വെറ്ററിനറി സര്‍വ്വകലാശാലാ ജീവനക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ വിഎസ് അച്യുതാനന്ദന് കാമ്പസിനുള്ളില്‍ വേദി നിഷേധിച്ചു

single-img
28 September 2015

vsതൃശൂര്‍: വെറ്ററിനറി സര്‍വ്വകലാശാലാ ജീവനക്കാരുടെ സംയുക്ത സംഘടന നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ  പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്  കാമ്പസിനുള്ളില്‍ വേദി നിഷേധിച്ചു. തുടര്‍ന്ന്, കാമ്പസിന് പുറത്തെ താല്‍കാലിക വേദിയിലാണ് പരിപാടി നടന്നത്. യോഗത്തില്‍ വെറ്ററിനറി സര്‍വ്വകലാശാലാ വിസിയ്ക്കെതിരെ വി.എസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആര്‍ക്കും വേണ്ടാതെ കടിച്ചു തൂങ്ങുന്ന വിസിയെ പുറത്താക്കണമെന്ന് വിഎസ്ആവശ്യപ്പെട്ടു.

ഇരിക്കുന്ന കസേരയുടെ ബലത്തില്‍ വേണ്ടാത്തത് ചെയ്യുന്നവര്‍ ഏകാധിപതികളുടെ അനുഭവം ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഡീന്‍ വിലക്കി.

വെറ്ററിനറി സര്‍വ്വകലാശാല ജീവനക്കാരുടെ സംയുക്ത സമര സമിതി സംഘടിപ്പിച്ച അനിശ്ചിത കാല പ്രക്ഷോഭപരിപാടിയാണ് വിലക്കിനെത്തുടര്‍ന്ന് വിവാദത്തിലായത്. സംഘടനാപ്രവര്‍ത്തകര്‍ക്കെതിരായ പ്രതികാര നടപടി അവസാനിപ്പിക്കുക, അമിത ഫീസ് വര്‍ധനയും സ്വകാര്യ വത്കരണ നടപടികളും പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരം.

അതേസമയം സര്‍വ്വകലാശാലാ രജിസ്ര്ടാറുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വ്വകലാശാലയ്ക്കുള്ളില്‍ പരിപാടി നടത്തുന്നതിന് അനുമതി നിഷേധിച്ചതെന്ന് ഡീന്‍. ഡോ. സിസിലാമ്മാ ജോര്‍ജ് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.