കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മലയാളിപ്പട ഹാക്ക് ചെയ്തു

single-img
28 September 2015

Pak

കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. ‘മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്ന് ഫേസ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട പാക്കിസ്ഥാന്‍ വെബ്‌സൈറ്റുകളുടെ പേരും ഇവര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രം കേരള വെബ്‌സൈറ്റില്‍പോസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി ഹാക്ക് ചെയ്ത പാക്ക് വെബ്‌സൈറ്റുകളില്‍ പാക്കിസ്ഥാന്‍ പതാക കത്തിക്കുന്ന ചിത്രവും ഇന്ത്യന്‍ സൈബര്‍ ഇടങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും മല്ലൂസ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ശക്തി തിരിച്ചറിയൂ എന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

http://jobz4pakistan.com/ http://pakimandi.com/ http://www.upr.edu.pk/ http://helpinghand.pk/ http://wwwt.radevision.com.pk/ http://www.ftpl.com.pk/ http://pwtd.org.pk/ http://www.solp.pk/ എന്നിവ മല്ലൂസ് ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ ചിലതാണ്.

ഓപ്പറേഷന്‍ പാക്ക് സൈബര്‍ സ്‌പെയ്‌സ് എന്നാണ് ഹാക്കര്‍മാര്‍ ഇതിന് പേരിട്ടിരിക്കുന്നത്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമല്ല. ഇതിനു മുന്‍പും ഈ സംഘം പാക്കിസ്ഥാന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. മുന്‍പ് നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു മല്ലു സൈബര്‍ സോള്‍ജ്യറിന്റെ മറുപടി.