ഹൃദയാഘാതത്തിനുമപ്പുറം:താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാൽ ജീവിതത്തിന്റെ താളം തെറ്റില്ല

single-img
29 September 2015

health-680x446[quote]ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്‌. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിയുമെന്ന് സമീപകാല പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഹൃദയത്തിന്റെ പ്രാധാന്യം മറക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്തംബര്‍ 29 ‘ലോക ഹൃദയ ദിനം’ ആയി ആചരിക്കുന്നത്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും യുനെസ്‌കോയും ചേര്‍ന്നാണ് ലോക ഹൃദയ ദിനാചരണം നടത്തുന്നത്.ലോക ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞ് ജീവിതത്തിന്റെ താളം തെറ്റാതിരിയ്ക്കാനുള്ള വഴികളെക്കുറിച്ച് കിംസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം കൺസൽട്ടന്റ് ഡോ.മീരാ ആർ ഇ-വാർത്തയിൽ എഴുതുന്നു[/quote]

 
ഹൃദ്രോഗമെന്നാൽ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെ തുടർന്നുള്ള രോഗമാണ്. എന്നാൽ നിശബ്ദവും മാരകവുമായ മറ്റൊരു ഹൃദ്രോഗത്തെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരുകൂട്ടം നാഡികൾ ഹൃദയത്തിനുള്ളിൽ സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ താളപ്പിഴവുകൾ ഹൃദയമിടുപ്പ് ക്രമാതീതമായി വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശബ്ദമാണെങ്കിലും ഭയാനകമായ ഭവിഷ്യത്തുകൾ ഇതിന്റെ ഫലമായി സംഭവിക്കാം.തൽചുറ്റൽ, ബോധക്ഷയം, നെഞ്ചിടിപ്പ് തുടങ്ങിയവ ഇതിന്റെ രോഗലക്ഷണങ്ങളാണ്.

 

മറ്റു ചിലരിൽ ഇത് ഹൃദയപേശികളെ ബാധിച്ച് ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയുന്ന അവസ്ഥവരെ എത്തിച്ചേക്കാം. പേസ്മേക്കർ എന്ന ഉപകരണമാണ് ഇങ്ങനെയുള്ള അവസ്ഥകളിൽ ഘടിപ്പിക്കുന്നത്. പേസ്മേക്കർ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ‘ഹൃദയമിടിപ്പുകളുടെ ക്രമീകരണം’ എന്നാണ്. വളരെ കുറഞ്ഞ വേഗത്തിൽ പ്രവർത്തിക്കുന്ന ഹൃദയത്തിന്റെ ഗതിയെ തിരിച്ചറിഞ്ഞ് കൃത്യമായി ഹൃദയമിടിപ്പുകളെ പ്രദാനം ചെയ്യുക എന്നതാണ് ഈ ഉപകരണത്തിന്റെ ധർമ്മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടുപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയിൽ ഇതിനെ പ്രോഗ്രാം ചെയ്യുവാൻ സാധിക്കും.

 

രോഗിയുടെ ബോധം കെടുത്താതെ വളരെ ലളിതമായ ഒരു ശസ്ത്രക്രിയ വഴി പേസ്മേക്കർ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്റെ ഒരാധുനിക പതിപ്പാണ് ICD അഥവ Implantable Cardioverter Defibrillator. പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെ തുടർന്നുള്ള മരണത്തിൽ നിന്നും ‘ഷോക്ക്’ നൽകി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ യന്ത്രത്തിന് കഴിയും.

 

ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നുല്ല. ഹൃദയ പേശികളുടെ തളർച്ച മൂലം മരണം സംഭവിക്കുന്നത് സാധാരണയാണ്. ഹൃദയം മാറ്റിവയ്ക്കൽ (heart transplant) എന്ന അവാസാനവാക്കിന് തൊട്ടുമുൻപ് മറ്റൊരു തരത്തിലുള്ള പേസ്മേക്കർ ചില പ്രത്യേകതരം രോഗികളിൽ ഘടിപ്പിക്കാവുന്നതാണ്. ഇതിനെ കാർഡിയാക് റീസിങ്ക്രണൈസേഷൻ തെറാപ്പി (CRT) എന്ന് വിശേഷിപ്പിക്കുന്നു. സദാ പ്രവർത്തനക്ഷമമായ ഈ ഉപകരണം നല്ലൊരു ശതമാനം രോഗികളേയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഉപകരിച്ചിട്ടുണ്ട്.

 

മറ്റൊരു ചികിത്സാരീതിയായ ‘റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ’ ഹൃദയത്തിലെ ‘ഷോർട്ട് സർക്യൂട്ടുകളെ’ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നു. താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാൽ ജീവിതത്തിന്റെ താളം തെറ്റില്ല !

 

[quote]ഡോ:മീര ആർ:കിംസ് ആശുപത്രി കാർഡിയോളജി വിഭാഗം കൺസൽട്ടന്റ് ആണു ലേഖിക[/quote]