അപകടത്തില്‍പ്പെട്ട ഭാര്യയ്ക്ക് പ്രാണവായു നല്‍കി രക്ഷിച്ചതിനു ശേഷമാണ് തേഞ്ഞിപ്പാലം സ്വദേശി അബ്ദുറഹ്മാന്‍ മരണത്തിനു കീഴടങ്ങിയത്

single-img
26 September 2015

abdurahman-sulekha.jpg.image.784.410

മിനായിലെ ദുരന്ത ഭുമിയില്‍ അപകടത്തില്‍പ്പെട്ട ഭാര്യയ്ക്ക് പ്രാണവായു നല്‍കി രക്ഷിച്ചതിനു ശേഷമാണ് തേഞ്ഞിപ്പാലം സ്വദേശി അബ്ദുറഹ്മാന്‍ മരണത്തിനു കീഴടങ്ങിയത്. ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ടു വീണ ഭാര്യ സുലൈഖയ്ക്കു കൃത്രിമശ്വാസം നല്‍കിയശേഷം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുന്നതിനിടയില്‍ പെട്ടെന്നുണ്ടായ തിരക്കില്‍ ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹിമാന്‍ (51) പെട്ടുപോകുകയായിരുന്നു.

തിരക്കില്‍ അകലേക്ക് തെറിച്ചുവീണ ഭാര്യ സുലൈഖ (43) മദീനയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്. ജംറത്തുല്‍ അഖബയില്‍ കല്ലേറു കര്‍മം നടത്തി മടങ്ങുമ്പോള്‍ തിക്കിലും തിരക്കിലും പെട്ട് വീണ സുലൈഖ ബോധംകെടുകയായിരുന്നു. ഈ സമയം സുലൈഖയെ താങ്ങിയെടുത്ത് കൃത്രിമശ്വാസം നല്‍കി അബ്ദുറഹ്മാന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ശ്രമിക്കുമ്പോള്‍ പിറകില്‍ വന്ന ശക്തമായ തള്ളലില്‍പ്പെട്ടുപോകുകയായിരുന്നു.

അബ്ദുറഹിമാന്റെ പരേതരായ മാതാപിതാക്കളായ കോയയ്ക്കും ഖദീജയ്ക്കും വേണ്ടി ദമ്പതികള്‍ രണ്ടാംതവണയാണ് ഹജിനു പോയത്. രണ്ടുതവണ കൂടി കല്ലേറ് ബാക്കിനില്‍ക്കെയാണ് അബ്ദുറഹിമാനെ തേടി അപകടമെത്തിയത്. അപകടവിവരമറിഞ്ഞ ശേഷം അബ്ദുറഹിമാന്റെ സഹോദരിയുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ ഇന്നലെ മിനായില്‍ എത്തിയിരുന്നു.

റിയാദ് ന്യൂ സനയ്യ അല്‍ മുഹൈദിബ് വുഡ് ഇന്‍ഡസ്ട്രീസില്‍ 25 വര്‍ഷമായി സൂപ്പര്‍വൈസര്‍ ആയ അബ്ദുറഹിമാന്‍ അടുത്ത വര്‍ഷം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.