കബളിപ്പിക്കള്‍ കണ്ടെത്തിയപ്പോള്‍ വിശദീകരണം:പ്രൊഫൈല്‍ മാറ്റത്തിനു പിന്നില്‍ ദുരുദ്ദേശ്യമില്ല

single-img
29 September 2015

mark-zuckerberg-internet-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കൻ സന്ദർശനത്തോടെ ഇന്ത്യയ്ക്ക് പല നേട്ടങ്ങളുമുണ്ടാകുമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക മേഖലകളിൽ ഇന്ത്യയ്ക്ക് വലിയ ഉയർച്ച ഉണ്ടാവുമെന്നായിരുന്നു ജനങ്ങളും പ്രത്യാശിച്ചിരുന്നത്. അമേരിക്കൻ സന്ദർശനത്തിനെത്തിയ മോഡി ഫേസ്ബുക്ക് ആസ്ഥാനം സന്ദർശിക്കുന്നതിന് മുൻപ് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തന്റെ പ്രൊഫൈൽ ചിത്രം തൃവർണ്ണത്തിലാക്കി ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പിന്തുണച്ചിരുന്നു. സുക്കർബർഗിനു പിന്നാലെ നരേന്ദ്ര മോഡിയും മറ്റു പ്രമുഖരും അവരുടെ പ്രൊഫൈൽ ചിത്രങ്ങളിളെ ഡിജിറ്റൽ ഇന്ത്യ പതിപ്പാക്കി മാറ്റി.. പിന്നീട് സാധാരണക്കാരും അത് പിന്തുടർന്നു.

ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് ഊർജ്ജം നൽകുന്ന ഫേസ്ബുക്ക് പിന്തുണ എന്ന രീതിയിലാണ് സുക്കർബർഗ് സപ്പോർട്ട് ഡിജിറ്റൽ ഇന്ത്യ കാമ്പെയ്നിങ് ആരംഭിച്ചത്. എന്നാൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ബിസിനസ്സ് തന്ത്രങ്ങളാണെന്ന് തെളിയുകയാണ്. ഡിജിറ്റൽ ഇന്ത്യയെ പിന്തുണക്കാനായി നമ്മൾ മുവർണ്ണത്തിൽ മാറ്റുന്ന പ്രൊഫൈൽ ചിത്രത്തിന്റെ സോർസ് കോഡ് നോക്കുകയാണെങ്കിൽ “ഇന്റര്‍നെറ്റ്.ഓർഗ്പ്രൊഫൈൽപിക്ചർ – പ്രൈഡ് അവതാർ”എന്ന് കാണാം. അതായത് ഇന്ത്യയെ പിന്തുണയ്ക്കുന്നവ്യാചേന ഇന്റർനെറ്റ് സ്വാതന്ത്രത്തെ(നെറ്റ് ന്യൂട്രാലിറ്റിയെ) ഹനിക്കുന്ന ഇന്റർനെറ്റ്.ഓർഗിന്റെ പ്രചരണമാണ് ഫേസ്ബുക്ക് നടത്തുന്നത്. വിവാദങ്ങളും വിമർശനങ്ങളും രൂക്ഷമായ വേളയിലാണ് മറുപടിയുമായി ഫേസ്ബുക്കിന്റെ വരവ്.

പ്രൊഫൈൽ ചിത്രം മാറ്റാനുള്ള ആപ്ലിക്കേഷനും ഇന്റർനെറ്റ്.ഓർഗിന്റെ പ്രചരണവുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നാണ് ഫേസ്ബുക്ക് വക്താവ് ക്രിസ് ഡാനിയൽസിന്റെ പ്രസ്താവന. സോർസ് കോഡിൽ ഒരു എൻജിനീയർ അബദ്ധത്തിൽ ഈ വാക്കുകൾ ഉപയോഗച്ചതാണെന്നും ഇതിന് ഉപയോക്താക്കൾ ഇന്റർനെറ്റ്.ഓർഗിനെ പിന്തുണയ്ക്കുന്നു എന്നർത്ഥമില്ലെന്നും ഡാനിയൽസ് പറയുന്നു. എന്നാൽ നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള നിലപാടുകൾ ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.

നെറ്റ് ന്യൂട്രാലിറ്റിയെ ഹനിച്ചുകൊണ്ട് ചുരുക്കം ചില വെബ്സൈറ്റുകളിലേക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന പദ്ധതിയാണ് ഇന്ത്യയിൽ ഫേസ്ബുക്കും റിലയൻസും ചേർന്ന് ആരംഭിച്ചത്.

നെറ്റ് ന്യൂട്രാലിറ്റി നിലനിർത്തണോ എന്നകാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി ട്രായ് നടത്തിയ അഭിപ്രായ സർവെയിൽ ഫെയ്‌സ്ബുക്കും അവരുടെ അഭിപ്രായം അറിയിച്ചിരുന്നു. ഫെയ്‌സ്ബുക്കിൽ ഇന്റർനെറ്റ്.ഓർഗിനെ പിന്തുണച്ചുകൊണ്ടു വന്ന കമന്റുകളും പോസ്റ്റുകളും പിഡിഎഫ് രൂപത്തിലാക്കി ഡ്രോപ്പ്‌ബോക്‌സിൽ അപ്ലോഡ് ചെയ്ത് ട്രായ്ക്ക്അതിന്റെ ലിങ്ക് കൈമാറിയിരുന്നു ഫെയ്‌സ്ബുക്ക്. എന്നാൽ ഫെയ്സ്ബുക്ക് ഇന്റർനെറ്റ്.ഓർഗിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ച് ഫെയ്‌സ്ബുക്ക് ക്യാംപെയിൻ നടത്തിയിരുന്ന അഭിപ്രായസർവെ പര്യാപ്തമായിരുന്നില്ല. “നിങ്ങൾ ഇന്ത്യയിൽഅടിസ്ഥാന ഇന്റർനെറ്റ് സേവനങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ‘യെസ്’ എന്ന ഓപ്ഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങൾക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ അവിടെ അവസരമുണ്ടായിരുന്നില്ല. അതായത് ഇതിലൂടെ നെറ്റ് ന്യൂട്രാലിറ്റിയെ ഇന്ത്യൻ ജനത അനുകൂലിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ ആയിരുന്നു അവരുടെ ഉദ്ദേശ്യം.

കൂടാതെ ഡിജിറ്റൽ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ‘നോ’ എന്നൊരു ഓപ്ഷനില്ല. ‘നോട്ട് നൗ’ എന്ന്മാത്രമാണുള്ളത്.

ലോഗിൻ ചെയ്യുമ്പോഴൊക്കെ നോട്ട് നൗ കൊടുത്തിട്ടും വീണ്ടും അത് സ്റ്റാറ്റസ് ബാറിൽപ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് തന്നെ നമ്മൾ ഡിജിറ്റൽ ഇന്ത്യയെ പിന്തുണയ്‌ക്കേണ്ടത് ഫെയ്‌സ്ബുക്കിന്റെ കൂടിആവശ്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ഇന്റർനെറ്റ്. ഓർഗ് അടിസ്ഥാനപരമായ ഇന്റർനെറ്റ് സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നത് തന്നെയാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്നതിലൂടെ അവർ ലക്ഷ്യം വെയ്ക്കുന്നത് സ്വാർത്ഥമായ വാണിജ്യലാഭം മാത്രമാണെന്നത് തെളിയുമെന്ന് കണ്ടപ്പോളാണ് ഫേസ്ബുക്ക് എങ്ങും തൊടാതെയുള്ള മറുപടിയുമായി രംഗത്ത് വന്നത്.കോടിക്കണക്കിനു ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഫേസ്ബുക്ക് കോഡ് റിവ്യൂ ചെയ്യാതെയാണു സപ്പോർട്ട് ഡിജിറ്റൽ ഇന്ത്യ അപ്പ് പുറത്തിറക്കിയെന്ന വാദം ടെക് ലോകത്തുള്ളവർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.