കഷ്ടപ്പാടിലാണ് ജീവിക്കുന്നതെങ്കിലും ആ ബാഗ് അനിലിന്റെ സത്യസന്ധതയെ തോല്‍പ്പിച്ചില്ല

single-img
19 September 2015

Anil

തന്റെ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച സ്വര്‍ണവും പണവും മൊബൈല്‍ ഫോണുമടങ്ങിയ ബാഗ് ഉടമസ്ഥന് വീട്ടില്‍ കൊണ്ടു പോയി നല്‍കി സത്യസന്ധതയുടെ മഹത്വം തെളിയിച്ചു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷാഡ്രൈവറായ കല്ലുവേലിപ്പറമ്പില്‍ അനില്‍ കെ. തങ്കച്ചനാണ് തൊടുപുഴ ടൗണിലെ എസ്.ബി.ടി. ഭാഗത്ത് തന്റെ ഓട്ടോയില്‍ മറന്നുവെച്ച സ്വര്‍ണവും പണവുമടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചത്.

മുട്ടം കാക്കൊമ്പ് സ്വദേശി കുളത്തിനാല്‍ ജോബി മാത്യുവിന്റെ ഭാര്യ വില്‍സിയുടെ ബാഗായിരുന്നു അനിലിന്റെ ഓട്ടോയില്‍ മറന്നുവെച്ചത്. വിന്‍സി രാവിലെ ടൗണിലെ അക്ഷയ സെന്ററില്‍ പോയി മടങ്ങും വഴി അനിലിന്റെ ഓട്ടോറിക്ഷയായിരുന്നു വിളിച്ചത്. എന്നാല്‍ വീടെത്തിയ വിന്‍സി ബാഗ് മറക്കുകയായിരുന്നു. കൂലിയും വാങ്ങി അനില്‍ തിരികെ വരികയും ചെയ്തു.

സ്റ്റാന്റില്‍ തിരികെയെത്തിയ അനില്‍ വീണ്ടും രണ്ട് ഓട്ടങ്ങള്‍ക്കു പോയ ശേഷമാണ് ബാഗ് കാണുന്നത്. ബാഗ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ സ്വര്‍ണവും പണവും മൊബൈല്‍ ഫോണുമാണെന്ന് മനസ്സിലാകുകയും ഉടന്‍തന്നെ ഓട്ടോറിക്ഷയുമായി തിരികെ ഇവരുടെ വീട്ടിലെത്തി ബാഗ് കൈമാറുകയായിരുന്നു.

വീട്ടുകാരും ഇതിനിടെ ബാഗ് അന്വേഷിക്കാന്‍ ആരംഭിച്ചിരുന്നുവെങ്കിലും അന്വേഷണം പുറത്തെത്തും മുമ്പേ തന്നെ അനില്‍ ബാഗുമായി എത്തുകയായിരുന്നു. ജോബിയുടെ കുട്ടിയുടെ അഞ്ച് പവനിലധികം സ്വര്‍ണാഭരണങ്ങളും പണവുമായിരുന്നു ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്.