ബ്രൂസ് ലീയെ നെഞ്ചിലേറ്റിയ വഞ്ചിയൂർക്കാരൻ; ഇന്ത്യയുടെ ആദ്യ മലയാളി കരാട്ടെ പരിശീലകനായ ക്യോഷി വിനോദ് വി.വിയുടെ കായിക ജീവിതത്തിലൂടെ

single-img
26 September 2015

6സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ബ്രൂസ് ലീ ചിത്രങ്ങൾ കാണാൻ തുടങ്ങിയ വിനോദ് അന്നുമുതൽ ലീയുടെ കടുത്ത ആരാധകനായി മാറിയിരുന്നു. എന്നാൽ ബ്രൂസ് ലീയിലൂടെ വിനോദ് സ്നേഹിച്ചത് കരാട്ടെ എന്ന ആയോധന കലയെതന്നെയായിരുന്നു. ആയുധങ്ങളൊന്നും തന്നെ ഉപയോഗിക്കാതെ തികച്ചും ശരീരം കൊണ്ട് മാത്രം പ്രതിയോഗിയെ നേരിടുന്ന കലാപരമായ ആ വിദ്യകൾ ഇന്നും വിനോദിന്റെ മനസ്സിൽ കൗതുകമായി നിലകൊള്ളുന്നു. ഇന്ത്യൻ കരാട്ടെ ടീമിന്റെ പ്രഥമ മലയാളി കോച്ചായ ക്യോഷി വിനോദ് വി.വി. അദ്ദേഹത്തിന്റെ കരാട്ടെ ജീവിതത്തിന്റെ നാൾവഴികളിലൂടെ………..…

തിരുവനന്തപുരത്തെ വഞ്ചിയൂറിലാണ് വിനോദ് ജനിച്ചതും വളർന്നതും. കെ. വിശ്വനാഥന്റെയും ശ്രീമതി ഇന്ദിരയുടെയും മകനായി 1969ൽ ജനനം. ബ്രൂസ് ലീയോട് ഭ്രമമേറി കരാട്ടെ പഠിക്കാൻ വിനോദ് വീട്ടിൽ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചിരുന്നില്ല. പിന്നീട് അതിനോടുള്ള കടുത്ത അഭിനിവേഷം കാരണം വീട്ടുകാർ അറിയാതെയാണ് കരാട്ടെ അഭ്യസിച്ചത്. അങ്ങനെ ഹൈസ്കൂൾ പഠനകാലത്ത് കരാട്ടെ പഠിച്ചുതുടങ്ങി. പഠിച്ചുതുടങ്ങി അധികനാളാകുന്നതിന് മുൻപ്തന്നെ വിനോദ് കരാട്ടെ അഭ്യസിപ്പിക്കുന്ന പരിശീലകന്റെ റോളിലേക്കും കടന്നു. 1984ൽ വഞ്ചിയൂർ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചെറിയരീതിയിൽ അദ്ദേഹം പരിശീലിപ്പിക്കാൻ തുടങ്ങി.
10
വിനോദിന്റെ ജീവിതത്തിലെ ഒരു നാഴികകല്ലായി മാറിയത് അഭ്യാസ കളരിയാണ്. കരാട്ടെയുടെ ഉള്ളിലേക്കിറങ്ങി അതിൽ അന്തസത്തമായ പാഠങ്ങൾ അദ്ദേഹം മനസ്സിലാക്കാൻ ശ്രമിച്ചു. ഒരു പ്രതിരോധ ഉപാധി എന്നതിലുപരി മനസ്സിനെയും ജീവിതശൈലിയെയും ഒരുപോലെ നിയന്ത്രിക്കാവുന്ന കലയാണ് കരാട്ടെ എന്നദ്ദേഹം തിരിച്ചറിഞ്ഞു. അതിനാൽ സ്വയം കരാട്ടെ അഭ്യസിക്കുന്നതിനോടൊപ്പം മറ്റുള്ളവരിലേക്കും അത്  പകർന്ന്നൽകുക എന്ന അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ കടന്നുകൂടി. അന്നുമുതൽ കരാട്ടെയ്ക്കായി വിനോദ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിവച്ചു.

കരാട്ടെയിലൂടെ ജീവിതത്തിൽ അച്ചടക്കം സൃഷ്ടിക്കാൻ കഴിയുന്നു. കൂടാതെ മാനസികവും ശാരീരികവുമായ ഉണർവ്വും നൽകുന്നു എന്നാണ് വിനോദ് മാസ്റ്ററുടെ അഭിപ്രായം. അതിനെല്ലാം പുറമെ ജീവിതത്തിൽ ഏത് പ്രതിസന്ധികളേയും നേരിടാൻ കരാട്ടെ ഒരാളെ പ്രാപ്തനാക്കുന്നു. ഇങ്ങനെയൊരു നേർക്കാഴചയുള്ളത് കൊണ്ടാവാം വിനോദ് മാസ്റ്റർക്ക് മികച്ച ഒരു കാരാട്ടെ അധ്യാപകനായി തുടരാൻ കഴിയുന്നത്. 2000ൽ കോൽകത്തയിൽ വെച്ച് ദേശീയ കായിക ഇൻസ്റ്റിറ്റ്യൂട്ട് (N.I.S) കരാട്ടെ പരിശീലകരെ തെരെഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തിയ പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാമനായി വിനോദ് പാസ്സായി.

അങ്ങനെ സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ കരാട്ടെ കോച്ചായി യോഗ്യതനേടി വി.വി. വിനോദ്. 2013ൽ കേരള സർക്കാറിന്റെ ആദ്യത്തെ കോച്ചായി കേരളാ സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലിൽ അദ്ദേഹം നിയമിതനായി. കരാട്ടെയിൽ മുപ്പത് വർഷത്തിനപ്പുറം പരിജ്ഞാനാനുഭവമുള്ള വിനോദ് മാസ്റ്റർ നിരവധി ചാമ്പ്യൻഷിപ്പുകൾക്കും അർഹനായിട്ടുണ്ട്. ജില്ല കരാട്ടെ ചാമ്പ്യൻ പട്ടം, സംസ്ഥാന-ദേശീയ പട്ടങ്ങൾ, 2007ലെ ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ തുടങ്ങി ഇന്ന് ലോകത്ത് അപൂർവമായി മാത്രം ചിലർ കരസ്ഥമാക്കിയിരിക്കുന്ന ലോക കരാട്ടെ ഫെഡറേഷന്റെ 7th ഡിഗ്രീ ബ്ലാക്ക് ബെൽറ്റ് ജേതാവുമാണ് അദ്ദേഹം.

ഇപ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കരാട്ടെ പരിശീലകരിൽ ഒരാളാണ് വിനോദ് മാസ്റ്റർ. കരാട്ടെ അധ്യാപകരുടെ വലിയ പട്ടമായ ‘ക്യോഷി’ പരിശീലകനാണ് വിനോദ് കുമാർ. ക്യോഷി എന്നാൽ ജാപ്പനീസ് ഭാഷയിൽ കുടുംബത്തിലെ മുതിർന്ന വ്യക്തി എന്നാണ്. വിനോദ് മാസ്റ്റർക്ക് അത് ഏറെ യോജിക്കുന്നതുമാണ്. ഇന്ത്യൻ കരാട്ടെ കുടുംബത്തിലെ മുതിർന്ന അംഗം തന്നെയാണദ്ദേഹം. ഇന്ന് വിവിധ പ്രായത്തിലുള്ളവർ മാസ്റ്ററുടെ ശിഷ്യഗണത്തിൽ പെടുന്നു.

കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ(KAI) പ്രെസിഡന്റ് ശ്രീ കരാട്ടെ ആർ. ത്യാഗരാജൻ, ജനറൽ സെക്രട്ടറി ശ്രീ ഭരത് ശർമ എന്നിവർ വിനോദ് മാസ്റ്ററുടെ പരിശീലകവൃത്തിയിൽ, തന്നെ അകമഴിഞ്ഞ് സഹായിച്ചിരുന്നതായി അദ്ദേഹം ഓർമ്മിക്കുന്നു. നിരവധി സ്കൂളുകളിൽ കരാട്ടെ പരിശീലിപ്പിക്കുന്നതിനോടൊപ്പം സ്വന്തം സ്ഥാപനമായ വി.വി. ഹെൽത് ക്ലബ് & കരാട്ടെ ഡൊയിലും കരാട്ടെ അഭ്യസിപ്പിക്കുന്നു, കോച്ചും ഇന്ത്യൻ കായിക അതോറിറ്റി ചീഫ് ടെക്നിക്കൽ ഡയറക്ടറുമായ ക്യോഷി വിനോദ് കുമാർ.
15
പ്രായഭേതമന്യെ കരാട്ടെ പഠിക്കുന്നതിനായി തന്നെ സമീപികുന്ന എല്ലാവരേയും വിനോദ് മാസ്റ്റർ കരാട്ടെ അഭ്യസിപ്പിക്കുന്നു. മാസ്റ്ററുടെ കരാട്ടെ കളരിയിൽ അഞ്ച് വയസ്സ് മുതൽ അൻപത്തിയെട്ട് വയസ്സ് പ്രായമുള്ളവർ വരെ കരാട്ടെ പഠിക്കുന്നു. ഇത്തരത്തിൽ കരാട്ടെയുടെ മാന്ത്രികശക്തി പകർന്ന് നൽകി ആരോഗ്യമുള്ള ജീവിതങ്ങളെ പടുത്തുയർത്താനുള്ള ദൗത്യത്തിലാണ് വിനോദ് മാസ്റ്റർ.

മുപ്പത്തിയൊന്ന് വർഷം പിന്നിടുന്ന തന്റെ കരാട്ടെ പരിശീലകജീവിതത്തിൽ ഇതുവരെ 50,000ത്തോളം വിദ്യാർത്ഥികളെ മാസ്റ്റർ അഭ്യസിപ്പിച്ചു. അടുത്ത വർഷം ഇന്ത്യോനേഷ്യയിൽ നടക്കുന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ക്യോഷി വിനോദ് കുമാറിന്റെ ശിക്ഷണത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ലോക കരാട്ടെ മത്സരത്തിന് പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ മലയാളി കോച്ചുകൂടിയാണ് വിനോദ് മാസ്റ്റർ എന്ന പ്രത്യേകതയുമുണ്ട് ഇതിന്. തന്റെ മകൾ വർഷ വിനോദിനെയും അച്ഛന്റെ പാത പിന്തുടർന്ന്കൊണ്ട് കരാട്ടെയിൽ അഗ്രകണ്യയാക്കാനുള്ള മാസ്റ്ററുടെ ശ്രമം മുന്നേറുന്നു.

5ബിരുദവിദ്യാർത്ഥിനിയായ വർഷ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.  ഇതിനെല്ലാം പുറമെ ഒരു ബൃഹത്ത് സ്വപ്നംകൂടി മാസ്റ്ററുടെ മനസ്സിൽ ബാക്കി നിൽകുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലേയും പരമ്പരാഗത ആയോധനകലകൾ ഉൾപ്പെടുത്തി ഏകദേശം രണ്ടായിരത്തോളം കായികാർത്ഥികളെ പങ്കെടുപ്പിച്ച് അന്തർദേശീയതലത്തിൽ ആയോധനകലാമത്സരം തിരുവനന്തപുരത്ത് സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് വിനോദ് മാസ്റ്റർ. ഈ വർഷം ഡിസംബറിലാണ് മത്സരം നടത്താനാഗ്രഹിക്കുന്നത്.

പ്രസ്തുത സംരംഭം മുഖേന കേരള നിവാസികൾക്ക് ഭാരതത്തിലെ മറ്റു ആയോധനകലകളെ കുറിച്ച് അടുത്തറിയാൻകൂടി ഒരവസരം ഒരുക്കുകയാണ് വിനോദ് കുമാർ. കൂടാതെ കരാട്ടെ കോച്ചുകൂടിയായിരുന്ന അകാലത്തിൽ മരണപ്പെട്ട തന്റെ അനുജൻ വിഷ്ണുവിന്റെ സ്മരണാർത്ഥം സമർപ്പിക്കുകയുമാണ് ക്യോഷി വിനോദ്.