മറക്കാനാവില്ല കേരളത്തിന് 99ലെ വെള്ളപ്പൊക്കമെന്ന ആ മഹാദുരന്തത്തെ

single-img
17 September 2015

Oct015159

മറക്കാനാവില്ല കേരളത്തിന് ആ പ്രളയത്തെ. ദൈവത്തിന്റെ സ്വന്തം നാടിനെ ഇളക്കിമറിച്ച ’99 ലെ വെള്ളപ്പൊക്കം’
ഇങ്ങനെയൊരു വെള്ളപൊക്കമൊ പ്രളയമൊ കേരളം ഇതുവരെ കണ്ടിട്ടുണ്ടാവില്ല. ഇരുപതാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ പ്രളയമായിരുന്നു അത്. കേരള ഭൂപ്രകൃതിയെയും ജീവിതത്തേയും ആകമാനം തകിടംമറിച്ച ‘തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായുണ്ടായ അതിഭീകരമായ പ്രകൃതിദുരന്തം. കൊല്ലവര്‍ഷം 1099ല്‍ ഉണ്ടായതിനാലാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരില്‍ ഇതറിയപ്പെടുന്നത്.

1099 കര്‍ക്കടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയിരുന്നു. മദ്ധ്യതിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ കാഠിന്യം നമുക്ക് ഊഹിക്കാവുന്നതാണ്. ഇതില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതിന് കണക്കുകളില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

മലയാളമണ്ണില്‍ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം വിതച്ച വിപത്തുകള്‍ വളരെ വലുതായിരുന്നു. കേരളമൊട്ടാകെ ഗതാഗതം മുടങ്ങി. റെയില്‍പാളങ്ങള്‍ വെള്ളം കയറി തീവണ്ടികള്‍ ഓട്ടം നിര്‍ത്തി. തപാല്‍ സംവിധാനങ്ങള്‍ നിലച്ചു. അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. പ്രളയത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു.
മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരുന്നത്. ഏറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങി. ആലപ്പുഴ പൂര്‍ണ്ണമായും വെള്ളത്തില്‍ താഴ്ന്നു എന്നാണ് രേഖകള്‍ പറയുന്നത്.

മദ്ധ്യ തിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങുകയുണ്ടായി. മഴപെയ്തുണ്ടായ മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതില്‍ ബാധിച്ചിരുന്നു. കര്‍ക്കടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം പകുതിയിലേറെയും മുങ്ങി. രണ്ടായിരം വീടുകള്‍വരെ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങള്‍ ഒഴുകിനടക്കുകയായിരുന്നു.

കേരളത്തിന് സംഭവിച്ച മറ്റൊരു പ്രധാനനഷ്ടം എന്നത് മൂന്നാറിലെ ആഘാതമായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പോക്കമുണ്ടായത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ ശക്തിയെ കാണിക്കുന്നതാണ്. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന അന്നത്തെ മുന്നാര്‍ അറിയപ്പെട്ടിരുന്നത് ഏഷ്യയിലെ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നായിരുന്നു. അന്ന് മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും മോണോറെയില്‍ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകളോളം പരന്നു കിടന്നിരുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും.

1924 ജൂലൈ മാസത്തില്‍ മൂന്നാറില്‍ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും മാട്ടുപെട്ടിയില്‍ രണ്ടു മലകള്‍ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി. ഇന്നവിടെ ഒരണക്കെട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവും പകലും പെയ്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകര്‍ന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയില്‍വേ സ്റ്റേഷനും റെയില്‍പാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു.

പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കര്‍ പരന്നു കിടന്നിരുന്ന സ്ഥലം പ്രളയത്തില്‍ ഒരു വന്‍ തടാകമായി മാറിയിരുന്നു. മഴതുടങ്ങിയതിന്റെ ആറാം ദിവസം അവിടുണ്ടായിരുന്ന അണക്കെട്ട് പൊട്ടി മലവെള്ളപ്പാച്ചില്‍ സംഭവിച്ചിരുന്നു. പള്ളിവാസലില്‍ 200 ഏക്കര്‍ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു ഇവിടെ പ്രളയം താണ്ടവമാടിയത്. വെള്ളപൊക്കത്തിന് ശേഷം പള്ളിവാസലിന്റെ രൂപം തന്നെ മാറി. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം അവിടെ സൃഷ്ടിക്കപ്പെട്ടു.

പൂര്‍ണ്ണമായും തകര്‍ന്ന മൂന്നാറിനെ വീണ്ടും ഒരുയര്‍ത്തെഴുനേല്‍പ്പിനു സഹായിച്ചത് ബ്രിട്ടീഷുകാര്‍ തന്നെയാണ്. അവര്‍ അവിടെ വീണ്ടും തേയിലച്ചെടികള്‍ നട്ടും റോഡുകള്‍ നന്നാക്കിയും പഴയ മൂന്നാറാക്കി മാറ്റി. എന്നാല്‍ ആ വെള്ളപ്പൊക്കത്തില്‍ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടമെന്നത് റെയില്‍ഗതാഗതം തന്നെയായിരുന്നു. കുണ്ടള വാലി റയില്‍വെ എന്ന പേരിലറിയപ്പെട്ടിരുന്ന മൂന്നാറില്‍ നിന്നും ടോപ്പ് സ്‌റ്റേഷന്‍ (തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള ഒരു സ്ഥലം. കേരള തമിഴ്‌നാട് അതിര്‍ത്തി) വരെ തീവണ്ടി സര്‍വ്വീസ് അന്നുണ്ടായിരുന്നു. പ്രളയത്തില്‍ നശിച്ചതിന്റെ അവശിഷടങ്ങള്‍ ഇന്നും മൂന്നാറില്‍ ഒരോര്‍മ്മക്കുറിപ്പായി അവശേഷിക്കുന്നു.

99ലെ വെള്ളപ്പൊക്കമുണ്ടായതുപോലെ ഒരുപ്രളയം കേരളത്തിലിനിയുമുണ്ടാവാന്‍ സാധ്യതയുണ്ട്. അന്നൊരു ബണ്ടുപൊട്ടിയുള്ള മലവെള്ളപാച്ചിലാണ് പ്രളയത്തിന് ആക്കം കൂട്ടിയതെങ്കില്‍ ഇപ്പോള്‍ ഭീതിയുയര്‍ത്തുന്നത് മുല്ലപെരിയാര്‍ അണകെട്ടാകുന്നു. 1887ല്‍ വെള്ളകാര്‍ കെട്ടിയ അതേസ്ഥിതിയില്‍ തന്നെയാണ് ഡാം ഇന്നും നിലകൊള്ളുന്നത്. ഉയര്‍ന്നുവരുന്ന ജലനിരപ്പ് താങ്ങാന്‍ ആ പഴയനിര്‍മ്മിതിക്ക് കഴിഞ്ഞു എന്ന് വരില്ല. അങ്ങനെയാണെങ്കില്‍ 99ലെ വെള്ളപ്പൊക്കം പോലെ അല്ലെങ്കില്‍ അതിലും വലുത് സംഭവിക്കാം.