റെയില്‍വേ റിസര്‍വേഷനിലെ ‘വി.ഐ.പി പട്ടിക’യില്‍ നിന്നും എം.എല്‍.എമാര്‍ പുറത്ത്

single-img
29 September 2015

train11കാസര്‍കോട്: റെയില്‍വേ റിസര്‍വേഷനില്‍ ‘വി.ഐ.പി പട്ടിക’യില്‍ ഇനി എം.എല്‍.എമാരില്ല.  നക്ഷത്രചിഹ്നത്തോടുകൂടി എം.എല്‍.എ.മാര്‍ക്ക് ലഭിച്ചിരുന്ന  പരിഗണനയാണ് റെയില്‍വേ ഒഴിവാക്കിയത്. വി.ഐ.പി പരിഗണന ഇല്ലെങ്കിലും എം.എല്‍.എമാര്‍ക്ക് എമര്‍ജന്‍സി ക്വാട്ട തുടര്‍ന്നും ലഭിക്കുമെന്നാണ് റെയില്‍വേ പറയുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് എല്ലാ റെയില്‍വേ ഡിവിഷനുകളിലും എത്തി കഴിഞ്ഞു. മുന്‍ഗണനാപ്പട്ടികയില്‍ എം.പിക്ക് തൊട്ടു താഴെയാണ് എം.എല്‍.എമാരുടെ സ്ഥാനം.

നിലവില്‍ എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ എമര്‍ജന്‍സി ക്വാട്ടയില്‍ റിസര്‍വ് ചെയ്യുമ്പോള്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിന് അവരുടെ പേരിനൊപ്പം നക്ഷത്രചിഹ്നം രേഖപ്പെടുത്തും.  യാത്ര ആരംഭിക്കുന്നതിനുമുമ്പ് ചാര്‍ട്ട് തയ്യാറാക്കുമ്പോള്‍ വി.ഐ.പി പട്ടികയാണ് ആദ്യം തയ്യാറാക്കുക. ഓരോ തീവണ്ടിയിലും നിശ്ചിത ശതമാനം ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കാണ്.

നക്ഷത്രചിഹ്നം ഇല്ലാത്ത അവസ്ഥയില്‍ എമര്‍ജന്‍സി ക്വാട്ടയില്‍ അപേക്ഷ നല്‍കുമ്പോള്‍ ഇനി എം.എല്‍.എ ആണെന്ന വിവരം റെയില്‍വേയെ അറിയിക്കേണ്ടി വരും. എങ്കില്‍ മാത്രമേ  എം.എല്‍.എയ്ക്ക് എമര്‍ജന്‍സി ക്വാട്ട ലഭിക്കാന്‍ കൂടുതല്‍ പരിഗണന കിട്ടൂ. മുന്‍ഗണനാപ്പട്ടികയില്‍ 21-ാമതാണ് എം.പി മാരുടെ സ്ഥാനം. 21 ബി യിലാണ് എം.എല്‍.എ. മാര്‍ വരുന്നത്. 26 വിഭാഗങ്ങളിലായാണ് വി.ഐ.പി. പരിഗണന ലഭിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.