തമിഴ്‌നാട്ടില്‍ ഇനി മുതല്‍ ‘അമ്മ’ മൊബൈല്‍ ഫോണുകളും

single-img
29 September 2015

JAYALALITHAചെന്നൈ:  തമിഴ്‌നാട്ടില്‍ ഇനി മുതല്‍ ‘അമ്മ’ മൊബൈല്‍ ഫോണുകളും. സംസ്ഥാനത്തെ വനിതാ സ്വാശ്രയ സംഘങ്ങളിലെ പരിശീലകര്‍ക്കാണ് തുടക്കത്തില്‍ അമ്മ മൊബൈല്‍ ഫോണ്‍ ലഭിക്കുകയെന്ന് മുഖ്യമന്ത്രി ജയലളിത സംസ്ഥാന നിയമസഭയില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 20,000 ഫോണുകള്‍ വിതരണം ചെയ്യും. ഇതിനായി 15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.    തമിഴില്‍ തയ്യാറാക്കിയ പ്രത്യേക സോഫ്‌റ്റ്വേര്‍ മൊബൈല്‍ ഫോണുകളിലുണ്ടാകും.

പരിശീലകര്‍ക്ക് അംഗത്വം, സേവിംഗ്‌സ്, ലോണ്‍, തിരിച്ചടവ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍  സൂക്ഷിക്കുന്നതിന് ഈ സോഫ്‌റ്റ്വേര്‍ സഹായിക്കും.6.05 ലക്ഷം വനിതാ സ്വാശ്രയ സംഘങ്ങളിലായി 92 ലക്ഷം അംഗങ്ങളാണുള്ളത്.

അമ്മ കൈപേശി പദ്ധതിക്ക് കീഴിലാണ് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത്.അമ്മ കാന്റീന്‍, കുടിവെള്ളം, പച്ചക്കറി വില്പനശാല, ഉപ്പ്, മരുന്നു കടകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍, അമ്മ വിത്തുകള്‍, അമ്മ ജന സേവന കേന്ദ്രം, അമ്മ ശിശു സംരക്ഷണ സഞ്ചി, സിമന്റ് എന്നിവയാണ് ഇതിന് മുമ്പ് ജയലളിത സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍.