മെഴ്‌സിഡീസ് മേബാക്ക് എസ്-500 ഇന്ത്യയിൽ അസംബിൾ ചെയ്യുമെന്ന് ബെൻസ്

single-img
29 September 2015

 

download (2)മെഴ്‌സിഡീസ് മേബാക്ക് എസ് 500 ഇന്ത്യയിൽതന്നെ അസംബിൾ ചെയ്യുമെന്ന് ജര്‍മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ് പ്രഖ്യാപിച്ചു. ഇതുവരെ എസ്-ക്ലാസ് മോഡലുകളെല്ലാം പൂർണ്ണമായി വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരുന്നു വിപണനം നടത്തിയിരുന്നത്. ഇനിമുതൽ പുതിയ എസ് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ ഇറക്കുമതിചെയ്ത് ഇന്ത്യയിൽ തന്നെ അസ്സംബിൾ ചെയ്യാനാണ് ബെൻസ് തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ രാജ്യത്ത് അസംബിൾ ചെയ്യുന്ന ഏറ്റവും വിലയേറിയ ആഡംബര കാറാവും മേബാക്ക് എസ് 500. 1.67 കോടി രൂപയാവും ഇതിന്റെ പുണെയിലെ ഏകദേശവില. വർഷങ്ങള്‍ക്കുമുമ്പ് വിപണിയിൽനിന്ന് പിൻവലിച്ച മേബാക്ക് ബ്രാൻഡ് അടുത്തിടെയാണ് മെഴ്‌സിഡീസ് മേബാക്ക് എന്നപേരിൽ വീണ്ടും മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചത്.

ബെൻസിന്റെ അത്യാഡംബര ശ്രേണിയിൽപ്പെട്ട വാഹനമാണ് മേബാക്ക് എസ് 500. വാഹനം ഡ്രൈവ് ചെയ്യുന്നവരെക്കാൾ പിൻസീറ്റിൽ യാത്രചെയ്യുന്നവർക്കാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്. എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയ പിൻസീറ്റുകളാവും എസ്-500ന്. കൂടാതെ പിൻനിരയിലെ രണ്ട് യാത്രക്കാർക്കും പ്രത്യേക സീറ്റുകൾ നൽകിയിരിക്കുന്നു. ഉടമകളുടെ താത്പര്യം പരിഗണിച്ചാവും മേബാക്ക് എസ് 500 ന്റെ ഉൾവശത്തിന്റെ രൂപകൽപ്പന.

5250 ആർ.പി.എമ്മിൽ 465 പി.എസ് പരമാവധി കരുത്തും 1800 ആർ.പി.എമ്മിൽ 700 എൻ.എം പരമാവധി ടോർക്കും നൽകുന്ന 4.6 ലിറ്റർ വി 8 എൻജിനാണ് മേബാക്ക് എസ് 500 ന് കരുത്ത് നൽകുന്നത്. അഞ്ച് സെക്കൻഡുകൾകൊണ്ട്  100 km/hr വേഗമാർജിക്കാൻ വാഹനത്തിന് കഴിയും. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം.