ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കില്ല;ക്രിമിനലുകള്‍ക്ക് സീറ്റ് നല്‍കരുത്; ഭാര്യ-ഭര്‍ത്താക്കന്മാര്‍ മാറി മാറി മത്സരിക്കുന്നത് അവസാനിപ്പിക്കണം- സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കെപിസിസി മാര്‍ഗരേഖ

single-img
16 September 2015

kpccതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കെപിസിസി മാര്‍ഗരേഖ. ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കില്ല. ക്രിമിനലുകള്‍ക്കും സ്ത്രീപീഡന കേസുകളില്‍ പ്രതികളായവര്‍ക്കും സീറ്റ് നല്‍കരുത്. ഭാര്യ-ഭര്‍ത്താക്കന്മാര്‍ മാറി മാറി മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്നും മാര്‍ഗരേഖ പറയുന്നു.   ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 50 ശതമാനം സ്ത്രീ സംവരണമുള്ളതിനാലാണ് ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

അഴിമതിക്കാര്‍, മദ്യപാനികള്‍, സ്വഭാവ ദൂഷ്യം ആരോപിക്കപ്പെടുന്നവര്‍, ക്രിമിനല്‍ കേസുകളിലെ പ്രതികള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അച്ചടക്കലംഘനത്തിന് പാര്‍ട്ടി നടപടി നേരിട്ടവര്‍, പാര്‍ട്ടി വിപ്പ് ലംഘിച്ചവര്‍ തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നല്ല പ്രതിച്ഛായയുള്ളവരെയും പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നവരെയുമായിരിക്കണം പരിഗണിക്കേണ്ടത്.

ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ഥികളെ വാര്‍ഡ് തലത്തില്‍ നിശ്ചയിക്കണം. തര്‍ക്കം ഉണ്ടായാല്‍ പരിഹരിക്കാന്‍ മണ്ഡലം തല സമിതികള്‍ രൂപവത്കരിക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ജില്ലാതല സമിതികള്‍ ഉണ്ടാകണം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പ്രത്യേകം കമ്മിറ്റികള്‍ വേണം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി തല സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം ഉണ്ടായാല്‍ സംസ്ഥാനതല സമിതി തീര്‍പ്പുണ്ടാക്കണം.

ഡി.സി.സി, കെ.പി.സി.സി ഭാരവാഹികള്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ബന്ധപ്പെട്ട കമ്മിറ്റികളെ സമീപിക്കണം. സ്ഥാനാര്‍ഥിത്വം അംഗീകരിച്ചാലേ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതിയുള്ളൂ. വനിതകള്‍ ഉള്‍പ്പെടെ പോഷകസംഘടനകളില്‍നിന്ന് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടവരെ അതത് പോഷകസംഘടനകള്‍ തന്നെ നിര്‍ദേശിക്കണം. വി.ഡി. സതീശന്‍ ചെയര്‍മാനായ ഉപസമിതിയില്‍ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരാണ് മറ്റും അംഗങ്ങള്‍.