ശാന്തിഗിരിയില്‍ പൂര്‍ണ കുംഭമേള ഞായറാഴ്ച

single-img
19 September 2015

santhigiriപോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ പൂര്‍ണ കുംഭമേള സെപ്റ്റംബര്‍ 20 ഞായറാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടക്കും. ജീവനില്‍ പുണ്യാംശം നിറയ്ക്കാനും അഭീഷ്ടസിദ്ധിയ്ക്കും മാറാവ്യാധികള്‍ ഭേദപ്പെടാനും ഉതകുന്ന ഒരു അനുഷ്ഠാന കര്‍മ്മാണ് ശാന്തിഗിരിയിലെ കുംഭമേള.

രാവിലെ അഞ്ചിന് പ്രത്യേക ആരാധാനയോടും പുഷ്പാഞ്ചലിയോടും കൂടി ആശ്രമത്തില്‍ ചടങ്ങുകള്‍ ആരംഭിക്കും. ആറിനു ധ്വജം ഉയര്‍ത്തും. വൈകിട്ട് നാലിനാണു കുംഭമേള ഘോഷയാത്ര. ഏഴിനു കുംഭമേള സംത്സംഗവും നടക്കും.

ശാന്തിഗിരി ആശ്രമം സ്ഥാപിച്ച നവജ്യോതിശ്രീ കരുണാകരഗുരു 1973 കന്നി നാലിന് തന്റെ ആത്മീയ അവസ്ഥകള്‍ പൂര്‍ത്തിയാക്കിയ സുദിനത്തെ അനുസ്മരിച്ചാണ് പൂര്‍ണ കുംഭമേള അനുഷ്ഠിക്കുന്നത്. ഗുരുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ‘നവപൂജിതം’ ആഘോഷങ്ങളുടെ സമാപനം കൂടിയാണിത്.

കുംഭമേളയില്‍ പങ്കെടുക്കാനായി വിദേശികളടക്കം അയിരക്കണക്കിനു ഭക്തര്‍ ശാന്തിഗിരിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  ആന്ധ്രപ്രദേശ് ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഡോ. കാമിനേനി ശ്രീനിവാസ് മുഖ്യാതിഥിയായി ശാന്തിഗിരിയിലെത്തുന്നുണ്ട്. ആന്ധ്ര ആയുഷ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ നളിനി മോഹന്‍, ഡോ. മാധവ റാവു ചൗധരി, ഡോ. യാമിനി എന്നിവരും പങ്കെടുക്കും.

മണ്‍കുടങ്ങളില്‍ ദിവ്യ ഔഷധങ്ങളും അഷ്ടഗന്ധം അടക്കമുള്ള സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തു തയാറാക്കിയ തീര്‍ത്ഥം നിറച്ച് പീതവസ്ത്രംകൊണ്ടു വായ പൊതിഞ്ഞുകെട്ടി നാളികേരം, ലതാപുഷ്പമാല്യങ്ങള്‍ കൊണ്ടലങ്കരിച്ചാണ് കുംഭം തയാറാക്കുന്നത്. ദീപം, മുത്തുക്കുട എന്നിവയും കുംഭപ്രദിക്ഷണത്തിലുണ്ടാകും. ഭക്തര്‍ കുംഭം തലയിലേന്തി അഖണ്ഡനാമ ജപത്തോടെ ആശ്രമ സമുച്ചയത്തെ പ്രദിക്ഷണം വച്ചശേഷം ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കുന്നതാണ് കുംഭമേള അനുഷ്ഠാനകര്‍മ്മം.