പുത്തൻ തലമുറയിലെ ഫിഗോ ഇന്ത്യയിൽ; വില 4.29 ലക്ഷം മുതൽ

single-img
29 September 2015

image (1)അമേരിക്കൻ വാഹനനിർമ്മാതാക്കളായ ഫോർഡ് അവരുടെ പുത്തൻ തലമുറയിൽപ്പെട്ട ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിലെത്തിച്ചു. പെട്രോൾ വേരിയന്റിന് 4.29 ലക്ഷം മുതലും ഡീസലിന് 5.29 ലക്ഷം മുതലുമാണ് ന്യൂഡൽഹിയിലെ എക്‌സ് ഷോറൂം വില.

അടുത്തിടെ വിപണിയിലെത്തിയ ഫിഗോ അസ്പയർ കോംപാക്ട് സെഡാനിന്റെ രൂപസൈലിയിൽ തന്നെയാണ് പുതിയ ഫിഗോയും എത്തുന്നത്. ഡിക്കി ഇല്ല എന്നത് മാത്രമാണ് വ്യത്യാസം.  അസ്പയറിന്റെ അതേ പ്ലാറ്റ്‌ഫോം പങ്കുവയ്ക്കുന്ന കാറാണ് ഫിഗോ. ഗ്രിൽ, ഹെഡ് ലാമ്പുകൾ, ബമ്പറുകൾ, ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം അസ്പയറന്റേതുതന്നെ.

88 പി.എസ് പരമാവധി കരുത്തും 102 എന്‍.എം ടോർക്കും നല്‍കുന്ന 1.2 ലിറ്റർ പെട്രോള്‍ എന്‍ജിനും 100 പി.എസ് പരമാവധി കരുത്തും 204 എന്‍.എം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഡീസൽ എന്‍ജിനുമാണ് ഫിഗോ ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. പെട്രോള്‍ ഫിഗോയ്ക്ക്  18.16 കിലോമീറ്ററും ഡീസൽ വേരിയന്റിന് 25.83 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് ഫോർഡിന്റെ അവകാശവാദം. ഒരു ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റും ഫോർഡ് വിപണിയിൽ എത്തിച്ചിട്ടുണ്ട്.

 

ഫിഗോയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി എ.ബി.എസ് സംവിധാനവും എയര്‍ ബാഗുകളും ഉൾപ്പെടുത്തി. എന്നാൽ അടിസ്ഥാന വേരിയന്റിൽ ഡ്രൈവർ എയർബാഗ് മാത്രമാണുള്ളത്. തൊട്ടടുത്ത വേരിയന്റുകളിലെല്ലാം രണ്ട് എയർബാഗുകളുണ്ട്. ഹാച്ച്ബാക്ക് സെഗ്മെന്റിൽ  ആദ്യമായി ആറ് എയർബാഗുകളും ഫിഗോയുടെ ഉയർന്ന വേരിയന്റിൽ  വരുന്നുണ്ട്.

സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്, പാർക്കിങ് സെന്‍സറുകൾ, വോയ്‌സ് കമാന്‍ഡ് സിങ്ക് സംവിധാനം, യു.എസ്.ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഇലക്ട്രിക്കലായി നിയന്ത്രിക്കാവുന്ന റിയർവ്യൂ മിററുകൾ, ഫ്ലാറ്റ് ഫോള്‍ഡിങ് പിൻസീറ്റ്, ലെതർ സീറ്റുകൾ എന്നിവയെല്ലാം ഫിഗോ ഹാച്ച്ബാക്കിന്റെ ഈ വിഭാഗത്തിലെ മറ്റു വാഹനങ്ങളുമായി കിടപിടിക്കത്തക്ക വിധം കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നു.

 

ഇന്ത്യൻ വിപണിയിൽ ഫോര്‍ഡിന്റെ ഏറ്റവും വിജയകരമായ മോഡലാണ് ഫിഗോ. മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റാ ബോള്‍ട്ട്, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10 എന്നിവയുമായി നേരിട്ട് മത്സരിക്കാനായാണ് പുത്തൻ ഫിഗോ എത്തുന്നത്.