ധൂമശകടാസുരനും പതിമൂന്ന് കണ്ണറപ്പാലവും

single-img
20 September 2015

kannara

ആ സ്വപ്‌നയാത്ര അവസാനിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. കൊച്ചു കൊച്ചു ടൗണുകളേയും ഗ്രാമപ്രദേശങ്ങളേയും ബന്ധിപ്പിച്ച് കാടിനിടയില്‍കൂടി പ്രകൃതിയുടെ ദൃശ്യഭംഗിയാസ്വദിച്ച് മീറ്റര്‍ഗേജ് പാതയിലൂടെ മനസ്‌കുളിര്‍പ്പിക്കുന്ന ഒരു യാത്ര. അതായിരുന്നു കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് ട്രെയിന്‍യാത്ര. വളരുന്ന ലോകത്തിനും ടക്‌നോളജിക്കുമനുസൃതമെന്നോണം മീറ്റര്‍ഗേജില്‍ നിന്നും ബ്രോഡ്‌ഗേജിലേക്കുള്ള മാറ്റത്തിനായി അടച്ച പാത തുറക്കുന്നതിനായി സഞ്ചാരികളുടേയും പ്രകൃതിസ്‌നേഹികളുടേയും കാത്തിരിപ്പ് അനന്തമായി നീളുകയാണ്.

കൊല്ലം പട്ടണത്തില്‍ നിന്നും മലകളെ ഭേദിച്ച് കൊണ്ട് തമിഴ്‌നാട്ടിലേക്ക് പോകുന്ന ഈ റയില്‍ പാത സഞ്ചാരികള്‍ക്ക് ദൃശ്യമനോഹരമായ ഒരു യാത്രയാണ് നല്‍കുന്നത്. പുനലൂരിനും ആര്യങ്കാവിനുമിടയില്‍ മലതുരന്ന് ചെറുതും വലുതുമായ 5 തുരങ്കങ്ങള്‍, ഒട്ടേറെ പാലങ്ങള്‍, കഴുതുരുട്ടിയില്‍ കൊല്ലം തിരുമംഗലം ദേശീയപാതയ്ക്ക് (ദേശീയപാത 208) സമാന്തരമായി കോട്ടവാതിലുകളുടെ സൗന്ദര്യവുമായി പതിമൂന്ന് കണ്ണറപ്പാലം, വനത്തിനിടയിലൂടെയുള്ള യാത്ര എന്നിവ യാത്രക്കാര്‍ക്ക് തീര്‍ത്തും ഹൃദ്യമായ അനുഭവമാണ്. റയില്‍പാത വന്നതിനാല്‍ തമിഴ്‌നാടും കേരളവുമായുള്ള വാണിജ്യബന്ധം വന്‍തോതില്‍ മെച്ചപ്പെട്ടു. ഇത് കൊല്ലത്തിന്റെ സമ്പത്ത് വ്യവസ്ഥയെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ആര്യങ്കാവ് തുരങ്കത്തിലൂടെ കടന്ന് വണ്ടി പുറത്തെത്തുന്നത് തമിഴ്‌നാട്ടിലേക്കാണ്.

1873ലാണ് മദ്രാസ് സര്‍ക്കാര്‍ കൊല്ലത്തേയും ചെങ്കോട്ടയേയും ബന്ധിപ്പിച്ച് ഒരു മീറ്റര്‍ ഗേജ് റയില്‍ പാത കൊണ്ടുവരാന്‍ ആലോചിച്ചത്. പക്ഷേ, തിരുവനന്ദപുരത്തെ ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തു. അവര്‍ തിരുവനന്തപുരം തിരുനെല്‍വേലി പാതയ്ക്ക് വേണ്ടിയാണ് വാദിച്ചത്. അന്നത്തെ പ്രധാന വ്യവസായ കേന്ദ്രവും തിരുവിതാകൂറിന്റെ മധ്യഭാഗവുമായ കൊല്ലത്തെക്കാള്‍ ഉചിതമായ മറ്റൊരു സ്ഥലം ഇല്ലെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുകയായിരുന്നു. മാത്രവുമല്ല ചെലവ് കുറച്ച് തെക്കന്‍ കേരളത്തിലേക്ക് ഒരു പാത നിര്‍മ്മിക്കാം എന്ന മേന്മയും കൊല്ലത്തേക്കുള്ള വഴി തുറന്നു.

മദ്രാസ് സര്‍ക്കാര്‍ അനുവദിച്ച 17 ലക്ഷം രൂപ, റയില്‍വേ അനുവദിച്ച 7 ലക്ഷം രൂപ, അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമയ്യങ്കാര്‍ അനുവദിച്ച 6 ലക്ഷം രൂപ എന്നിവയായിരുന്നു പാതയ്ക്കുള്ള മൂലധനം.

13Arch_Bridge_View_1

നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ വെല്ലുവിളികള്‍ കൊല്ലം ചെങ്കോട്ട റയില്‍പാതയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഭൂപ്രകൃതിയിലുള്ള വൈരുധ്യങ്ങളാണ് ആദ്യം റയില്‍പാതാനിര്‍മ്മാണത്തിന് മുന്‍പില്‍ ഒരു കടമ്പയായി മാറിയത്. ആര്യങ്കാവ് ഭാഗത്തെ മലകള്‍ക്കിടയിലൂടെ തുരങ്കങ്ങളും ഒട്ടേറെ പാലങ്ങളും നിര്‍മ്മിക്കേണ്ടത് പാതാ നിര്‍മ്മാണം ദീര്‍ഘിപ്പിച്ചു. ഇതിനിടയില്‍ പാതാനിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കിടയില്‍ മലമ്പനിയും മറ്റ് മാരകരോഗങ്ങളും പടര്‍ന്ന് പിടിച്ചത് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി 21 കൊല്ലം കാത്തിരിക്കേണ്ടി വന്നു.

1902ലാണ് കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ഇതിനായി ചിലവായത് 12,65,637 രൂപയാണ്. ആദ്യത്തെ യാത്രാതീവണ്ടി 2 കൊല്ലത്തിന് ശേഷം 1904 ജൂണ്‍ ഒന്നിന് ഓടി. 1904 നവംബര്‍ 26ന് കൊല്ലം ചെങ്കോട്ട റയില്‍പാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാല്‍ ശക്തമായ മഴയില്‍ തുരങ്കങ്ങളുടെ ചുവരുകള്‍ തകര്‍ന്നതിനാല്‍ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് പുനലൂര്‍ വരെ മാത്രമാണ്. കൊല്ലത്തെ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന രാമയ്യയാണ് വണ്ടിയെ പതാക വീശി യാത്രയാക്കിയത്. തീവണ്ടി പുറപ്പെടുമ്പോള്‍ 21 ആചാരവെടികള്‍ മുഴങ്ങിയിരുന്നു. ആദ്യത്തെ ട്രയിനിന് ‘ധൂമശകടാസുരന്‍’ എന്നാണ് തദ്ദേശവാസികള്‍ പേര് നല്‍കിയത്.

kannarabridge2

തീവണ്ടിയുടെ ഭാഗങ്ങള്‍ തൂത്തുക്കുടിയില്‍ നിന്ന് പത്തേമാരിയില്‍ കൊച്ചുപിലാമൂട് തുറമുഖത്ത് എത്തിച്ച് അവിടെ നിന്നും കാളവണ്ടിയിലും മറ്റും കൊല്ലത്തെത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ട്രയിന്‍ ഓടിച്ചത്. തീവണ്ടി എന്നാല്‍ എന്തെന്ന് അന്ന് സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു. ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാര്‍ ഭയന്ന് ഓടിയിരുന്നു. 1918ല്‍ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി സേവനം ആരംഭിച്ചു. പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് നീട്ടി.

ഈ വിസ്മയ യാത്ര അവസാനിച്ച് നാലുവര്‍ഷം തികയുന്ന വേളയില്‍ മാധ്യമപ്രവര്‍ത്തകനും റിസര്‍ച്ച് ഫെലോയുമായ പി. മുഹമ്മദ് ഷാഫി ആ ചൂളം വിളിയുടെ കഥകള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ ചരിത്ര ഓര്‍മപുസ്തകമായി പുറത്തിറക്കിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു തീവണ്ടിയുടെ കഥ മലയാളത്തില്‍ ചിത്രങ്ങള്‍ സഹിതം പുറത്തിറങ്ങിയത്. തീവണ്ടി നിര്‍ത്തിയതിന്റെ അഞ്ചാം വാര്‍ഷവും പുസ്തകത്തിന്റെ ഒന്നാം വാര്‍ഷികവും ആഘോഷിക്കുന്ന ഈ അവസരത്തില്‍ പുസ്തകം വിവിധ ഭാഷകളില്‍ പുറത്തിറങ്ങുകയാണ്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം പരിഷ്‌കരിച്ച പതിപ്പുകളുടെ രൂപത്തിലാണ് പുസ്തകം വായനക്കാരെ തേടിയെത്തുന്നത്.

plrdinakaran

പത്തനംതിട്ട ഗവ. കലഞ്ഞൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സജയന്‍ ഓമല്ലൂര്‍, കൊല്ലം പ്രാക്കുളം സ്‌കൂള്‍ അധ്യാപകന്‍ ഡോ. രാജേഷ്‌കുമാര്‍ എന്നിവരാണു പുസ്തകം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും എന്‍ജിനീയറുമായ ഷെമിയും പുസ്തകത്തിന്റെ ജനറല്‍ എഡിറ്ററുമായ ഷാഫിയുമാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അറബി അധ്യാപകന്‍ കബീര്‍ മൗലവിയാണ് അറബി പരിഭാഷന്‍. പ്രഫസര്‍ രാജു ശെല്‍വവും ഷെറിന്‍ തങ്ങളും പുസ്തകം തമിഴിലേക്കു പരിഭാഷപ്പെടുത്തുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിന മാസമായ ഒക്‌ടോബറില്‍ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ചരിത്രാന്വേഷികള്‍ക്കും യാത്രാപ്രിയര്‍ക്കും മറ്റും ഇന്ന് മുതല്‍ ഒക്‌ടോബര്‍ അവസാനംവരെ പുസ്തകത്തെപ്പറ്റി അറിയാന്‍ 9447305314 എന്ന നമ്പരില്‍ വിളിക്കാമെന്നും ഷാഫി പത്രസമ്മേളനത്തില്‍ അറിയിച്ചു.

വീതികുറഞ്ഞ മീറ്റര്‍ഗേജ് പാതയിലൂടെ ബോഗികളേയും വലിച്ചിഴച്ചുകൊണ്ട് പതിയെ നീങ്ങുന്ന പഴയ തീവണ്ടി ഇനി ഓര്‍മ്മ മാത്രമാണ്. പക്ഷേ പൂര്‍ത്തിയായി വരുന്ന പുതിയ പാതയിലൂടെയുള്ള യാത്ര പഴമക്കാര്‍ക്ക് ഓര്‍മ്മകളിലേക്കുള്ള യാത്രയും പുത്തന്‍ തലമുറയ്ക്ക് ഒരു പുതിയ അനുഭവവുമായി മാറുമെന്നുള്ള ഉറപ്പോടെ കാത്തിരിക്കുകയാണ് ഈ പഴമയെ സ്‌നേഹിക്കുന്നവര്‍.