ചര്‍ച്ച പരാജയപ്പെട്ടു: തോട്ടം തൊഴിലാളി സമരം തുടരും

single-img
29 September 2015

munnar-samaramസ‌ർക്കാറിന്റെ മദ്ധ്യസ്ഥയിൽ തോട്ടം തൊഴിലാളി സംഘടനാ പ്രതിനിധികളും തോട്ടം ഉടമകളുമായി നടന്ന സമവായ ചർച്ച പരാജയപ്പെട്ടു. കുറഞ്ഞ കൂലി സംബന്ധിച്ച തര്‍ക്കമാണ് ചര്‍ച്ച രണ്ടാം തവണയും അലസിപ്പിരിയാന്‍ കാരണമായത്. ഇക്കാര്യം നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും.തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന നിലപാട് തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.

എന്നാല്‍, ഇത് അംഗീകരിക്കാന്‍ തോട്ടമുടമകള്‍ തയ്യാറായില്ല. തേയിലയ്ക്ക് വില കുറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉദ്പ്പാദനക്ഷമത കൂട്ടാതെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് തോട്ടമുടമകളുടെ നിലപാട്.

അതേസമയം തോട്ടങ്ങളിലെ സമരം തുടരുമെന്ന് തൊഴിലാളികള്‍ യൂണിയനുകള്‍ അറിയിച്ചു . ശനിയാഴ്ച നടന്ന സംയുക്തയോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ഭൂരിഭാഗം തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുൻ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച വീണ്ടും പ്ലാന്റേഷൻ ലേബർ കമ്മിറ്റി(പി.എൽ.സി)​ യോഗം ചേർന്നത്.