ഈ ഫോൺ വാങ്ങുന്ന പണമുണ്ടെങ്കിൽ 30 ഐഫോണുകൾ വാങ്ങാം

single-img
25 September 2015

vertu_signature_touch_pure_jet_red_gold1സ്മാർട്ട് ഫോൺ പ്രേമികളുടെയെല്ലാം സ്വപ്നമാണ് ഐഫോൺ സ്വന്തമാക്കുക എന്നുള്ളത്. കാരണം മറ്റൊന്നുമല്ല ഏറ്റവും വിലയേറിയ ഫോൺ ഐഫോൺ ആയതിനാൽ തന്നെ. എന്നാൽ ഐഫോണിനെയും കടത്തിവെട്ടി ഒരു സ്മാർറ്റ്ഫോൺ എത്തുന്നു. ഇതിന്റെ വില കേട്ടാൽ ആരും ഒന്നു ഞെട്ടും. ഏകദേശം 30 ഐഫോണുകളുടെ വിലയാകും ഈ സ്മാർട്ഫോണിന്. അതായത് ഏകദേശം 14 ലക്ഷം രൂപ.

പ്രീമിയം സ്മാർട്ഫോൺ നിർമാതാക്കളായ വേർടുവാണ് 14 ലക്ഷം രൂപയോളം വിലയുള്ള സ്മാർട്ഫോൺ പുറത്തിറക്കി ഞെട്ടിച്ചത്. 6.5 ലക്ഷം രൂപയാണ് ഈ സ്മാർട്ഫോണിന്റെ പ്രാരംഭ വില. ഏറ്റവും കൂടിയ മോഡലിനു വില 13.8 ലക്ഷം രൂപ. നിലവിൽ ലഭ്യമായ സിഗ്‌നെച്ചർ ടച്ച് സ്മാർട്ഫോണിന്റെ പുതിയ പതിപ്പാണിത്.

ലോകത്തു ലഭ്യമായതിൽ വച്ചേറ്റവും മികച്ച തുകൽ നിർമിത പുറം ചട്ടയാണ് ഈ സ്മാർട്ഫോണിന്റെ പ്രധാന ആകർഷണം. ഇതു കാഴ്ചയിൽ അത്യാഡംബരവും നൽകുന്നു. ലെതർ പുറംചട്ട മാറുന്നതിനനുസരിച്ചാണു വില കൂടുന്നത്.

എട്ടു വ്യത്യസ്ത ലെതർ ഓപ്ഷനുകളാണ് ഈ സ്മാർട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെറ്റ് കാൾഫ്, ഗാർനെറ്റ് കാൾഫ്, ഗ്രേയ്പ് ലിസെഡ്, പ്യുവർ ജെറ്റ് ലിസെഡ്, ജെറ്റ് അലഗേറ്റർ, പ്യുവർ നേവി അലഗേറ്റർ, ക്ലൗഡ്സ് ഡി പാരിസ് അലഗേറ്റർ, പ്യുവർ ജെറ്റ് റെഡ് ഗോൾഡ് എന്നിവയാണു ലെതർ വകഭേദങ്ങൾ. ഇവയിൽ സ്വന്തം പേരു കുറിയ്ക്കുവാനുമാകും.

പുറം മോടിയിൽ മാത്രമല്ല, പ്രവർത്തനത്തിലും ഇത് കേമൻ തന്നെയാണെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ആൻഡ്രോയ്‍ഡ് 5.1 ലോലിപോപ്പ് ഓ എസ് വേർഷനിൽ പ്രവർത്തിക്കുന്നു. 5.2 ഇഞ്ച് ഫുൾ എച്ച്ഡി (1080×1920 pixels) ഡിസ്പ്ലേയ്ക്കു അഞ്ചാം തലമുറ സഫയർ ക്രിസ്റ്റൽ സ്ക്രീൻ സംരക്ഷണമുണ്ട്. 428 പിപിഐ പിക്സൽ ഡെൻസിറ്റി. 64 ബിറ്റ് ഒക്ടാകോർ ക്വാൾകം സ്നാപ്‍ഡ്രാഗൺ 810 പ്രോസസർ, 4 ജിബി റാം, അഡ്രിനോ 430 ജിപിയു ചിപ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. 236 ഗ്രാമാണ് ഭാരം.

പിൻക്യാമറയ്ക്കു ഇരുവശങ്ങളിലുമായി നൽകിയിരിക്കുന്ന മെറ്റൽ ഗൾ-വിങ് ഡോറുകളാണു മറ്റൊരു പ്രത്യേകത. ഇതിൽ ഒരു വശത്തു മൈക്രോ എസ് ഡി കാർഡും മറുവശത്തു സിമ്മും ഇടാം. ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസോടെയുള്ള (Phase Detection Auto Focus) 21 മെഗാപിക്സൽ പിൻക്യാമറയാണ്. f/2.2 അപേർചർ, ഇരട്ട എല്‍ഇഡി ഫ്ലാഷ് എന്നിവ പിൻക്യാമറയെ കൂടുതൽ മികച്ചതാക്കുന്നു. ഇതിൽ 4 കെ വീഡിയോ വരെ ചിത്രീകരിക്കാനാകും. കൂടാതെ സകൈപ് സപ്പോർട്ടു ചെയ്യുന്ന 2.1 എംപി മുൻക്യാമറയുമുണ്ട്. 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുണ്ട്. പരമാവധി മെമ്മറി 2 റ്റിബി വരെ സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കാനാകും. ഡോൾബി ഡിജിറ്റൽ പ്ലസ് മുൻസ്പീക്കറുകളും ഘടിപിച്ചിരിക്കുന്നു..

3160 മില്ലി ആമ്പിയർ ബാറ്ററി. ക്വാൾകം ക്വിക്ക്ചാര്‍ജ് 2.0 ഫങ്ഷണാലിറ്റിയിലൂടെ അതിവേഗ ചാർജിങ് ലഭ്യമാക്കുന്നു. ഇതിൽ വയർലസ് ചാർജിങ് സംവിധാനവുമുണ്ട്. ഇന്ത്യയിലെ 4ജി എൽറ്റിഇ, എൻഎഫ്സി, ൈവഫൈ-ഹോട്ട്സ്പോട്ട്, ജീപിഎസ്, മൈക്രോ യുഎസ്ബി തുടങ്ങിയവ പ്രധാന കണക്ടിവിറ്റി ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചു.

എല്ലാ ആഡംബര ഫീച്ചറുകളും നൽകുന്ന ഈ സ്മാർട്ഫോൺ കമ്പനിയുടെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ‍ സെപ്റ്റംബർ 28 നും ഒക്ടോബർ 8 നും ഇടയിൽ മുൻകൂർ ബുക്കു ചെയ്തു സ്വന്തമാക്കാനാകും.