വീട് മകന്‍ നിര്‍മ്മിച്ചതാണെങ്കിലും ജീവിതാവസാനം വരെ മാതാവിന് താമസിക്കാന്‍ അവകാശമുണെ്ടന്ന് കോടതി

single-img
18 September 2015

court

വീട് മകന്‍ നിര്‍മ്മിച്ചതാണെങ്കിലും ജീവിതാവസാനം വരെ മാതാവിന് താമസിക്കാന്‍ അവകാശമുണെ്ടന്ന് കോടതി. താമരശേരി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മുക്കം കാരശേരി മേലേടത്ത് ചിരുത (90) മകന്‍ മേലേടത്ത് ജയരാജന്‍, മരുമകള്‍ ഗിരിജ എന്നിവര്‍ക്കെതിരേ നല്‍കിയ പരാതിയിലാണ് കോടതി വിധി വന്നത്.

പ്രായാധിക്യം കാരണം അവശതകള്‍ അനുഭവിക്കുന്ന മാതാവ് ചിരുതയ്ക്ക് വേണ്ടി മറ്റൊരു മകനായ ശ്രീധരനാണ് കോടതിയില്‍ ഗാര്‍ഹിക പീഡന സംരക്ഷണ നിയമ പ്രകാരം പരാതി നല്‍കിയത്. താന്‍ സ്വന്തമായി നിര്‍മ്മിച്ച വീടാണെന്നും ഈ വീട്ടില്‍ ചിരുത താമസിച്ചിട്ടില്ലെന്നും ജയരാജന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

മക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മാതാവിന്റെ സംരക്ഷണത്തിന് തടസ്സമാകരുതെന്ന് കോടതി അറിയിച്ചു. സുരക്ഷിതമായ മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കുന്നത് വയോധികയായ സ്ത്രീയുടെ അവകാശമാണെന്നും കോടതി പ്രസ്താവിച്ചു.

ചിരുതയ്ക്ക് സഹായത്തിനായി മകന്‍, മകള്‍, മരുമകള്‍ എന്നീ ബന്ധുക്കളില്‍ ആരെയെങ്കിലും വീട്ടില്‍ കൂടെ താമസിപ്പിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.