വായ്പയ്‌ക്കൊപ്പം വായ്പ തിരിച്ചടയ്ക്കാനുള്ള സൗകര്യംകൂടി ജനങ്ങള്‍ക്ക് നല്‍കി രാജ്യത്തെ ആദ്യ ചെറുകിട ബാങ്കുകളിലൊന്നായി റിസര്‍വ് ബാങ്ക് തിരഞ്ഞെടുത്ത കേരളത്തില്‍ നിന്നുള്ള ഏക സ്ഥാപനമായ ഇസാഫ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

single-img
22 September 2015

esafതൃശൂര്‍: ഇസാഫ് ബാങ്ക് അടുത്ത ചിങ്ങം ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. രാജ്യത്തെ ആദ്യ ചെറുകിട ബാങ്കുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ഇസാഫ് ബാങ്ക്  അഞ്ചു വര്‍ഷത്തിനകം 10,000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നതെന്ന് ഇസാഫ് സ്ഥാപകനും ചെയര്‍മാനുമായ കെ. പോള്‍ തോമസ് പറഞ്ഞു. രാജ്യത്തെ 10 സ്ഥാപനങ്ങള്‍ക്കാണ് ചെറുകിട ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇതില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള ഏക സ്ഥാപനമാണ് ഇസാഫ്.

രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നായ ഇസാഫ് അഞ്ചു വര്‍ഷത്തിനകം  രാജ്യവ്യാപകമായി 450 ബ്രാഞ്ചുകളും 600 കസ്റ്റമര്‍കെയര്‍ സെന്ററുകളും ആരംഭിക്കാനാണ് തീരുമാനം. നിലവില്‍ 10 സംസ്ഥാനങ്ങളിലായി 224 ശാഖകള്‍ ഇസാഫ് മൈക്രോഫിനാന്‍സിനുണ്ട്. ചെറുകിട സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും അസംഘടിത മേഖലയ്ക്കും അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ഇസാഫിന്റെ ലക്ഷ്യം.

നിലവില്‍ എട്ടു ലക്ഷം ഉപഭോക്താക്കളാണ് ഇസാഫിനുള്ളത്. അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സേവനം നല്‍കാനാണ് പദ്ധതി. സാധാരണ ബാങ്കുകളെപ്പോലെ വായ്പ നല്‍കാനും നിക്ഷേപം സ്വീകരിക്കാനും ഇസാഫിന് കഴിയും. ഇസാഫ് ബാങ്കിനൊപ്പം മൈക്രോഫിനാന്‍സിങ്ങും തുടരും.

ചെറുകിട ബാങ്ക് ആകുന്നതിനുള്ള പ്രാഥമിക അനുമതിയാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. 72 അപേക്ഷകരില്‍ നിന്നാണ് 10 സ്ഥാപനങ്ങളെ സാമ്പത്തിക ഭദ്രത, പ്രവര്‍ത്തന മികവ് തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ബിഐ തിരഞ്ഞെടുത്തത്. 18 മാസത്തിനുള്ളില്‍ റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പൂര്‍ണ അനുമതി ലഭിക്കും. നിശ്ചിത കാലയളവിനുള്ളില്‍ തന്നെ ഇതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോള്‍ തോമസ് പറഞ്ഞു.

സാധാരണക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ വീട് വയ്ക്കാനുള്ള വായ്പയും നല്‍കും. വായ്പ നല്‍കുന്നതിനോടൊപ്പം വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷികൂടി വായ്പ വാങ്ങുന്നവര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പോള്‍ തോമസ് പറഞ്ഞു. പാവപ്പെട്ടവരാണ് വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ളവരെന്ന് രണ്ടു പതിറ്റാണ്ടുകാലത്തെ അനുഭവം പഠിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഇസാഫില്‍നിന്നു വായ്പയെടുത്തവരില്‍ 99 ശതമാനത്തിലധികം പേര്‍ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ട്. മരണം, അസുഖം തുടങ്ങി പല കാരണങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ഇന്‍ഷുറന്‍സ് ഇസാഫ് തന്നെ ഒരുക്കിക്കൊടുക്കുന്നു. 7,000 കോടി രൂപയുടെ വായ്പയാണ് ഇതുവരെ ഇസാഫ് നല്‍കിയിട്ടുള്ളതെന്നും പോള്‍ തോമസ് പറഞ്ഞു.