മഹാരാഷ്ട്രയില്‍ കൃഷി നഷ്ടം വന്ന് ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി വര്‍ഷങ്ങളായി താന്‍ സ്വരൂപിച്ച കുഞ്ഞു കുടുക്ക മുഖ്യമന്ത്രിക്ക് കൈമാറി രസിക മനോഹര്‍ എന്ന എട്ടുവയസ്സുകാരി

single-img
26 September 2015

Rasika

മഹാരാഷ്ട്രയില്‍ കൃഷിനാശം വന്ന് കഷ്ടത അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ രസികാ മനോഹര്‍ എന്ന എട്ടുവയസ്സുകാരി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് നല്‍കിയത് തന്റെ ചെറിയ സമ്പാദ്യം സൂക്ഷിച്ചുവെച്ചിരുന്ന കുടുക്ക. കര്‍ഷകര്‍ക്ക് വേണ്ടി രസിക നല്‍കിയ തുക ചെറുതായിരുന്നെങ്കിലും ആ വലിയ മനസ്സ് കണ്ടില്ലെന്ന് നടിക്കാന്‍ മുഖ്യമന്ത്രിക്കായില്ല. പ്രാധാന്യത്തോടെ തന്റെ ട്വിറ്ററില്‍ അദ്ദേഹം അത് പങ്കുവെച്ചു.

സിനിമയില്‍ തന്റെ പ്രിയ നടനായ ആമിര്‍ ഖാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടൊപ്പം നില്‍ക്കുന്ന ചിത്രം കണ്ട് അച്ഛനോടു ചോദിച്ച രസികയോട് ആമിര്‍ പാവപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ ചെക്കു കൈമാറുന്നതിന്റെ ദൃശ്യമാണതെന്ന് അച്ഛന്‍ പറഞ്ഞുകൊടുത്തിരുന്നു. അങ്ങനെയാണെങ്കില്‍ താനും ഇത്തരത്തില്‍ പണം നല്‍കിയാല്‍ തന്റെ ചിത്രവും ഇങ്ങനെ വരുമോ എന്നവള്‍ ചോദിച്ചപ്പോള്‍ വരുമെന്ന് അച്ഛന്‍ വെറുതേ മറുപടി പറയുകയും ചെയ്തു. അതോടെയാണ് രസിക തന്റെ വര്‍ഷങ്ങളായി സൂഷിച്ചുവെച്ചിരിക്കുന്ന കുഞ്ഞു കുടുക്ക കൈമാറാന്‍ തീരുമാനിച്ചത്.

കുഞ്ഞു രസികയുടെ തീരുമാനം തന്റെ മനസ്സിനെ സ്പര്‍ശിച്ചുവെന്നു പറഞ്ഞ് മുഖ്യമന്ത്രി ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയില്‍ അടുത്തിടെയുണ്ടായ വരള്‍ച്ചയില്‍ ഏതാണ്ട് 90 ലക്ഷം കര്‍ഷകരുടെ കൃഷിയാണ് നാശമായത്. അജിങ്ക്യ രഹാനെ, അക്ഷയ് കുമാര്‍, നാനാ പടേക്കര്‍, തുടങ്ങിയവര്‍ കര്‍ഷകരെ സഹായിക്കാന്‍ മുന്നോട്ടു വന്നിരുന്നു.