തോട്ടം തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനത്തിനെതിരെ തോട്ടമുടമകള്‍ ശക്തമായി രംഗത്ത്

single-img
25 September 2015

imagesകൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനത്തിനെതിരെ തോട്ടമുടമകള്‍ ശക്തമായി രംഗത്ത്. നാളെ ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ നിലപാട് കടുപ്പിക്കാനാണ് തോട്ടമുടമകളുടെ തീരുമാനം. തൊഴിലാളി വിരുദ്ധ തീരുമാനവുമായി ഉടമകള്‍ മുന്നോട്ടുപോയാല്‍ മൂന്നാര്‍ മോഡല്‍ സമരവുമായി രംഗത്തിറങ്ങാനാണ് കേരളത്തിലെ മറ്റ് തോട്ടം മേഖലകളിലെ തൊഴിലാളികളുടേയും തീരുമാനം.

232 രൂപയാണ് ഇപ്പോള്‍ നിലവില്‍ തോട്ടം തൊഴിലാളികളുടെ അടിസ്ഥാന കൂലി. പ്രോവിഡന്റ് ഫണ്ട്, ഇന്‍സന്റീവ് തുടങ്ങി 400 രൂപ മുതല്‍ 425 വരെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ അടിസ്ഥാന കൂലി 100 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് തോട്ടമുടമകള്‍ പറഞ്ഞു. ഏകപക്ഷീയമായി കൂലി വര്‍ദ്ധന നടപ്പാക്കിയാല്‍ തോട്ടങ്ങള്‍ പൂട്ടേണ്ടി വരുമെന്നും നാളെ നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുമെന്നും ഉടമകള്‍ പറഞ്ഞു.

തോട്ടമുടമകള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റിലേയും നെല്ലിയാമ്പതി തോട്ടങ്ങളിലേയും തൊഴിലാളികള്‍. ഇടുക്കിയിലും വയനാട്ടിലുമാണ് ഹാരിസണ് തോട്ടങ്ങളുള്ളത്. 20 ശതമാനം ബോണസ് എന്ന ആവശ്യവുമായി ഇന്നുമതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.  കൂലിവര്‍ദ്ധനയും ബോണസും ആവശ്യപ്പെട്ട് മണലാരു എസ്റ്റേറ്റിനു മുന്നില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് സത്യാഗ്രഹം തുടങ്ങും. നാളത്തെ യോഗത്തില്‍ ഉടമകള്‍ കര്‍ശന നിലപാടെടുക്കുകയാണെങ്കില്‍ മൂന്നാര്‍ മോഡല്‍ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ ഒന്‍പത് ദിവസത്തെ  സമരത്തിനൊടുവില്‍ വേതനവര്‍ദ്ധനവിന്റെ കാര്യം ഈ മാസം 26 ന് ചര്‍ച്ച ചെയ്യാമെന്ന് ധാരണയായിരുന്നു. തൊഴിലാളികള്‍ ആവശ്യപ്പെട്ട 20 ശതമാനം ബോണസ് നല്‍കാനും വേതനവര്‍ധനവ് ചര്‍ച്ചചെയ്യാമെന്നും ഉള്ള ധാരണയിലായിരുന്നു സ്ത്രീ തൊഴിലാളികള്‍ നടത്തി വന്ന സമരം അവസാനിപ്പച്ചത്.