എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപ കോഴ വാങ്ങി- വി.എസ് അച്യുതാനന്ദന്‍

single-img
30 September 2015

vs22_4ആലപ്പുഴ: എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.  കോളേജുകള്‍ക്ക് പേരിടുമ്പോള്‍ ഗുരുവിന്റെ സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പേരാണ് ചേര്‍ക്കുന്നത്. ഇതിലും വലിയ ഗുരുനിന്ദയില്ലെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയില്‍ സി.പി.എം നടത്തിയ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍.

ഈഴവരില്‍ ആര്‍ക്കെങ്കിലും ഈ കോളേജുകളില്‍ കോഴ നല്‍കാതെ നിയമനം നല്‍കിയിട്ടുണ്ടോ. ഇങ്ങനെ കിട്ടിയ പണം സ്വന്തം കീശ വീര്‍പ്പിക്കാനാണ് വെള്ളപ്പള്ളി ഉപയോഗിക്കുന്നത്. ഈഴവര്‍ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കള്ളപ്പണം പിടിച്ചെടുക്കുമെന്ന് കേട്ടപ്പോള്‍ സംഘപരിവാറുമായി വെള്ളപ്പള്ളി കൂട്ടുപിടിക്കുകയാണ് ചെയ്തത്.

സ്വന്തം വേലത്തരങ്ങള്‍ക്ക് മറയിടാനാണ് വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറിനെ കൂട്ടുപിടിക്കുന്നത്. ശ്രീനാരായണ ദര്‍ശനങ്ങളെ അടിയറവെക്കാനുള്ളശ്രമമാണ് ഇവിടെ നടക്കുന്നത്. മതത്തിന്റെപേരിലുള്ള രാഷ്ട്രീയം ഉണങ്ങാത്ത മുറിവുകളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.