പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളില്‍ ജീവനുവേണ്ടി പോരാടിയ രണ്ടുവയസ്സുകാരനെ കപ്പും കുപ്പിയും ഉപയോഗിച്ച് ഇന്‍ഹേലര്‍ നിര്‍മ്മിച്ച് ഇന്ത്യക്കാരനായ ഡോക്ടര്‍ രക്ഷിച്ചു

single-img
29 September 2015

kurshid-guruപറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളില്‍ ജീവനുവേണ്ടി പോരാടിയ രണ്ടുവയസ്സുകാരനെ കപ്പും കുപ്പിയും ഉപയോഗിച്ച് ഇന്‍ഹേലര്‍ നിര്‍മ്മിച്ച് ഇന്ത്യക്കാരനായ ഡോക്ടര്‍ രക്ഷിച്ചു. ആസ്തമ കൂടി അവശനിലയിലായ കുട്ടിയെ അവിശ്വസനീയമായ രീതയില്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാണ് ഇന്ത്യന്‍ വംശജനും ന്യൂയോര്‍ക്കിലെ റോസ്‌വെല്‍ പാര്‍ക്ക് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റോബോട്ടിക് സര്‍ജറി വിഭാഗം ഡയറക്ടറുമായ ഡോ.ഖുര്‍ദിഷ് ഗുരു വീരനായകനായത്.

സ്‌പെയിനില്‍ നിന്നും അമേരിക്കയ്ക്കുള്ള എയര്‍ കാനഡ വിമാനത്തിലായിരുന്നു സംഭവം. അമേരിക്കയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ നാല് മണിക്കൂര്‍ കൂടി അവശേഷിക്കെയാണ് കുട്ടി ആസ്ത്മ കൂടി ശ്വാസം കിട്ടാതെ പിടഞ്ഞത്. കുട്ടിയുടെ മരുന്നുകള്‍ മാതാപിതാക്കള്‍ ചെക്കിന്‍ ചെയ്ത ബാഗില്‍ സൂക്ഷിച്ചതിനാല്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ല.

കുട്ടി മരുന്നും ഓക്‌സിജനും ഒരേസമയം ആവശ്യമായ അവസ്ഥയിലാരുന്നു. എന്നാല്‍ വിമാനത്തില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഇന്‍ഹേലര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹയാത്രികനായ ഡോ.ഖുര്‍ദിഷ് ഗുരു വെള്ളത്തിന്റെ കുപ്പി മുറിച്ച് ഒരു ഭാഗത്ത് ഓക്‌സിജന്‍ നിറച്ച് മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള ഇന്‍ഹേലര്‍ അതില്‍ ഘടിപ്പിച്ചു. എന്നാല്‍ കുട്ടി അത് തട്ടിമാറ്റുകയായിരുന്നു. ഉടന്‍ ഡോക്ടര്‍ കപ്പെടുത്ത് അതില്‍ ദ്വാരമിട്ട് കുപ്പിയില്‍ ഘടിപ്പിച്ചു. കപ്പ് കുപ്പിയുടെ മുഖത്ത് ചേര്‍ത്ത് പിടിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കള്‍ അപ്രകാരം ചെയ്തതോടെ അരമണിക്കൂറിനുള്ളില്‍ കുട്ടിയുടെ നില മെച്ചപ്പെടുകയായിരുന്നു.