സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട മുൻ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടുമായുള്ള അഭിമുഖം

single-img
25 September 2015

സഞ്ജീവ് ഭട്ട്/സുധീഷ് സുധാകരൻ

Photo: Sudheesh Sudhakaran

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടുമായി സുധീഷ് സുധാകരൻ നടത്തിയ അഭിമുഖ സംഭാഷണം.

2002 ഫെബ്രുവരി 27ന് വിളിച്ചുകൂട്ടിയ പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ ഗോധ്ര സംഭവത്തില്‍ ‘രോഷം പ്രകടിപ്പിക്കാന്‍’ ഹിന്ദുക്കളെ അനുവദിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്ന് സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. അനുമതിയില്ലാതെ അവധിയെടുത്തു എന്ന് ചൂണ്ടിക്കാണിച്ചാണ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ അടുത്തിടെ പിരിച്ച് വിട്ടത്.

സുധീഷ് സുധാകരൻ: ഇരുപത്തിയേഴു വര്‍ഷത്തെ സര്‍വീസ് ഉള്ള താങ്കളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം , ഐ പി എസ് സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. എന്താണ് ഈ പിരിച്ചുവിടലിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം ?

സഞ്ജീവ് ഭട്ട്: മതിയായ കാരണങ്ങള്‍ ഉള്ളതായി എനിക്ക് തോന്നുന്നില്ല. അന്യായമായി ജോലിക്ക് ഹാജരാകാതെയിരുന്നു, ഔദ്യോഗിക വാഹനം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു, തുടങ്ങിയ ആരോപണങ്ങള്‍ ആണ് ഉന്നയിച്ചത്.ഇതൊന്നും ഒരു ഐ പി എസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാന്‍ മതിയായ കാരണങ്ങള്‍ അല്ല. 2002-ലെ കലാപങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഞാന്‍ മൊഴിനല്കിയതിനു ശേഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ എനിക്കെതിരെ പ്രതികാരനടപടികള്‍ ആരംഭിച്ചത്.എന്നെ അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം.

അവര്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം ഞാന്‍ അന്വേഷണത്തോട് സഹകരിച്ചില്ല എന്നതാണ്. എന്നാല്‍ എന്റെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റപത്രം അടങ്ങുന്ന രേഖകള്‍ എനിക്ക് കൈമാറാന്‍ ഒരിക്കല്‍പ്പോലും ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായില്ല. ഞാന്‍ ആവശ്യപ്പെട്ടിട്ട് പോലും അവര്‍ അത് തന്നില്ല. പിന്നെ എങ്ങനെ എനിക്ക് അതിനു മറുപടി കൊടുക്കാനോ അന്വേഷണത്തോട് സഹകരിക്കാനോ കഴിയും ? നാട്റെല്ലുള്ളവരെ നേരിടാന്‍ കഴിയാത്ത ആളുകള്‍ ഏകപക്ഷീയമായി അന്വേഷണം നടത്തി പുറത്താക്കുന്ന ആദ്യത്തെ ഐപിഎസ് ഓഫീസര്‍ ആയിരിക്കും ഞാന്‍.

സുധീഷ് സുധാകരൻ: ഇതിനിടെ താങ്കളുടെ പേരില്‍ ഒരു ലൈംഗികാപവാദക്കേസും ഗുജറാത്ത് സര്‍ക്കാര്‍ ആരോപിച്ചിരുന്നല്ലോ ? അത് വിശദീകരിക്കാമോ ?

സഞ്ജീവ് ഭട്ട്: 2014 മെയ്‌ രണ്ടാം തീയതിയാണ് തേജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ എന്ന വ്യക്തി എന്റേത് എന്ന പേരില്‍ ഒരു അശ്ലീല വീഡിയോ അയാളുടെ ട്വിട്ടര്‍ അക്കൌണ്ടില്‍ അപ്‌ലോഡ്‌ ചെയ്യുന്നത്. ഇതേ വ്യക്തി തന്നെയാണ് “നമോ പത്രിക “ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുന്നത്. ഭഗത്സിംഗ് ക്രാന്തി സേന എന്ന സംഘടന നടത്തുന്നതും ഇയാള്‍ തന്നെ. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെ കോടതി വളപ്പില്‍ വെച്ച് പരസ്യമായി മര്‍ദ്ദിച്ച ഗുണ്ടയാണ് ഇയാള്‍.

അത്തരത്തിലുള്ള ഒരു വ്യക്തി എന്റേതെന്ന പേരില്‍ അപ്‌ലോഡ്‌ ചെയ്തതും ഒറ്റനോട്ടത്തില്‍ ആര്‍ക്കും എന്റേതല്ല എന്ന് മനസ്സിലാകുന്നതുമായ ഒരു വീഡിയോയുടെ പേരിലാണ് ഗുജറാത്ത് സര്‍ക്കാര്‍ എനിക്ക് നോട്ടീസ് തന്നത്. ആ നോട്ടീസ് പോലും നിയമ വിരുദ്ധമാണ്. കാരണം ആഗസ്റ്റ്‌ പതിമൂന്നിനാണ് എന്നെ പിരിച്ചുവിടാനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുന്നത്.

പതിമൂന്നാം തീയതി പിരിച്ചുവിടപ്പെട്ട എന്നോട് പതിന്നാലാം തീയതി മേല്‍പ്പറഞ്ഞ വീഡിയോയുടെ പേരില്‍ വിശദീകരണം ചോദിക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശം ആണുള്ളത് ? ഇത് എന്നെ മനപ്പൂര്‍വ്വം വ്യക്തിഹത്യ ചെയ്യാനുള്ള പദ്ധതിയായിരുന്നു. എന്നിട്ടും ഞാന്‍ അവരുടെ ചോദ്യത്തിന് മറുപടി കൊടുത്തു. ആ വീഡിയോ എന്റേതല്ല എന്ന് എനിക്ക് ഉറപ്പുണ്ടെന്നും അത് തെളിയിക്കാന്‍ ഏതുതരത്തിലുള്ള ശാസ്ത്രീയ/ബയോമെട്രിക് പരിശോധനകള്‍ക്കും ഹാജരാകാന്‍ തയ്യാറാണ് എന്നും കാണിച്ചാണ് ഞാന്‍ മറുപടി കൊടുത്തത്.

 unnamed

സുധീഷ് സുധാകരൻ: 2002-ലെ കലാപത്തിനു ശേഷമാണ് സഞ്ജീവ് ഭട്ട് ഗുജറാത്ത് സര്‍ക്കാരിനെതിരെ മുന്നോട്ടു വരുന്നത്. 2002-ലെ കലാപമാണ്‌ ഗുജറാത്ത് ദര്‍ശിച്ച ഏറ്റവും വലിയ കലാപം എന്ന് പറയാന്‍ കഴിയുമോ ? അതിനു മുന്നേ സഞ്ജീവ് ഭട്ട് സര്‍വീസിലുണ്ട്. കലാപത്തിനു ശേഷം മോദിയെയും സംഘപരിവാറിനെയും ശക്തമായി വിമര്‍ശിച്ചു മുന്നോട്ടു വരാനുള്ള കാരണം എന്തായിരുന്നു ? അല്ലെങ്കില്‍ അതിന് മുന്നേ താങ്കളുടെ രാഷ്ട്രീയം എന്തായിരുന്നു ?

സഞ്ജീവ് ഭട്ട്: ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല.പതിറ്റാണ്ടുകളായി അവിടെ വിവിധ കലാപങ്ങള്‍ നടന്നു വരുന്നുണ്ട്. ഏറ്റവും കലാപകലുഷിതമായ അന്തരീക്ഷം നിലനിന്നിട്ടുള്ളത് എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപാദങ്ങളിലും ആയിരുന്നു.ബി ജെപി അധികാരത്തില്‍ വരുന്നതിനു ഏതാണ്ട് പത്തുവര്‍ഷം മുന്നേയുള്ള കാലഘട്ടത്തില്‍.

1969-ല്‍ ഗുജറാത്തില്‍ ഉണ്ടായ വര്‍ഗീയ കലാപം ഗുജറാത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാപങ്ങളില്‍ ഒന്നായിരുന്നു. പക്ഷേ ഇതെല്ലാം കലാപങ്ങള്‍ മാത്രമായിരുന്നു. രണ്ടു സമുദായങ്ങള്‍ ചില പോക്കറ്റുകളില്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ഏറ്റുമുട്ടുന്ന സാഹചര്യം ആയിരുന്നു ഇതിലെല്ലാം നമുക്ക് കാണാന്‍ സാധിച്ചത്.

Photo Courtesy: Manish Swarup/Associated Press

എന്നാല്‍ 2002-ല്‍ ഗുജറാത്തില്‍ നടന്നത് അത്തരത്തില്‍ ഒരു കലാപം ആയിരുന്നില്ല, മറിച്ചു ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ള ഒരു ആക്രമണം ആയിരുന്നു. അതുവരെ ഇവിടെ സംഭവിച്ചതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അത്. 2002-ലെ കലാപത്തെ ഒരിക്കലും മറ്റു കലാപങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. പക്ഷേ നിങ്ങൾക്ക് വേണമെങ്കില്‍ അതിനെ 1984-ലെ സിക്ക് വിരുദ്ധ കലാപവുമായി താരതമ്യം ചെയ്യാം. കാരണം,അത് സിക്കുകാരെ ലക്ഷ്യം വെച്ചുള്ള ഒരു ആക്രമണമായിരുന്നു. അതുപോലെ 2002-ലെ കലാപം മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ള ഒരു കലാപമായിരുന്നു. ഗോധ്രയിലെ ട്രെയിന്‍ കത്തിച്ച സംഭവത്തിന്റെ പ്രതികാരമെന്നോണമാണ് അത് നടപ്പിലാക്കിയത്. അത്തരം താരതമ്യങ്ങളില്ലാത്ത ഒരു സംഭവത്തിനെതിരെ പ്രതികരിക്കാതിരിക്കുക എന്നെപ്പോലെയുള്ളവര്‍ക്ക് സാധ്യമായിരുന്നില്ല.

സുധീഷ് സുധാകരൻ: ഗോധ്രാ സംഭവത്തെക്കുറിച്ചുള്ള നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് തീര്‍പ്പ് കല്‍പ്പിച്ചത് പ്രകാരം ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച സംഭവം ഒരു ആസൂത്രിതമായ ആക്രമണമാണ്.എന്നാല്‍ സാഹചര്യങ്ങളെ വിലയിരുത്തുന്ന ആര്‍ക്കും അതൊരു ആസൂത്രിത സംഭവമല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും.എന്നാല്‍ ഗോധ്രാനന്തര കലാപങ്ങള്‍ ആസൂത്രിതമാണെന്ന് ആരോപിക്കപ്പെടുന്നു. അഹമ്മദാബാദില്‍ കലാപം നടക്കുന്ന സമയത്ത് അഹമ്മദാബാദ് നഗരത്തിലെ ആഭ്യന്തര സുരക്ഷയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നല്ലോ താങ്കള്‍? അവിടെ നടന്ന കലാപം ആസൂത്രിതമാണ് എന്ന് പറയാനുള്ള സാഹചര്യം വിശദമാക്കാമോ ?

സഞ്ജീവ് ഭട്ട്: ഞാനെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ അത് ആസൂത്രിതമാണെന്ന് ? ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് അഹമ്മദാബാദിലെ കലാപം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണമായ പരാജയം കൊണ്ടുണ്ടായതാണ് എന്നാണു. അത് മുസ്ലീം സമുദായത്തിനെതിരായ ഹിംസയായിരുന്നു. ഭരണകൂടം ആ ഹിംസ സുഗമമാക്കിക്കൊടുത്തു എന്നതാണ് എന്റെ ആരോപണം. കാരണം അന്ന് ഹിന്ദുസംഘടനകളുടെ ഭാഗത്ത്‌ നിന്നുണ്ടായ രോഷം എങ്ങോട്ടെങ്കിലും തിരിച്ചു വിടേണ്ടത് മോദി സര്‍ക്കാരിന്റെ ആവശ്യമായിരുന്നു.

Photo Courtesy: AFP

അന്ന് ആ രോഷം മുസ്ലീങ്ങളുടെ നേരെ വഴി തിരിച്ചു വിട്ടില്ലായിരുന്നുവെങ്കില്‍ അത് ഭരിക്കുന്ന സര്‍ക്കാരിനെതിരെ തിരിഞ്ഞേനെ. മോദി സര്‍ക്കാര്‍ അധികാരമേറ്റു കുറച്ചുകാലമേ ആയിട്ടുള്ളൂ അന്ന്. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്ന വികാരം  ആര്‍ എസ് എസ് , ബജ്രംഗ് ദള്‍ തുടങ്ങിയ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയപ്പോള്‍ അത് സര്‍ക്കാരിനെതിരെ തിരിയാതെ നോക്കാന്‍ മോദി സര്‍ക്കാര്‍ എടുത്ത രാഷ്ട്രീയ അടവുനയമായിരുന്നു അത് മുസ്ലീങ്ങള്‍ക്ക് നേരെ വഴിതിരിച്ചു വിട്ട ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളെ നിര്‍ജ്ജീവമാക്കിക്കൊണ്ട് ഈ കൂട്ടക്കൊല സുഗമാമാക്കിക്കൊടുത്തത്. പോലീസിനോട് ഈ അക്രമത്തിനു നേരെ കണ്ണടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കാരണം അന്ന് ഹിന്ദുസംഘടനകളുടെ ഭാഗത്ത്‌ നിന്നുണ്ടായ രോഷം എങ്ങോട്ടെങ്കിലും തിരിച്ചു വിടേണ്ടത് മോദി സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. അന്ന് ആ രോഷം മുസ്ലീങ്ങളുടെ നേരെ വഴി തിരിച്ചു വിട്ടില്ലായിരുന്നുവെങ്കില്‍ അത് ഭരിക്കുന്ന സര്‍ക്കാരിനെതിരെ തിരിഞ്ഞേനെ. മോദി സര്‍ക്കാര്‍ അധികാരമേറ്റു കുറച്ചുകാലമേ ആയിട്ടുള്ളൂ അന്ന്. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്ന വികാരം  ആര്‍ എസ് എസ് , ബജ്രംഗ് ദള്‍ തുടങ്ങിയ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയപ്പോള്‍ അത് സര്‍ക്കാരിനെതിരെ തിരിയാതെ നോക്കാന്‍ മോദി സര്‍ക്കാര്‍ എടുത്ത രാഷ്ട്രീയ അടവുനയമായിരുന്നു അത് മുസ്ലീങ്ങള്‍ക്ക് നേരെ വഴിതിരിച്ചു വിട്ട ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളെ നിര്‍ജ്ജീവമാക്കിക്കൊണ്ട് ഈ കൂട്ടക്കൊല സുഗമാമാക്കിക്കൊടുത്തത്. പോലീസിനോട് ഈ അക്രമത്തിനു നേരെ കണ്ണടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

സുധീഷ് സുധാകരൻ: ഗുജറാത്ത് കലാപത്തെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും നമ്മള്‍ വംശഹത്യയെക്കുറിച്ചും വംശീയ അജണ്ടയെക്കുറിച്ചും മാത്രമേ സംസാരിക്കാറുള്ളൂ. ഗുജറാത്ത് കലാപത്തില്‍ എന്തെങ്കിലും കോര്‍പ്പറേറ്റ് അജണ്ട ഉണ്ടായിരുന്നോ ?

സഞ്ജീവ് ഭട്ട്: അങ്ങനെ ഒരു വലിയ കോര്‍പ്പറേറ്റ് അജണ്ട ഉണ്ടായിരുന്നു എന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ കലാപം തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അത്തരം ചില ലക്ഷ്യങ്ങളെക്കൂടി കലാപം ഉള്‍ക്കൊള്ളാന്‍ തുടങ്ങി. അതായതു അഹമ്മദാബാദിലെ ചില വ്യവസായികപ്രാധാന്യമുള്ള പ്രദേശങ്ങള്‍ മുസ്ലീങ്ങളുടെ കൈവശം ഉണ്ടായിരുന്നു. അവിടങ്ങളില്‍ നിന്നും മുസ്ലീങ്ങളെ ഒഴിപ്പിക്കുക എന്ന തരത്തിലെയ്ക്ക് കലാപത്തിന്റെ ദിശ ചിലപ്പോഴെങ്കിലും മാറിയിരുന്നു. സ്വാഭാവികമായും തങ്ങളുടെ സ്വത്തുക്കള്‍ കിട്ടിയവിലയ്ക്ക് വിറ്റിട്ട് പോകാന്‍ ഇവര്‍ നിര്‍ബ്ബന്ധിതരായി.

ഇതിന്റെ ഗുണഭോക്താക്കളായി മാറിയത് ചില ഹിന്ദുത്വ രാഷ്ട്രീയക്കാരും അവരോടു ചേര്‍ന്ന് നില്‍ക്കുന മുസ്ലീം വ്യാപാരികളും ആയിരുന്നു. സര്‍ഖേജ് പോലെയുള്ള സ്ഥലങ്ങളില്‍ നിന്നും മുസ്ലീങ്ങളെ ഒഴിപ്പിച്ചത് ഇതിനുവേണ്ടി മാത്രമായിരുന്നു. മുന്‍പ് നടന്ന കലാപങ്ങള്‍ പരിശോധിച്ചാലും ഇത്തരം ഭൂമാഫിയകളുടെ അജണ്ടകള്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മനസ്സിലാക്കാം.

സുധീഷ് സുധാകരൻ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍/കഥകള്‍ ഉണ്ട്. ഗര്‍ഭിണിയുടെ വയറു കുത്തിപ്പിളര്‍ന്ന് ഭ്രൂണം പുറത്തെടുത്തു തീയിലിട്ടു കരിച്ചതുപോലെയുള്ള സംഭവങ്ങള്‍. ഇപ്പോള്‍ ബിജെപി നടത്തുന്ന പ്രചാരണം, ഈ കഥകള്‍ ഒക്കെ കള്ളക്കഥകള്‍ മാത്രമാണെന്നാണ്. എന്താണ് സത്യം ?

സഞ്ജീവ് ഭട്ട്: ഈ കഥകള്‍ ആണോ പ്രധാനം അതോ ആയ്രത്തിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു എന്നതാണോ? അത് ഗുജറാത്ത് സര്‍ക്കാര്‍ തന്നെ അംഗീകരിച്ച കാര്യമാണല്ലോ? അപ്പോള്‍ ഒരു കാര്യം സത്യമാണ്. ഗുജറാത്തിലെ മുസ്ലീങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആ പരാജയം മനപ്പൂര്‍വ്വമാണോ എന്നതാണ് അടുത്ത ചോദ്യം.

ഇത്തരം കഥകള്‍ പറഞ്ഞത്‌ മറ്റാരുമല്ല അത് ചെയ്തവര്‍ തന്നെയല്ലേ? ബാബു ബജ്രംഗി തന്നെയല്ലേ ക്യാമറയുടെ മുന്നില്‍ പറഞ്ഞത് തങ്ങള്‍ ഗര്‍ഭിണിയുടെ വയര്‍ കുത്തിപ്പിളര്‍ന്ന് കുട്ടിയെപ്പുറത്തെടുത്ത കാര്യം ? അപ്പോള്‍ ഈ കഥകള്‍ തന്നെ ഉണ്ടായതൊന്നുമല്ല.

ഇവിടെ ഈ കഥകള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. നമ്മള്‍ ഉയര്‍ത്തേണ്ടത് അല്‍പ്പം കൂടി വിശാലമായ ചോദ്യങ്ങള്‍ ആണ്. ഒരു സര്‍ക്കാരിന് പക്ഷപാതപരമായി പെരുമാറാന്‍ അവകാശമുണ്ടോ? ഒരു സമുദായത്തെ കൂട്ടക്കൊല ചെയ്യാനും കൊള്ളയടിക്കാനും സര്‍ക്കാര്‍ തന്നെ കൂട്ട് നില്‍ക്കാമോ? ഇത്തരം ചോദ്യങ്ങള്‍ക്കാണ്‌ പ്രാധാന്യം.

സുധീഷ് സുധാകരൻ: ഗുജറാത്ത് വംശഹത്യക്ക് ശേഷം കോണ്ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു, ഇത്രയും കാലം ഭരിച്ചു. എന്നിട്ടും കലാപവുമായി ബന്ധപ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനോ ശിക്ഷ വാങ്ങിക്കൊടുക്കാനോ കൊണ്ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്രയും പിന്തുണയോടെ മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നെങ്കില്‍ തീര്‍ച്ചയായും കൊണ്ഗ്രസ്സിനും അതില്‍ പങ്കില്ലേ? അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കൊണ്ഗ്രസ്സിനു ഒഴിഞ്ഞു മാറാന്‍ സാധിക്കുമോ ?

സഞ്ജീവ് ഭട്ട്: തീര്‍ച്ചയായും കൊണ്ഗ്രസ്സിനു അതില്‍ വലിയ പങ്കുണ്ട്. അത് ഗുജറാത്തില്‍ ആയാലും ദേശീയതലത്തില്‍ ആയാലും മോദിയ്ക്ക് വളരാനും തന്റെ നീരാളിക്കൈകള്‍ ആവുന്നത്ര വ്യാപിപ്പിക്കാനുമുള്ള സ്പെയ്സ് നല്‍കിയത് കോണ്ഗ്രസ് ആണ്. വംശഹത്യയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുന്നതുവരെയുള്ള കാലഘട്ടത്തില്‍ മോഡി വെല്ലുവിളിക്കപ്പെടാത്ത ഒരു നേതാവായി മാറിയത് കോണ്‍ഗ്രസ്‌സിന്റെ അനാസ്ഥയല്ലാതെ മറ്റെന്താണ്? മോഡിയുടെ വികസനകഥകളെപ്പോലും ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ്‌ കാണിച്ചില്ല. മോദിയെ അളക്കുന്നതില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍.

സുധീഷ് സുധാകരൻ: മോദി ദേശീയതലത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടത് , ഗുജറാത്ത് വികസനത്തിന്റെ കഥകള്‍ പറഞ്ഞാണു.എന്താണ് ഗുജറാത്ത്തില്‍ മോഡി നടത്തിയ വികസനത്തിന്റെ യഥാര്‍ത്ഥ്യം ?

സഞ്ജീവ് ഭട്ട്: ഗുജറാത്ത് എല്ലാ കാലത്തും വികസിതമായിരുന്നു. മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ മികച്ചതായിരുന്നു. മോഡിക്ക് മുന്നേയും അങ്ങനെ തന്നെയായിരുന്നു. ഗുജറാത്തികളുടെ കച്ചവടത്തിലുള്ള കഴിവും ഗുജറാത്തിന്റെ ഭൂമിശാസ്ത്രവും എല്ലാം അതിന്റെ കാരണങ്ങളാണ്. ഒരു വശത്ത് അറേബ്യന്‍ കടല്‍ത്തീരം , സമുദ്രം വഴിയുള്ള വ്യാപാരം ഇതൊക്കെ ഗുജറാത്തിനെ എല്ലാക്കാലത്തും സമ്പന്നമാക്കി നിര്‍ത്തിയിരുന്നു. ഇതൊന്നും മോദി കാരണമോ മറ്റേതെങ്കിലും മുഖ്യമന്ത്രി കാരണമോ അല്ല. ഇനി ആര്‍ക്കെങ്കിലും അതിന്റെ ക്രെഡിറ്റ് എടുത്തേ തീരൂ എന്നുണ്ടെങ്കില്‍ അവര്‍ എടുത്തോട്ടെ.

സുധീഷ് സുധാകരൻ: ഗുജറാത്തിലെ മുസ്ലീങ്ങള്‍, ദളിതര്‍ തുടങ്ങിയവരുടെ ഒരു സ്റ്റാറ്റസ് എന്താണ് ?

സഞ്ജീവ് ഭട്ട്: ചുറ്റുമുള്ള മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ അവര്‍ക്ക് മെച്ചപ്പെട്ട അവസ്ഥ ഉണ്ടെന്നു പറയാം. പക്ഷെ മുസ്ലീങ്ങളും ദളിതരും അനുഭവിക്കുന്ന വിവേചനം മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ ഇവിടെ അഹമ്മദാബാദില്‍ത്തന്നെയുള്ള മുസ്ലീം ഭൂരിപക്ഷ, ദളിത്‌ ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോയി നോക്കൂ. ഉദാഹരണത്തിന് ജുഹാപുര,തീന്‍ ദര്‍വാജാ, ലാല്‍ ദര്‍വാജാ തുടങ്ങിയ സ്ഥലങ്ങള്‍ അഹമ്മദാബാദില്‍ത്തന്നെയുണ്ടല്ലോ? അവിടുത്തെ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് നിങ്ങള്‍ക്ക് നേരിട്ട് കാണുവാന്‍ സാധിക്കും.

2007-ലാണ് മോഡി സര്‍ക്കാര്‍ “നിര്‍മ്മല്‍ ഗുജറാത്ത്” എന്ന ശുചീകരണ പദ്ധതി തുടങ്ങിയത്. എട്ടുവര്‍ഷമായി തുടരുന്ന ഈ പദ്ധതിനാടകം കൊണ്ട് ഗുജറാത്ത് എന്ത് നേടി എന്നും നിങ്ങള്‍ക്ക് അവിടങ്ങളില്‍ നേരിട്ട് കാണുവാന്‍ കഴിയും. ശുചീകരണത്തിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പോലും വികസിപ്പിക്കാതെ അതിന്റെ പരസ്യത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.ആകര്‍ഷകമായഗ്രാഫിക്സ് ഉപയോഗിച്ചുള്ള ഈ പരസ്യങ്ങളുടെ അതെ മാതൃകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും നടത്തുന്നത്. നിര്‍മ്മല്‍ ഗുജറാത്തിന്റെ ദേശീയ പതിപ്പായി മോഡി സ്വച്ച് ഭാരത്‌ തുടങ്ങിയിട്ടുണ്ടല്ലോ? ഇതേ പരിപാടികള്‍ തന്നെയാണ് അവിടെയും നടക്കുന്നത്.

സുധീഷ് സുധാകരൻ: ബി ജെ പിക്കാര്‍ പലപ്പോഴും താങ്കള്‍ക്കെതിരെ ഉന്നയിക്കുന്ന ഒരു ആരോപണം താങ്കള്‍ കോണ്‍ഗ്രസിന്റെ ഒരു എജന്റ് ആണ് എന്നാണു. താങ്കളുടെ ഭാര്യ ശ്വേതാ ഭട്ട് മോദിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇത്തരത്തിലുള്ള അധികാര രാഷ്ട്രീയം ആണ് മോദിയെ എതിര്‍ക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്ന് ആരോപിച്ചാല്‍ എന്ത് മറുപടിയുണ്ട് ?

സഞ്ജീവ് ഭട്ട്: ഒന്നാമതായി ഞാന്‍ ഇതിനു വിശദീകരണം കൊടുക്കേണ്ട ആവശ്യമില്ല. രണ്ടു, എന്റെ ഭാര്യ ഒരു സ്വതന്ത്ര വ്യക്തിയാണ്. മൂന്നു, അവര്‍ മോദിക്കെതിരെ മത്സരിച്ചത് 2012-ലാണ്.ഞാന്‍ നിലപാട് വ്യക്തമാക്കി രംഗത്ത്‌ വരുന്നത് 2002-ലും. ആ ഒരു ദശകം മുഴുവന്‍ എന്റെ നിലപാട് മോദിക്കും ബിജെപി സര്‍ക്കാരിനും എതിരായിരുന്നു. അതിനുശേഷമാണല്ലോ അവര്‍ മത്സരിച്ചത്? അവര്‍ മോദിക്കെതിരെ മത്സരിച്ചത്, മോദിയുടെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മാത്രമാണ് . അല്ലാതെ അധികാരം നേടാനല്ല. അതിനാണെങ്കില്‍ അവര്‍ക്ക് ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റില്‍ മത്സരിച്ചാല്‍ മതിയായിരുന്നല്ലോ?

സുധീഷ് സുധാകരൻ: ഇപ്പോള്‍ മോഡി പ്രധാനമന്ത്രിയാണ്.മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരും നടത്തുന്ന ഹാസ്യജനകമായ പരാമര്‍ശങ്ങള്‍ (ഉദാഹരണത്തിന് ഗണപതിയാണ് ആദ്യത്തെ ക്ലോണിംഗിന് വിധേയനായത്,ആര്‍ഷഭാരതത്തില്‍ അണുബോംബ് നേരത്തെ കണ്ടുപിടിച്ചിരുന്നു തുടങ്ങിയവ ) അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ ജനങ്ങളുടെ അന്തസ്സിനെക്കൂടി ബാധിക്കുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. എന്ത് പറയുന്നു ?

സഞ്ജീവ് ഭട്ട്: ഇതില്‍ ജനങ്ങള്‍ക്ക്‌ അപമാനകരമായി എന്താണുള്ളത്? മറ്റെന്തു പ്രതീക്ഷിച്ചിട്ടാണ് അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തത്? നമ്മുടെ രാജ്യത്ത് ഒരുപാട് മിത്തോളജികള്‍ ഉണ്ട്. അതിനെയെല്ലാം ആധികാരികം എന്ന നിലയില്‍ അവതരിപ്പിക്കുന്നത്‌ വിഡ്ഢിത്തമാണ്. പക്ഷെ അത് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അവരുടെ തന്ത്രം മാത്രമാണ്. അതിനെ വിമര്‍ശിക്കാന്‍ നിങ്ങള്‍ സമയം ചെലവഴിക്കുമ്പോള്‍ നിങ്ങള്‍ അവരുടെ ഗെയിമിന്റെ ഭാഗമാകുകയാണ്.

നിങ്ങള്‍ എന്തിനെയാണ് വിമര്‍ശിക്കേണ്ടത്‌? അവരുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അതിനെയാണ് വിമര്‍ശിക്കേണ്ടത്‌. ഇത്തരം ഗിമ്മിക്കുകള്‍ക്കിടയില്‍ അവര്‍ ഒളിച്ചു കടത്തുന്നത് വെറുപ്പിന്റെ രാഷ്ട്രീയവും കോര്‍പ്പറേറ്റ് അജണ്ടകളും ആണ്.

സംഘപരിവാര്‍ മുന്നോട്ടു വെയ്ക്കുന്നത് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആണ്. മിത്തോളജി വേണ്ടവര്‍ക്ക് അത് കൊടുക്കാന്‍ ഒരു വിംഗ്, വികസന സ്വപ്‌നങ്ങള്‍ വേണ്ടവര്‍ക്ക് അതിനെക്കുറിച്ച് പ്രചരണം നടത്താന്‍ ഒരു വിംഗ്, അങ്ങനെ നിങ്ങള്‍ക്ക് എന്ത് തരം ഗിമ്മിക്ക് ആണോ ആവശ്യം അതെല്ലാം അവര്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ കൂടുതല്‍ “ജനകീയം”ആകുകയാണ്.

സുധീഷ് സുധാകരൻ: കലാപത്തിനു ശേഷം അഹമ്മദാബാദ് “ശാന്തമായി“ എന്നാണു മറ്റു ചില കഥകള്‍. എന്തു പറയുന്നു അതിനെക്കുറിച്ച് ?

സഞ്ജീവ് ഭട്ട്: അതെ ശാന്തമാണ്. 2002-നു മുന്നേയും ശാന്തമായിരുന്നു. കലാപത്തിനു ശേഷവും ശാന്തമാണ്. കലാപം എല്ലാക്കാലത്തും തുടരും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? ഏതു സാമുദായിക കലാപവും ആരംഭിക്കാന്‍ ഒരു കാരണം ആവശ്യമാണ്‌. എന്നാല്‍ അത് പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക എന്നത് പോലീസിനു വളരെ എളുപ്പമുള്ള ജോലിയാണ്. ഒരു പോലീസ് ഓഫീസര്‍ എന്നാ നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ ജഴിയും , ഒരു കലാപം ഒന്നോ രണ്ടോ ദിവസത്തില്‍ക്കൂടുതല്‍ നീണ്ടു നില്‍ക്കുന്നെങ്കില്‍ അത് പോലീസിന്റെ ഒത്താശയോടെ മാത്രമേ  സാധിക്കൂ എന്ന്.

പിന്നീട് കലാപം ഒന്നും ഉണ്ടായില്ല സത്യമാണ്. പക്ഷേ എന്റെ ചോദ്യമിതാണ് അഹമ്മദാബാദില്‍ മുസ്ലീങ്ങളുടെ സ്റ്റാറ്റസ് എന്താണ്? അവര്‍ മറ്റു പൌരന്മാര്‍ക്ക് സമന്മാരായി കണക്കാക്കപ്പെടുന്നുണ്ടോ ? ഇല്ല എന്നാണു എന്റെ ഉത്തരം. അഹമ്മദാബാദില്‍ മുസ്ലീങ്ങള്‍ രണ്ടാംതരം പൌരന്മാരാണ്. ഒരു മുസ്ലിം , അവന്‍ എത്ര തന്നെ വിദ്യാഭ്യാസമോ ധനമോ ഉള്ളയാള്‍ ആയാലും , ഒരു ഹിന്ദുഭൂരിപക്ഷപ്രദേശത്ത് ഭൂമി വാങ്ങാന്‍ ചെന്നാല്‍ കിട്ടുമോ ? ഉത്തരം “ഇല്ല” എന്നാണു. ഒരു ബില്‍ഡിംഗ് ഡെവലപ്പര്‍ തന്റെ ഒരു ഫ്ലാറ്റ് ഒരു മുസ്ലിമിന് വില്‍ക്കാന്‍ തയ്യാറാകുമോ?  എന്റെ ഉത്തരം “ഇല്ല “ എന്നാണു. ഇത് ഗെറ്റോകൾ സൃഷ്ടിച്ചിരിക്കുന്നു. അത്രയധികം സാമുദായികധ്രുവീകരണം സംഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ മുസ്ലീങ്ങള്‍ ഓള്‍ഡ്‌ അഹമ്മദാബാദിലും ജുഹാപുരയിലും സര്‍ഖേജിലും ഒക്കെയായി തിങ്ങിപ്പാര്‍ക്കുന്നു. അവര്‍ക്ക് അരക്ഷിതത്വബോധമുണ്ട്. കാരണം വംശഹത്യയുടെ സമയത്ത് ആക്രമിക്കപ്പെട്ടത് മുഴുവന്‍ ചെറിയ മുസ്ലിം പോക്കറ്റുകളായിരുന്നു. നരോദ പാട്യയും ഗുല്‍ബര്‍ഗ്ഗ സൊസൈറ്റിയും പോലെയുള്ള വളരെ ചെറിയ പോക്കറ്റുകള്‍ ആണ് ആക്രമണത്തിന് വിധേയരായത്. ഒരല്‍പ്പമെങ്കിലും പ്രതിരോധമുണ്ടാകാന്‍ സാധ്യതയുള്ള ഒരു പ്രദേശവും അവര്‍ ആക്രമിച്ചില്ല. അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ ഘെറ്റോകളില്‍ തിങ്ങിപ്പാര്‍ക്കുന്നു.

സുധീഷ് സുധാകരൻ: താങ്കളുടെ നേരെ ഉണ്ടായ ഈ ഏകപക്ഷീയമായ നടപടിയെ എങ്ങനെ നേരിടാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?

സഞ്ജീവ് ഭട്ട്: ഞാന്‍ ഇതുവരെ അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്റെ മകള്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഒരു കോഴ്സിനു അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. കോടതിയില്‍ നിന്നും വിദേശയാത്രയ്ക്ക് അനുവാദം കിട്ടിയാല്‍ ഞാന്‍ അവളുടെ അഡ്മിഷന്‍ കാര്യങ്ങള്‍ക്കായി അവളെ അനുഗമിക്കേണ്ടതുണ്ട്.എന്റെ കുടുംബം എനിക്ക് നല്ല പിന്തുണയാണ് തരുന്നത്. എന്റെ മകന്‍ എനിക്ക് ലണ്ടനില്‍ നിന്നും അയച്ച മെയിലില്‍ പറഞ്ഞത് “അച്ഛന്റെ മകന്‍ ആണ് എന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട് “ എന്നാണ്.

എന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഈ ഉത്തരവ് കോടതിയില്‍ നിലനില്‍ക്കില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്‌. കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.