ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിന്റെ ഒര്‍ജിനലിനെ വെല്ലുന്ന വ്യാജനുമായി മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

single-img
29 September 2015

12074845_958605000852831_2645218166769216601_n

കായം കുളത്ത് വ്യാജ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. അതില്‍ ഒരാള്‍ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനും. പ്രതികളില്‍ നിന്നും 200 ലിറ്റര്‍ മദ്യവും കണ്ടെുത്തിട്ടുണ്ട്.

ഓട്ടോ ടാക്‌സിയില്‍ മദ്യം കടത്തുന്നതിനിടയില്‍ കായംകുളത്ത് എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവര്‍ പിടിയിലായത്. മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ കൃഷ്ണപുരം കാപ്പില്‍ മരങ്ങാട്ട് വടക്കതില്‍ ഹാരിജോണ്‍(46), അടൂര്‍ തെങ്ങമം ആര്യാഭവനില്‍ രവീന്ദ്രന്‍(രവി50) എന്നിവരാണ് അറസ്റ്റിലായത്.

മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മുതുകുളം സ്റ്റാര്‍ ജങ്ഷനില്‍ എക്‌സൈസ് സംഘം രണ്ടു ഭാഗങ്ങളിലായി നിന്ന് വാഹന പരിശോധന നടത്തി വരവെ പോലീസ് സംഘം കൈകാണിച്ചെങ്കിലും ഇവര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജീപ്പ് കുറുകെയിട്ട് ഇവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ ഏഴു ചാക്കുകളിലായി ഒരു ലിറ്ററിന്റെ 200 കുപ്പികളില്‍ സൂക്ഷിച്ച മദ്യം കണ്ടെത്തുകയായിരുന്നു. ഇത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിന്റെ വ്യാജ മദ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

കുപ്പികളില്‍ വ്യാജ ലേബലും ഹോളോഗ്രാമും പതിച്ചിട്ടുണ്ട്. തെങ്ങമം സ്വദേശി ശ്രീധരനാണ് മദ്യം ഇവരെ ഏല്‍പിച്ചതെന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. എന്നാല്‍ എക്‌സൈസ് സംഘം തെങ്ങമത്ത് ശ്രീധരന്റെ വീടും ചുടുക്കട്ട നിര്‍മാണ സ്ഥലവും പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. സര്‍വീസില്‍ ഇരിക്കെ വ്യാജ മദ്യലോപിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹാരിജോണിനെ പിരിച്ചുവിടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.