മായാമഞ്ചലില്‍ വന്ന് ദേവസംഗീതം തീര്‍ത്ത കുയില്‍നാദം

single-img
21 September 2015

radhika-thilak.jpg.image.784.410

രാധികാ തിലക്, മലയാളിക്ക് മറക്കാനാവാത്ത ഗായിക. ലളിതഗാനരംഗത്തും പിന്നീട് സിനിമയിലും സ്വരസുന്ദരമായ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ആ കുയില്‍നാദം പെട്ടെന്ന് അനന്തതയിലേക്ക് മറഞ്ഞു. സംഗീതലോകത്തെ ഞ്ഞെട്ടിച്ചുകൊണ്ടായിരുന്നു രാധികയുടെ അപ്രതീക്ഷിത വിടവാങ്ങള്‍. ഒന്നര വര്‍ഷമായി അര്‍ബുദ രോഗ ചികിത്സയിലായിരുന്ന രാധികയ്ക്ക് പനിബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മരണമടയുകയായിരുന്നു.
സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച രാധിക ചെറുപ്പം മുതല്‍ക്കെ സംഗീതം അഭ്യസിച്ചിരുന്നു. പ്ലസ്ടു കഴിഞ്ഞ സമയത്താണ് ആദ്യത്തെ സ്‌റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ദുബായിലേയ്ക്ക് പോകുന്നത്.

സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനില്‍ പാടാനും അവസരം ലഭിച്ചു. കോളേജില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച രാധിക കലാതിലകപ്പട്ടവും അണിഞ്ഞിരുന്നു. 1989ലാണ് ലളിതഗാനരംഗത്തുനിന്നും ചലച്ചിത്ര ഗാനരംഗത്തേക്ക് രാധിക എത്തിയത്. ഒറ്റയാള്‍ പട്ടാളത്തിലെ മായാമഞ്ചലില്‍ ഇതുവഴിയെ പോകും തെന്നലെ, ഗുരുവിലെ ദേവ സംഗീതം നീ അല്ലേ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ…, നന്ദനത്തിലെ മനസിള്‍ മിഥുനമഴ പൊഴിയും… തുടങ്ങി എഴുപതോളം സിനിമകളിലെ നിരവധി ഹിറ്റ് ഗാനങ്ങളാണ് രാധികയുടെ മധുരസ്വരത്തില്‍ നിന്നും ഉതിര്‍ന്നത്.

യേശുദാസ്, ജി. വേണുഗോപാല്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയ ഗായകരോടൊപ്പം സിനിമയിലും നിരവധി സ്റ്റേജ് ഷോകളിലും രാധിക പാടിയിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും ലളിത ഗാനങ്ങളും അവര്‍ പാടിയിരുന്നു. കൂടാതെ വിവിധ ചാനലുകളില്‍ സംഗീത പരിപാടികളുടെ അവതാരികയുമായിരുന്നു. ഗായിക സുചാതയുടെയും പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെയും ബന്ധുവുമാണ് രാധിക തിലക്. സുരേഷാണ് ഭര്‍ത്താവ്.
ജോണ്‍സണ്‍ മാഷ് സംസീതം നല്‍കിയ ചെപ്പുകിലുക്കണ ചങ്ങാതി, ശരത് ഈണം നല്‍കിയ ഒറ്റയാള്‍ പട്ടാളത്തിലെ മായാമഞ്ചല്‍ എന്നിവയോടെയാണ് സിനിമയില്‍ രാധിക അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രവീന്ദ്രന്‍മാഷ് ഇളയരാജ തുടങ്ങിയ സംഗീത മഹാരഥന്മാരുടെയും ഈണങ്ങള്‍ക്ക് പാടിയിട്ടുണ്ട്.

സിനിമയിലും സ്റ്റേജ് ഷോകളിലുമായി സജീവമായിരുന്ന കാലത്താണ് രാധിക ദുബായിലേക്കു ചേക്കേറുന്നത്. ഏതാനും വര്‍ഷം മുന്‍പു നാട്ടില്‍ തിരിച്ചെത്തി. പിന്നീടു പാട്ടില്‍ സജീവമാകാന്‍ മടിച്ചു. രോഗം പോലും അധികമാരെയും അറിയിക്കാതെ ജീവിച്ചു. സംഗീതപ്രേമികള്‍ക്ക് നൊമ്പരമേകി വിടവാങ്ങുകയും ചെയ്തു. എങ്കിലും ആ ശബ്ദമാധുര്യം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല.