കേരള നാടിന്റെ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ ഭാഷയില്‍ നന്ദിഅറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ അവതരിപ്പിച്ചു

single-img
16 September 2015

Blasters

കേരളത്തിന്റെ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി ടീം ഉടമയും ഇതിഹാസ ക്രിക്കറ്റ് താരവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജേഴ്‌സി കൈമാറിയാണ് രണ്ടാം സി.സി.എല്ലിനുള്ള ടീമിനെ സച്ചിന്‍ അവതരിപ്പിച്ചത്. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു.

മികച്ച രീതിയിലാണ് കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചതെന്നും ആദ്യ എഡിഷന്‍ ആയതിനാല്‍ തന്നെ എത്രത്തോളം കാണികളെ സ്‌റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രകടനവും ഇപ്പോഴത്തെ മികച്ച യുവനിരയെയും പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെയുള്ള സ്‌റ്റേഡിയവും ബ്ലാസ്‌റ്റേഴ്‌സിന് നിറക്കാന്‍ കഴിയുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

കളി ജയിക്കുന്നതിനെക്കാള്‍ പ്രധാനം കാണികളുടെ ഹൃദയം കീഴടക്കുന്നതിലാണ്. കഴിഞ്ഞ വര്‍ഷം ഏവരില്‍ നിന്നും ലഭിച്ച മികച്ച പിന്തുണ ഇക്കുറിയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ജേതാക്കളാവാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ മത്സരം നടന്നയിടത്തൊക്കെ മികച്ച പ്രകടനത്തിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ സാധിച്ചെന്നും എവേ മത്സരങ്ങളില്‍ ടീമിന് ലഭിച്ച പിന്തുണ അത് വ്യക്തമാക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

താന്‍ ടീമിന്റെ ജേഴ്‌സിയുടെ നിറമായ മഞ്ഞ ഷര്‍ട്ട് അണിഞ്ഞാണ് സച്ചിന്‍ ജേഴ്‌സിയും ടീമും അവതരിപ്പിച്ചത്. സച്ചിന്‍ കേരളത്തോട് കാണിക്കുന്ന പ്രത്യേക സ്‌നേഹത്തിന് കേരളജനങ്ങള്‍ എന്നും കടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.