ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ആസ്ഥാനമായ പെന്റഗണില്‍ മറ്റൊരു രാജ്യത്തിനുവേണ്ടി പ്രത്യേക വിഭാഗം പ്രവര്‍ത്തനം തുടങ്ങി; ഇന്ത്യയ്ക്കുവേണ്ടി

single-img
16 September 2015

Pentagon

ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ആസ്ഥാനമായ പെന്റഗണില്‍ മറ്റൊരു രാജ്യത്തിനുവേണ്ടി പ്രത്യേക വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യയ്ക്കുവേണ്ടി. പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ‘ഇന്ത്യ റാപ്പിഡ് റിയാക്ഷന്‍ സെല്ലി’ന്റെ(ഐ.ആര്‍.ആര്‍.സി.) രൂപവത്കരണമാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇന്ത്യയുടെയും അമേരിക്കയുടേയും സഹകരണത്തോടെ ആധുനിക സൈനിക ഉപകരണങ്ങള്‍ വികസിപ്പിക്കാനും നിര്‍മിക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ‘ഇന്ത്യ റാപ്പിഡ് റിയാക്ഷന്‍ സെല്ലി’ന്റെ ലക്ഷ്യം. മാത്രമല്ല ഇരു രാജ്യങ്ങളും സഹകരിക്കുന്ന പ്രതിരോധരംഗത്തെ പദ്ധതികള്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സെല്‍ ശ്രമിക്കുകയും പുതിയ പദ്ധതികള്‍ നിര്‍മദ്ദശിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രതിരോധമന്ത്രാലയ സെക്രട്ടറിയായി ആഷ്ടണ്‍ കാര്‍ട്ടര്‍ എത്തിയതിന് പിന്നാലെയാണ് സെല്‍ തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. യു.എസ്. പ്രതിരോധ സെക്രട്ടറിക്കു കീഴിലുള്ള അന്താരാഷ്ട്ര സഹകരണ ഓഫീസിന്റെ ഡയറക്ടറായ കെയ്ത്ത് വെബ്സ്റ്ററിന്റെ കീഴില്‍ യു.എസ്. പ്രതിരോധ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ഉദ്യോഗസ്ഥരാണ് ഇവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി ജനവരിയില്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സെല്‍ ആരംഭിക്കാന്‍ യു.എസ്. പ്രതിരോധമന്ത്രാലയം തീരുമാനമെടുത്തത്. വരും മാസങ്ങളില്‍ പ്രതിരോധരംഗത്ത് ഇരു രാജ്യങ്ങളുമായി ഒട്ടേറെ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അടുത്തുതന്നെ പെന്റഗണ്‍ സന്ദര്‍ശിക്കുന്നുണ്ട്.