ഭക്ഷണവും വെള്ളവും കിട്ടാതെ ഉള്‍ക്കടലില്‍ അകപ്പെട്ട ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി

single-img
26 September 2015

warship_slns_samudura

ഉള്‍ക്കടലില്‍പ്പെട്ട ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന രക്ഷിച്ച് തീരത്ത് എത്തിച്ചു. രാമേശ്വരത്തുനിന്നും തിങ്കളാഴ്ചയാണ് ഇവര്‍ മീന്‍പിടിക്കാന്‍ ട്രോളറില്‍ കടലില്‍പോയത്. സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്നു നാട്ടുകാര്‍ ഇന്ത്യന്‍ തീരസേനയെ വിവരം അറിയിക്കുകയായിരുന്നു. തീരസേന കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ട്രോളര്‍ കണ്ടെത്താനായില്ല.

തുടര്‍ന്ന് ട്രോളര്‍ കണെ്ടത്തുന്നതിനു ശ്രീലങ്കന്‍ നാവികസേനയേയും ഇന്ത്യ സമീപിച്ചു. ശ്രീലങ്കന്‍ നാവികസേനയുടെ തെരച്ചിലിലാണ് തീരത്തുനിന്ന് അഞ്ചു നോട്ടിക്കല്‍ മൈല്‍ ദുരത്തില്‍ കേടായ നിലയില്‍ ട്രോളര്‍ കണെ്ടത്തിയത്. ഭക്ഷണവും വെള്ളവും കിട്ടാതെ ട്രോളറിലുണ്ടായിരുന്ന ആറുപേരും അവശനിലയിലായിരുന്നു.

തുടര്‍ന്ന് ലങ്കന്‍ സേന ട്രോളര്‍ കെട്ടിവലിച്ചു തലൈമാന്നാറിലേക്ക് എത്തിക്കുയും ആറു പേര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കിയശേഷം ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് ഇന്ത്യന്‍ തീരസേന സമുദ്രാതിര്‍ത്തിയിലെത്തി മത്സ്യത്തൊഴിലാളികളെ ട്രോളറുള്‍പ്പെടെ ഏറ്റുവാങ്ങി.

ഇന്നലെ പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ രാമേശ്വരത്തു തിരിച്ചെത്തി.