പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സപ്‌നങ്ങളെ പണമില്ലാത്തതിന്റെ പേരില്‍ തകര്‍ക്കുന്ന മെഡിക്കല്‍ ലോബിക്കെതിരെ കോഴിക്കോട് സ്വദേശിനിയായ ഫിനു ഫെര്‍ബിന ദൈവത്തിന് എഴുതിയ കത്ത്

single-img
23 September 2015

Finu-Ferbina

‘മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്കാണ്. അതുകൊണ്ടു തന്നെ എന്നെ പോലുളള പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ സീറ്റ് തരാന്‍ ഖേദമുണ്ടെന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ ലോകത്ത് നീ അവര്‍ക്ക് മാപ്പു കൊടുക്കേണമേ’

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വേണ്ടത്ര യോഗ്യത ഉണ്ടായിട്ടും സീറ്റ് ലഭിക്കാതെ പോയതിലുള്ള വിഷമം ദൈവത്തോട് പറഞ്ഞ് കോഴിക്കോട് സ്വദേശിനിയായ ഫിനു ഫെര്‍ബിന എഴുതിയ കത്തിന്റെ വരികളാണിത്. യോഗ്യതയുണ്ടായിട്ടും 45 മുതല്‍ 60 ലക്ഷം വരെ കമ്മീഷന്‍ കൊടുത്താല്‍ മാത്രമേ ഒരു സീറ്റ് കിട്ടുകയുള്ളു് എന്ന അവസ്ഥയാണ് ഫിനു ഫെര്‍ബിനയെ ഈ കത്ത് എഴുതാന്‍ പ്രേരിപ്പിച്ചത്.

മെഡിക്കല്‍ പഠനത്തിനുള്ള സീറ്റ് ലഭിക്കാത്തതിലല്ല വിഷമമെന്നും അതിനുവേണ്ടി കണക്കില്ലാതെ വാങ്ങുന്ന പണക്കൊതിയന്മാരോടുള്ള രോഷ പ്രകടനമാണിതെന്നും ഫെര്‍ബിനയുടെ കത്തില്‍ വ്യക്തമാകുന്നു. മെഡിക്കല്‍ സീറ്റ് തരപ്പെടുത്തി നല്‍കാന്‍ 45 മുതല്‍ 65 ലക്ഷം രൂപവരെയാണ് ഏജന്റുമാര്‍ ചോദിക്കുന്നതെന്ന് ഫെര്‍ബിന പറയുന്നു. ന്യൂനപക്ഷ കമ്മീഷന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗത്തിലാണ് ഫെര്‍ബിന പ്രതിഷേധ കത്തുമായി എത്തിയത്.

ഫെര്‍ബിന എഴുതിയ കത്ത്

മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഒരു വിദ്യാര്‍ത്ഥിയാണ് ഈ കത്ത് എഴുതുന്നത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ 2061ാം റാങ്ക്കാരിയാണ്. ഈ റാങ്ക് പ്രകാരം നീ (പടച്ചവന്‍) അനുവദിച്ച് നല്‍കിയ സീറ്റ് പ്രകാരം അഡ്മിഷന്‍ ലഭിക്കാന്‍ പര്യാപ്തവുമാണ്.  എന്നാല്‍ നീ ഈ മെഡിക്കല്‍ സീറ്റുകള്‍ ഏല്‍പ്പിച്ചിട്ടുള്ളത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തിമാറിയിട്ടില്ലാത്തവര്‍ക്കാണ്. അതുകൊണ്ട് തന്നെ എന്നെ പോലുള്ള പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ സീറ്റ് തരാന്‍ കഴിയാതെ പോയതില്‍ ഖേദമുണ്ടെന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ ലോകത്ത് നീ അവര്‍ക്ക് മാപ്പ് കൊടുക്കണമേ.

ബുദ്ധിയുടെ വിവിധ ഘടകങ്ങളായ അറിവ്, ഓര്‍മ്മശക്തി, പ്രശ്‌നപരിഹാര ശേഷി, കാര്യകാരണബന്ധം, യുക്തിചിന്ത, പ്രയോഗം, സമയം എന്നിവ പരിശോധിക്കുന്ന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് നല്‍കേണ്ടത്. എന്നാല്‍ ഇത്തരം കോളേജ് നടത്തിപ്പുകാര്‍ മാനദണ്ഡം നിശ്ചയിച്ചത് ശരിക്കുള്ള എണ്ണമല്ല മറിച്ച് തെറ്റുകളുടെ എണ്ണമാണ് (240 ചോദ്യങ്ങള്‍ക്ക് 120 തെറ്റുകള്‍ വരുത്തണം).  ഇത്തരക്കാര്‍ പറയുന്നു; ഞങ്ങള്‍ മെഡിക്കല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നു. തെറ്റുകള്‍ ഇല്ലാത്ത ഡോക്ടര്‍മാരെയാണ് പുറത്ത് വിടുന്നതെങ്കില്‍ ഞങ്ങളുടെ ആശുപത്രികളിലെ കിടക്കകള്‍ കാലിയാക്കും. പാവങ്ങളായ രോഗികളെ നിങ്ങള്‍ ഇത്തരം ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നെങ്കില്‍ സൂക്ഷിക്കണേ ! ഇവര്‍ക്ക് തെറ്റുകള്‍ മാത്രമാണുണ്ടാകുക. സൗജന്യമായി രോഗം തന്നേക്കും.

ഈ ലോകത്ത് നീ നിയമിച്ച ഒരു കമ്മീഷനും നിയമങ്ങള്‍ക്കും ഈ പണക്കൊതിയന്മാരെ നിയന്ത്രിക്കാന്‍ കഴിയില്ല. പടപ്പുകള്‍ പടച്ചവനാകുന്ന കാലത്തിലേക്കല്ലെ നാം നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷ്ണമാണല്ലേ അതുകൊണ്ട് എനിക്ക് സങ്കടവുമില്ല. സന്തോഷമില്ലെങ്കിലും ഞാന്‍ ഇവര്‍ക്ക് വേണ്ടി മനസുരുകി പ്രാര്‍ത്ഥിക്കുകയാണ്. പടച്ചവനെ നീ ഇവര്‍ക്ക് ഈ ലോകത്ത് പണം കൊണ്് മൂടുന്നവരാക്കണേ. ഇക്കൂട്ടരുടെ പണക്കൊതി തീര്‍ക്കണെ അള്ളാ. പടച്ചവനെ ഈ ലോകത്ത് ഇവരുടെ വാദങ്ങള്‍ക്ക് വിജയം നല്‍കേണമേ….ഇവരുടെ വാക്കുകള്‍ക്ക് നീ ശക്തി കൊടുക്കേണമേ…. പരലോകത്ത് നീ വിജയിക്കേണമേ അള്ളാ….അക്കൂട്ടത്തില്‍ ഞങ്ങളേയും നീ ഉള്‍പ്പെടുത്തേണമേ….

എന്ന് സങ്കടത്തോടെ നിന്റെ അനുസരയുള്ള പടപ്പ്

ഫിനു ഫെര്‍ബിന കെ
റോ നമ്പര്‍ 231804
കൊയിലോത്ത്, നരിക്കുനി