ഇനി മഹാരാഷ്ട്രയില്‍ മറാഠി ഭാഷ സംസാരിക്കാത്തവര്‍ക്കു ഓട്ടോറിക്ഷ പെര്‍മിറ്റില്ല

single-img
16 September 2015

 AFP PHOTO/ Punit PARANJPE

മുംബൈ: നവംബര്‍ ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ ഓട്ടോറിക്ഷ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാനസര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മഹാരാഷ്ട്ര ഗതാഗതമന്ത്രി ദിവാകര്‍ റാവത്ത് അറിയിച്ചു. എന്നാല്‍, നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് ബാധകമായിരിക്കില്ല. മറാഠി ഭാഷ അറിഞ്ഞിരിക്കണമെന്നതിന് പുറമേ അപേക്ഷകര്‍ എട്ടാംക്ളാസ് ജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഓട്ടോ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ഇനി മറാഠി പഠിക്കേണ്ടി വരും. നിലവില്‍ മുംബൈ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും വടക്കേഇന്ത്യന്‍ സംസ്ഥാനക്കാരായതിനാല്‍ പുതിയ തീരുമാനം വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്.

നിലവില്‍ മുംബൈയില്‍ മാത്രം 11 ലക്ഷത്തിലേറെ ഓട്ടോ പെര്‍മിറ്റുകളുണ്ട്.   ഫട്‌നവിസ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഓട്ടോറിക്ഷക്കാര്‍ക്കിടയില്‍ സര്‍വേ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 70 ശതമാനത്തോളം ഓട്ടോക്കാര്‍ ഇതരസംസ്ഥാനക്കാരാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതും വിവാദമായിരുന്നു.