ജോലിയില്‍ തുടരുന്ന നിശ്ചിത പ്രായം കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്യശേഷിയില്ലെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടും

single-img
18 September 2015

govt-l

ജോലിയില്‍ തുടരുന്ന നിശ്ചിതപ്രായം കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കാര്യശേഷി വിലയിരുത്തി അതില്‍ പരാജയപ്പെട്ടാല്‍ അവരെ അവരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടും. 50/55 വയസ്സിനോട് അടുക്കുന്നവര്‍, 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ എന്നിവരുടെ പ്രവര്‍ത്തനക്ഷമത ഓരോ മൂന്നുമാസത്തിലും വിലയിരുത്തിയശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പേഴ്‌സണല്‍കാര്യ വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി.

ഗുജറാത്ത് സര്‍ക്കാറും ഉമേദ്ഭായ് പട്ടേലും തമ്മിലുള്ള കേസില്‍ 2001ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അടിസ്ഥാനമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മേലുദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന സ്വകാര്യ റിപ്പോര്‍ട്ടും സര്‍വീസ് റെക്കോഡുകളുമാണ് കാര്യക്ഷമത കണക്കാക്കാന്‍ അടിസ്ഥാനമാക്കുകയെന്നും അതിനായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കുവേണ്ടി വെവ്വേറെ സമിതികള്‍ രൂപവത്കരിക്കണമെന്നും ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്.

കേന്ദ്രജീവനക്കാരുടെ പരമാവധി സേവനം 33 വര്‍ഷമായി നിജപ്പെടുത്താന്‍ ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. 2012ല്‍ കേന്ദ്ര ജീവനക്കാര്‍ക്കുവേണ്ടി മുന്‍ സര്‍ക്കാര്‍ ദേശീയ പരിശീലനനയം കൊണ്ടുവന്നിരുന്നു. രണ്ടുവര്‍ഷത്തിനകം എല്ലാ ഗ്രേഡുകളിലും നിയമിക്കപ്പെടുന്നവര്‍ക്ക് നിര്‍ബന്ധമായി ‘ഇന്‍ഡക്ഷന്‍ ട്രെയിനിങ്’ നല്‍കിയിരിക്കണമെന്നും സേവനകാലം ഏതാണ്ട് പകുതി പിന്നിടുമ്പോള്‍ ‘മിഡ് കരിയര്‍ ട്രെയിനിങ്’, അതിനിടയില്‍ ആവശ്യമെങ്കില്‍ പ്രത്യേക പരിശീലനം എന്നിവയും നല്‍കണമെന്നും പരിശീലന നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനുള്ള ഈ നയം ഫലപ്രദമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനൊപ്പമാണ് പ്രായംകൂടിയവരുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തി സേവനം അവസാനിപ്പിക്കാനുള്ള ശ്രമവും നടക്കുന്നത്. മാത്രമല്ല ഒരു പൊതുസേവകന്റെ പ്രവര്‍ത്തനം ഭരണത്തിന് പ്രയോജനപ്പെടുന്നില്ലെങ്കില്‍ പൊതുതാത്പര്യം കണക്കിലെടുത്ത് അദ്ദേഹത്തെ നിര്‍ബന്ധമായി പിരിച്ചുവിടാമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഈ ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.