മോദിയുടെ സോഷ്യല്‍ മീഡിയ ഭ്രമത്തിനെതിരെ ശിവസേന; നെഹ്‌റുവിനേയും ഇന്ദിരയേയും മന്‍മോഹന്‍ സിങ്ങിനേയും മാതൃകയാക്കാന്‍ ഉപദേശം

single-img
30 September 2015

modi_mannkibaat_address_air_650മുംബൈ: സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തിയും ശിവസേന രംഗത്ത്.  അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മോദിയുടെ അതിയായ സോഷ്യല്‍ മീഡിയ ഭ്രമത്തിനെതിരെ ശിവസേന കോണ്‍ഗ്രസ് നേതാക്കളെയാണ് മാതൃകയാക്കാന്‍ ഉപദേശിക്കുന്നത്.

സോഷ്യല്‍ മീഡിയവഴിയും അല്ലാതെയും മോദിക്ക് പ്രശസ്തിയുണ്ടെന്ന് പറഞ്ഞ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സോഷ്യല്‍ മീഡിയ ഇല്ലാതെ തന്നെ പ്രശസ്തരായിരുന്നുവെന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു.

മോദിക്ക് വിദേശരാജ്യങ്ങളില്‍ പ്രശസ്തി ലഭിക്കുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍, ഇന്ത്യയുടെ കീര്‍ത്തി ലോകത്തെത്തിച്ച മറ്റു നേതാക്കളെ വിസ്മരിക്കുന്നത് ശരിയല്ല. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങും നരസിംഹറാവുവും വിലപ്പെട്ട സംഭവാനകളാണ് രാജ്യത്തിന് നല്‍കിയതെന്ന് ശിവസേന പറയുന്നു.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്‌കരണമാണ് ഇന്ത്യയെ ശരിയായ ദിശയിലെത്തിച്ചതെന്ന് പറഞ്ഞ ശിവസേന, രാഷ്ട്രീയമായി എതിര്‍പ്പുകള്‍ക്കിടയിലും അവരുടെ സംഭാവനകളെ മാനിക്കുന്നതായും മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി.