വാഹനലോകത്തേക്ക് ആപ്പിളിന്റെ ഐ കാര്‍ വരുന്നു

single-img
21 September 2015

icar-main-655x300

കമ്പ്യൂട്ടർ, ഐഫോൺ, മാക്ബുക്ക്, ഐപാഡ് എന്നിവയിലൂടെ ശ്രദ്ധേയരായ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിൾ വാഹനലോകത്തേക്കും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ്.  ഐ കാർ എന്ന ഇലക്ട്രിക് ഡ്രൈവർലെസ്സ് (ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന കാർ) നിർമ്മിച്ച് വാഹന വിപണിയിലും വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതിയിലാണ് ആപ്പിൾ.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രൈവർലെസ് കാറാണ് കമ്പനി വികസിപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടത്തിന് അനുമതി തേടി കാലിഫോർണിയയിലെമോട്ടോർ വാഹന വകുപ്പിനെ ആപ്പിൾ അധികൃതർ സമീപിച്ചിരുന്നു. എന്നാൽ ഇതെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആപ്പിൾ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കമ്പനി കാർ രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതിനായുള്ള സംഘത്തെ രൂപീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലോകപ്രശസ്ത അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ലയിൽ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിൾ സ്വന്തമാക്കി. വൻ വേതനം വാഗ്ദാനം നൽകിയാണ്കമ്പനി ഇവരെ സ്വന്തമാക്കിയിരിക്കുന്നത്. ടെസ്ലയിലെ സീനിയർ എന്‍ജിനീയറായ ജെയ്മി കാൾസൺ ഉൾപ്പടെ ആറു പേർ ഇതിനോടകം ആപ്പിളിൽചേർന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

‘പ്രോജക്ട് ടൈറ്റൻ’ എന്നപേരിൽ അമേരിക്കയിൽ ആപ്പിളിന്റെ രഹസ്യകേന്ദ്രത്തിലാകും ഐകാറിന്റെ രൂപകല്പനയും പരീക്ഷണങ്ങളും നടക്കുന്നത്.ആപ്പിളിന്റെ ചീഫ് ഡിസൈൻ ഓഫീസർ ജോന്നാഥൻ ഈവിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിനിടെ, വാഹന നിർമ്മാണത്തിലേക്ക്സജീവമായി ഇറങ്ങുന്നതിന് ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയെ ആപ്പിൾ ഏറ്റെടുത്തേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോകോത്തര ആഡംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവുമായി കൂട്ടുകെട്ടിനും ആപ്പിളിന് പദ്ധതിയുണ്ടെന്നും അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.

ഏതായാലും ടെക്ക് ലോകത്ത് സൃഷ്ടിച്ച വിപ്ലവം വാഹനലോകത്തും ആപ്പിളിന് സൃഷ്ടിക്കാൻ കഴിയുമോ എന്നാണ് ഉലകം ഉറ്റുനോക്കുന്നത്.