യോഗ പഠിക്കാന്‍ കേരളത്തില്‍ എത്തിയ ഖത്തര്‍ അമീറിന്റെ കുടുംബാംഗമായ ഡോ. ഷെയ്ഖ് അയിഷ ഇനി ദോഹയില്‍ യോഗ പരിശീലിപ്പിക്കും

single-img
28 September 2015

qatar-lady.jpg.image.784.410

യോഗയുടെ പെരുമ കടലും കടന്ന് ഖത്തറിലേക്ക്. യോഗയുടെ മാഹാത്മ്യം അറിയാനും പഠിക്കാനും ഖത്തര്‍ രാജകുടുംബത്തിലെ യുവതിയാണ് നേരിട്ടു തലസ്ഥാനത്തെത്തി 40 ദിവസത്തെ യോഗ പഠനത്തിനുശേഷം ദോഹയിലേക്ക് മടങ്ങുന്നത്. ഇനി ഇന്ത്യയുടെ യോഗ ഡോ. ഷെയ്ഖ അയിഷ ബിന്‍ദ് സല്‍മാന്‍ അല്‍താനിയെന്ന രാജകുടുംബാഗം ഖത്തറില്‍ പഠിപ്പിക്കും.

യോഗയോടുള്ള താല്‍പര്യം കൂടിയാണ് ബ്രിട്ടനില്‍ എട്ടു വര്‍ഷം താമസിച്ചു തത്വശാസ്ത്രത്തിലും കൗണ്‍സലിങ്ങിലും ഡോക്ടറേറ്റ് സമ്പാദിച്ച ഡോ. ഷെയ്ഖ അയിഷ കേരളത്തിലെത്തിയത്. യോഗ പരിശീലനത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഒടുവില്‍ കുറവന്‍കോണത്തെ ശാന്തി യോഗ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റിയറിഞ്ഞ അയിഷ പരിശീലനത്തിന് അവിടം തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു സഹോദരിമാര്‍ക്കൊപ്പം കഴിഞ്ഞ മാസം തിരുവനന്തപുരത്തെത്തിയ ഷെയ്ഖ അയിഷ യോഗയുടെ പ്രമുഖ രീതികള്‍ പഠിച്ചശേഷമാണ് സ്വദേശത്തേക്ക് വിമാനം കയറുന്നത്.

നാട്ടിലെത്തി ദോഹയിലെ തന്റെ സ്ഥാപനമായ യോഗഷ കൗണ്‍സലിങ് ആന്‍ഡ് യോഗ സെന്ററില്‍ വിപുലമായ പരിശീലന കേന്ദ്രം തുടങ്ങുകയാണു ലക്ഷ്യം. മനുഷ്യന്റെ ജീവിതയാത്രയില്‍ യോഗയും ധ്യാനവും ഒക്കെ അവശ്യഘടകമാണെന്നും യോഗയോടൊപ്പം ആയുര്‍വേദ ചികില്‍സാ രീതികളും കേരളീയ പാചകവും വരെ ഇവിടെനിന്നു പഠിക്കാനായെന്നും അയിഷ പറഞഞു. എന്നാല്‍ കുറച്ച് എരിവും പുളിയുമുള്ള കേരളീയ ഭക്ഷണത്തോട് ഇണങ്ങാന്‍ അല്‍പം ബുദ്ധിമുട്ടാണെന്നും അറേബ്യന്‍ ഭക്ഷണമെന്ന പേരില്‍ കേരളത്തിലെ ഹോട്ടലുകളില്‍ കിട്ടുന്നവ തനി അറേബ്യനല്ലെന്നുംഅയിഷ പറയുന്നു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി കുടുംബത്തില്‍പ്പെട്ട ഡോ. ഷെയ്ഖ, ഖത്തറില്‍ അറിയപ്പെടുന്ന ഫാമിലി കൗണ്‍സലറാണ്.