ഉദ്ഘാടനത്തിന് നേരത്തെ എത്തിയ മന്ത്രിയെ നഗരസഭാകൗണ്‍സിലര്‍ പരിഹാസിച്ചു

single-img
29 September 2015

Babuകണ്ണൂര്‍: ഉദ്ഘാടനത്തിന് 10 മിനിറ്റ് നേരത്തെ എത്തിയ മന്ത്രിയെ നഗരസഭാകൗണ്‍സിലര്‍ പരിഹാസിച്ചു. സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ ആയിക്കരയില്‍ നഗരസഭ നിര്‍മ്മിച്ച ആധുനിക മീന്‍മാര്‍ക്കറ്റ് ഉദ്ഘാടനച്ചടങ്ങിലാണ് ഉദ്ഘാടകനായ മന്ത്രി കെ.ബാബു പരിഹാസം നേരിടേണ്ടിവന്നത്.

രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. 9.50ന് തന്നെ മന്ത്രി വേദിയിലെത്തി. ഈ സമയം മുഖ്യസംഘാടകരും ആളുകളുമൊന്നും എത്തിയിരുന്നില്ല. കൃത്യസമയത്ത് തന്നെ പ്രാര്‍ഥന ചൊല്ലാനും ചടങ്ങ് തുടങ്ങാനും മന്ത്രി മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇതോടെയാണ് നഗരസഭാ കൗണ്‍സിലര്‍ ടി.സി.താഹ മന്ത്രിയെ പരിഹസിച്ചത്. മുമ്പ് രണ്ടുമണിക്കൂര്‍ വൈകി ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഇന്ന് നേരത്തെയെത്തി ഷോ കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തുടര്‍ന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി സമയത്തിനെത്തിയതിന് എല്ലാവരോടും ക്ഷമചോദിച്ചു. തന്റെ പരിപാടിയില്‍ മീന്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഉണ്ടായിരുന്നില്ലെന്നും പാമ്പുരുത്തിയില്‍ മത്സ്യസങ്കേതം ഉദ്ഘാടനംകഴിഞ്ഞാല്‍ പിന്നെ ആയിക്കരയില്‍ മണ്ണെണ്ണ ബങ്ക് ഉദ്ഘാടനമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ അധികൃതരുടെ അഭ്യര്‍ഥന മാനിച്ചാണ് മീന്‍മാര്‍ക്കറ്റ് ഉദ്ഘാടനവും ഏറ്റത്. രാത്രി പത്തുമണിവരെയും പരിപാടികളില്‍ പങ്കെടുക്കണം. അതുകൊണ്ടാണ് കൃത്യസമത്ത് എത്തിയതെന്നും കൗണ്‍സിലര്‍ പറഞ്ഞതുപോലെ ഷോകാണിക്കാനല്ലെന്നും മന്ത്രി വിശദീകരിച്ചു.

പ്രസംഗത്തിനിടെ വേദിയിലെത്തിയ കെ.സുധാകരനോടും നേരത്തെ എത്തിയതിനാല്‍ താനിപ്പോള്‍ പ്രതിക്കൂട്ടിലാണെന്ന് മന്ത്രി പറഞ്ഞു. താന്‍ സമയത്തുവന്നത് കൗണ്‍സിലര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എല്ലാവരും വരാന്‍വേണ്ടിയാണ് നിലവിളക്കുകൊളുത്താതെ കാത്തുനിന്നതെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റില്‍നിന്ന് കിട്ടുന്ന വരുമാനത്തില്‍ ചെറിയൊരു പങ്ക് കെട്ടിടം വൃത്തിയായി സൂക്ഷിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും മാപ്പിളബേയില്‍ പുലിമുട്ട് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.