ഡിവൈ.എസ്.പി കെ.ബി.പ്രഫുല്ലചന്ദ്രക്ക് സ്ഥാന ചലനം; പകരം മെറിന്‍ ജോസഫ്

single-img
25 September 2015

prabhullaമൂന്നാര്‍: തോട്ടംതൊഴിലാളിസമരം സമാധാനപരമായി കൈകാര്യംചെയ്ത് ജനപ്രിയനായി മാറിയ ഡിവൈ.എസ്.പി  കെ.ബി.പ്രഫുല്ലചന്ദ്രക്ക് സ്ഥലംമാറ്റം. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലേക്കു മാറ്റിയത്. പകരം തിരുവനന്തപുരം എ.സി.പി. മെറിന്‍ ജോസഫിന് മൂന്നാര്‍ എ.എസ്. പിയായി ചുമതല നല്‍കി. തിരുവനന്തപുരത്ത് സമരത്തിനിടെ പോലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായിരുന്നു മെറിന്‍ ജോസഫ്.

കെ.ഡി.എച്ച്.പി കമ്പനിയിലെ തൊഴിലാളിസ്ത്രീകള്‍ ഒമ്പതുദിവസം നടത്തിയ സമരത്തിനിടയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാകാതെ, സമാധാനപരമായി കൈകാര്യം ചെയ്ത പോലീസ് നടപടി സംസ്ഥാനതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇത്. എന്നാല്‍, സമരത്തിനിടെ ജി.എച്ച്.റോഡിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ഒരുവിഭാഗം തൊഴിലാളികള്‍ നടത്തിയ ആക്രമണം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ പ്രാദേശികനേതാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിക്കുമെന്ന് പ്രാദേശികനേതൃത്വം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സമരം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ വന്ന സ്ഥലംമാറ്റം ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് താന്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നും, അതിന്റെ ഭാഗമാണ് ഇതെന്നും പ്രഫുല്ലചന്ദ്രനും അറിയിച്ചു.