കോട്ടയ്ക്കല്‍ നഗരത്തിനുള്ളില്‍ ജനങ്ങള്‍ക്കിടയിലൂടെ നിരവധി പേരെ കുത്തിനിറച്ച് അപകടകരമായ രീതിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പോടിച്ച് മുസ്ലീംലീഗ് വിദ്യാര്‍ത്ഥി സംഘടനയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം

single-img
17 September 2015

MSF

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വാഹനമിടിച്ചുള്ള മരണം ഓര്‍മ്മയില്‍ നിന്നും മാറുന്നതിനു മുമ്പേ കോട്ടയ്ക്കല്‍ നഗരമധ്യത്തിലൂടെ അപകടകരമായ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം നടത്തി മുസ്ലീംലീഗ് സംഘടനയായ എം.എസ്.എഫ്. യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ തുറന്ന ജീപ്പില്‍ നിരവധി പേരെ കുത്തിനിറച്ച് കോട്ടക്കല്‍ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണു അപകടകരമായ രീതിയില്‍ പ്രകടനം നടത്തിയത്.

നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പും ബൈക്കും ഉപയോഗിച്ചാണ് എംഎസ്എഫ് ആഹ്ലാദ പ്രകടനം നടത്തി പരസ്യമായി നിയമം ലംഘിച്ചത്. ചെങ്കുവെട്ടിയില്‍നിന്നു കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡിലെത്തി പ്രകടനം തിരിച്ചുപോവുകയായിരുന്നു. നിയമങ്ങള്‍ ലംഘിച്ചു നഗരമധ്യത്തിലൂടെ പ്രകടനം നടത്തിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നതാണ് അത്ഭുതം.

തിരുവനന്തപുരത്തെ കോളജിലെ ഓണാഘോഷത്തിനിടെ വഴിക്കടവ് സ്വദേശിനിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി വാഹനമിടിച്ച് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍എം.എസ്.എഫ് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യൂഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്‌ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടന പരസ്യമായ നിയമലംഘനം നടത്തിയത് മറ്റു പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.