മറ്റൊരു രാജ്യത്തിനുമില്ലാത്ത സംവിധാനങ്ങളോടുകൂടിയ ഇന്ത്യയുടെ അത്യാധുനിക ദൂരദര്‍ശിനി ഘടിപ്പിച്ച ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് ഇന്നു ഭ്രമണപഥത്തിലെത്തും

single-img
28 September 2015

Astro

ഇന്ത്യയുടെ അത്യാധുനിക ദൂരദര്‍ശിനി ഘടിപ്പിച്ച ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് ഇന്നു ഭ്രമണപഥത്തിലെത്തും. ശ്രീഹരിക്കോട്ടിയില്‍ നിന്നുള്ള ആസ്‌ട്രോസാറ്റിന്റെ വിക്ഷേപണത്തോടെ സ്വന്തമായി ബഹിരാകാശത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ദുരദര്‍ശിനിയുള്ള ഉപഗ്രഹം വിക്ഷേപിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ക്കാണു നിലവില്‍ സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പുള്ളത്.

മറ്റൊരു ടെലിസ്‌കോപ്പ് ഉപഗ്രഹത്തിനുമില്ലാത്ത അള്‍ട്രാവൈലറ്റ് മുതല്‍ എക്‌സ്‌റെ വരെയുള്ള തരംഗദൈര്‍ഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന വസ്തുക്കളെയും നിരീക്ഷിക്കാനുള്ള ശേഷിയാണ് ആസ്‌ട്രോസാറ്റിന്റെ പ്രത്യേകത. ഏറ്റവും പ്രശസ്തമായ ബഹിരാകാശ ടെലിസ്‌കോപ്പായ ഹബിള്‍ പോലും നമ്മുടെ ആസ്‌ട്രോസാറ്റിനു കീഴിലേ വരൂ എന്നുള്ളതും ഇതിന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നു. ആസ്‌ട്രോസാറ്റ് വിജയിക്കുമ്പോള്‍ ഇന്ത്യക്കു സ്വന്തമാകുന്നത് ഈ സംവിധാനത്തോടുകൂടിയ ടെലിസ്‌കോപ്പുള്ള ഏക രാജ്യമെന്ന പദവിയാണ്.

ഏകദേശം 178 കോടി രൂപ ചെലവിട്ടാണ് ആസ്‌ട്രോസാറ്റ് നിര്‍മിച്ചത്. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് (ഐഐഎസ്), രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, കനേഡിയന്‍ സ്‌പേസ് ഏജന്‍സി അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളാണ് ആസ്‌ട്രോസാറ്റിന്റെ നിര്‍മാണത്തില്‍ പങ്കുവഹിച്ചിട്ടുള്ളത്.

പിഎസ്എല്‍വി സി-30 ആണ് ആസ്‌ട്രോസാറ്റിനെ ബഹിരാകാശത്തെത്തിക്കുക. ഇന്നു രാവിലെ 10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സപേസ് സെന്ററില്‍ നിന്നാണു വിക്ഷേപണം. അമേരിക്കയുടെ ഉപഗ്രഹമടക്കം 6 ഉപഗ്രഹങ്ങള്‍ കൂടി പിഎസ്എല്‍വി സി 30 ഭ്രമണപഥത്തിലെത്തിക്കും. അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും കാനഡയുടെയും ഇന്തോനേഷ്യയുടെയും ഓരോ ഉപകരണങ്ങളുമാണ് ആസ്‌ട്രോസാറ്റിനൊപ്പം കുതിച്ചുയരുന്നത്.