കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന 100 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്‍ ജി.ദിനേശ് ലാലിനെ സ്ഥലംമാറ്റി

single-img
20 September 2015

Consumerfed

കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന 100 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അഴിമതി പുറത്തു കൊണ്ടുവന്ന മൂന്നംഗ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കിയ പരിശീലന വിഭാഗത്തിന്റെ തലവനായ ജി.ദിനേശ് ലാലിനെയാണ് പുതിയ എംഡി രത്‌നകുമാരന്‍ സ്ഥലംമാറ്റിയത്.

ദിനേശ് ലാലിനെയാണ് കൊല്ലത്തു നിന്നു കോട്ടയത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തെ കൊല്ലം റീജനല്‍ മാനേജരായിരുന്ന ദിനേശ് ലാലിനെ ഇപ്പോഴത്തെ ഭരണസമിതി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നാലാം പ്രാവശ്യമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പരിശോധന വിഭാഗത്തിന്റെ തലവനായും ഫെഡറേഷനിലെ വിജിലന്‍സ് ഓഫിസറായും നിയമിച്ചിരുന്നപ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും അതിനെതുടര്‍ന്ന് മുന്‍ എംഡി റിജി ജി.നായര്‍ പരിശീലന വിഭാഗത്തിലേക്കു ദിനേശ് ലാലിനെമാറ്റുകയും ചെയ്തത് വിവാദമായിരുന്നു.

ടോമിന്‍ തച്ചങ്കരി എംഡിയായി ചുമതലയേറ്റയുടന്‍ ദിനേശ് ലാലിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രൂപീകരിച്ച് സ്ഥാപനത്തില്‍ വിശദ പരിശോധന നടത്താന്‍ ഉത്തരവിടുകയും വിവിധ വിഭാഗങ്ങളിലും ഓഫിസുകളിലും ഇവര്‍ പരിശോധന നടത്തവേ 100 കോടിയിലേറെ രൂപയുടെ ക്രമക്കേടു കണ്ടെത്തുകയുമായിരുന്നു. ഭരണരംഗങ്ങളിലെ മുഖ്യര്‍ക്ക് ഈ രകമക്കേടില്‍ പങ്കുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി 22 അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഈ സംഘം ടോമിന്‍ തച്ചങ്കരിക്കു കൈമാറുകയും അതു വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്ത് സര്‍ക്കാരിനു നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.