏക പുരുഷനാണ് താരിയ കോറ. പക്ഷേ താരിയയും അഞ്ചു വയസ്സുകാരനായ  മകനും ഇന്ന് തനിച്ചാണ്. ഹൈവേ മുറിച്ചുകടക്കുന്നതിനിടയിലാണ് താരിയയുടെ ഭാര്യയും കൊല്ലപ്പെടുന്നത്.

ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടവര്‍ അവരുടെ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്.  മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിതിനെ തുടര്‍ന്ന് നിരവധി നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചുവെങ്കിലും ആരും ഇവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നു.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ വടക്കേയറ്റത്തേയും തെക്കേയറ്റത്തേയും ബന്ധിപ്പിച്ചുകൊണ്ട് ദേശീയപാത 44 ഇവര്‍ക്കിടയിലേക്ക് വരുന്നത്. ഗ്രാമവാസികള്‍ക്കായി സര്‍വീസ് റോഡ് നിര്‍മ്മിച്ച് നല്‍കാമെന്നത് ഇന്നും വാഗ്ദാനമായി തുടരുന്നു. അതുകൊണ്ട് തന്നെ പലവിധ ആവശ്യങ്ങള്‍ക്കായി ഗ്രാമവാസികള്‍ഹൈവേ മുറിച്ച് കടക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.