നേപ്പാളില്‍ 42 ഇന്ത്യന്‍ ചാനലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി

single-img
30 September 2015

nepalകാഠ്മണ്ഡു : നേപ്പാളില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ഇന്ത്യ അനൗദ്യോഗികമായി നേപ്പാളിലേക്ക് ചരക്കെത്തിക്കുന്നതില്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു എന്നാരോപിച്ചാണ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് 42 ഇന്ത്യന്‍ ചാനലുകളെ വിലക്കിയത്.

ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ചരക്കിന് യാതൊരു ഉപരോധവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ചരക്കെത്താതെന്നുമാണ് ഇന്ത്യയുടെ വിശദീകരണം.നേപ്പാള്‍ അംഗീകരിച്ച പുതിയ ഭരണഘടനയെ ചൊല്ലി തെക്കന്‍നേപ്പാളില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ചരക്കുകള്‍ കയറ്റിയ ട്രക്കുകള്‍ ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

മുന്‍ മാവോയിസ്റ്റ് പാര്‍ട്ടിയാണ് ഇന്ത്യന്‍ സിനിമക്കും ടിവി ചാനലുകള്‍ എതിരെ ക്യാമ്പയിന്‍ ആദ്യം തുടങ്ങിയത്. ചാനലുകള്‍ക്കേര്‍പ്പെടുത്തിയ ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് നേപ്പാള്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിബിസിയോട് പറഞ്ഞു. കാഠ്മണ്ഡുവിലെ സിനിമ തിയ്യേറ്ററുകളില്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്.

നേപ്പാളിലേക്ക് ചരക്കെത്തിക്കുന്നത് ഇന്ത്യ മന:പൂര്‍വ്വം തടഞ്ഞിരിക്കുകയാണെന്നും നേപ്പാളിന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്‍ ഇന്ത്യ അനാവശ്യമായി ഇടപെടുന്നതായും ആരോപിച്ച് ഇന്ത്യക്കെതിരെ വന്‍പ്രതിഷേധമാണ് നേപ്പാളില്‍ നടന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും പ്രക്ഷോഭക്കാര്‍ പ്രതിഷേധിച്ചു.