പശ്ചിമഘട്ടത്തിന്റെ വിസ്മയാവഹമായ സൗന്ദര്യം ആസ്വദിച്ച് അവിസ്മരണീയമായ ഒരു ട്രെയിന്‍യാത്ര

single-img
22 September 2015

6525458

നമ്മുടെ ഭാരതം സുന്ദരമായ മലനിരകള്‍ക്ക് പേരുകേട്ട രാജ്യമാണ്. കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാലം ചിലവഴിച്ചിരുന്നത് ഇന്ത്യയിലെ ചില മലയോരങ്ങളിലാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ താവളമാക്കിയ ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനി വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലകയറിയതും ഫാമുകളും മറ്റും സ്ഥാപിച്ച് അവിടെ താമസമാക്കിയതും. പിന്നീട് അവയില്‍ പലതും നഗരങ്ങളായി വികസിപ്പിക്കുകയും നഗരത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നഗരവത്കരണത്തിന്റെ ഭാഗമായാണ് ഈ പ്രദേശങ്ങളില്‍ പലയിടത്തും റെയില്‍പാതകളും റെയില്‍വേ സ്റ്റേഷനുകളും സ്ഥാപിച്ചത്.

ഇന്ന് നമ്മെ വിസ്മയിപ്പിക്കുന്ന മലയോര റെയില്‍പാതകളെല്ലാം നിര്‍മ്മിച്ചത് ബ്രീട്ടീഷുകാരാണ്. വെള്ളക്കാര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച മലയോര റെയില്‍ പാതകളിലൊന്നാണ് മുംബൈനഗരിയ്ക്ക് അടുത്തുള്ള മാതേരാന്‍ റെയില്‍ പാത. പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന നേരാല്‍- മാതേരാന്‍ എന്നീ മലയോര പ്രദേശങ്ങളെ യോജിപ്പിച്ച് 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിപാതയാണ് ഇത്. കാനനഭംഗി ആസ്വദിച്ചുകൊണ്ടുള്ളയൊരു വ്യത്യസ്ത യാത്രാനുഭവമാണ് മാതേരാന്‍ സഞ്ചാരികള്‍ക്കായി ഒരിക്കിയിരിക്കുന്നത്.

ഇപ്പോള്‍ മാതേരാന്‍ റെയില്‍പാത യുനെസ്‌കൊയുടെ ലോകപൈതൃകപട്ടികയിലേക്ക് പരിഗണിച്ചിരിക്കുകയാണ്. 1901-1907 കാലഘട്ടത്തില്‍ അബ്ദുള്‍ ഹുസ്സൈന്‍ അദാംജി പീര്‍ഭോയിയാണ് നേരാല്‍-മാതേരാന്‍ ലൈറ്റ് റെയില്‍വെ നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് സര്‍ അദാംജി പീര്‍ഭോയി മാതേരാന്‍ സന്ദര്‍ശിക്കുകയും ഇവിടേക്കുള്ള യാത്രമാര്‍ഗ്ഗം എളുപ്പമാക്കുന്നതിനായി തീവണ്ടിപ്പാത നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയുമുണ്ടായി. ഇതിനായി അവര്‍ 16 ലക്ഷം രൂപ ചിലവഴിച്ചു. ബാര്‍സി ലൈറ്റ് റെയില്‍വെ പണിത എവറാര്‍ഡ് കാല്‍ത്രോപ്പ് എന്ന ബ്രിട്ടീഷ് എന്‍ജിനീയറാണ് മാതേരാന്‍ റെയില്‍പ്പാതയും നിര്‍മ്മിക്കുന്നത്. 1907 നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും യാത്ര ആരംഭിക്കുകയും ചെയ്തു.

matheran-toy-train-1

2005ല്‍ മാതേരാനിലുണ്ടായ കനത്തെ വെള്ളപ്പൊക്കം കാരണം ദീര്‍ഘനാള്‍ മാതേരാനിലെ തീവണ്ടി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2007ല്‍ പുനരാരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ റെയില്‍വെയുടെ കീഴിലാണ് മാതേരാന്‍ റെയില്‍വെ. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആഡംബര കോച്ചുകളും സെന്‍ട്രല്‍ റെയില്‍വെ മാതേരാന്‍ തീവണ്ടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സലൂണ്‍ എന്ന് വിളിക്കുന്ന സുഖപ്രദമായ സീറ്റുകളും പുറത്തെ കാഴ്ചകള്‍ കാണുന്നതിനായുള്ള എല്‍.സി.ഡി. സ്‌ക്രീനുകളും മറ്റും ഘടിപ്പിച്ച അത്യാഡംബര കമ്പാര്‍ട്ട്‌മെന്റുകളാണ് സലൂണുകള്‍.

21 കിലോമീറ്റര്‍ ദൂരമാണ് നേരാലും മാതേരാനും തമ്മിലുണ്ടെങ്കിലും മലകളും കുന്നുകളും കയറിയിറങ്ങിയുള്ള യാത്രയായതിനാല്‍ രണ്ട് മണിക്കൂറിലധികം സമയം വേണ്ടിവരും സഞ്ചാരം പൂര്‍ത്തിയാകാന്‍. നാരോ ഗയ്ജ് പാളം ഉപയോഗിച്ചിരിക്കുന്ന നേരാല്‍മാതേരാന്‍ റെയില്‍ പാതയിലൂടെ മണിക്കൂറില്‍ പത്രണ്ട് കി.മി. വേഗതയില്‍ കൂടുതല്‍ തീവണ്ടികള്‍ സഞ്ചരിക്കുകയില്ല. അതിനാല്‍തന്നെ പശ്ചിമഘട്ടത്തിന്റെ തനതായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന യാത്രാനുഭൂതിയാവും മാതേരാന്‍ റെയില്‍യാത്ര സമ്മാനിക്കുന്നത്. 105 വര്‍ഷങ്ങള്‍ പിന്നിട്ട ഈ ബ്രിട്ടീഷ് നിര്‍മ്മിതി ഇന്നും തനിമയോടെ നിലനില്‍ക്കുന്നു, പഴമയുടെ പുതുമയായി.