മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും പേരിലുള്ള തപാല്‍ സ്റ്റാമ്പുകള്‍ കേന്ദ്രം നിര്‍ത്തലാക്കി

single-img
16 September 2015

indiraന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും പേരിലുള്ള തപാല്‍ സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കി. ഇവര്‍ക്ക് പകരം പുതിയ സ്റ്റാമ്പുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായ, ജയപ്രകാശ് നാരായണ്‍, ശ്യാമപ്രസാദ് മുഖര്‍ജി, രാം മനോഹര്‍ ലോഹ്യ എന്നിവരുടെ ചിത്രങ്ങള്‍ വരും. ഇന്ത്യന്‍ എക്‌സ്പ്രസിന് വിവരാവകാശ നിയമപ്രകാരം  ലഭിച്ച മറുപടിയിലാണ് ഇന്ദിരയുടേയും രാജീവിന്റേയും ചിത്രങ്ങള്‍ അടങ്ങിയ അഞ്ച് രൂപയുടെ സ്റ്റാമ്പുകള്‍ ജൂലായ് മുതല്‍ വിതരണം നിര്‍ത്തിയതായി മറുപടി ലഭിച്ചത്.

2008 ല്‍ യു.പി.എ സര്‍ക്കാര്‍ ആധുനിക ഇന്ത്യയുടെ ശില്‍പികള്‍(ബില്‍ഡേഴ്‌സ് ഓഫ് മോഡേണ്‍ ഇന്ത്യ) എന്ന പരമ്പരയില്‍ പുറത്തിറക്കിയ ഒമ്പത് പേരുടെ ചിത്രങ്ങളിലായി ഇറക്കിയ സ്റ്റാമ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇന്ദിരയ്ക്കും രാജീവിനും പുറമെ ജവഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, ബി.ആര്‍ അംബേദ്കര്‍, സത്യജിത് റായ്, എച്ച്.ജെ ബാബ, ജെ.ആര്‍.ഡി ടാറ്റ, മദര്‍ തെരേസ എന്നിവരുടെ ചിത്രങ്ങളിലായിരുന്നു സ്റ്റാമ്പുകള്‍.

ഇവര്‍ക്ക് പകരമായി മേക്കേഴ്‌സ് ഓഫ് ഇന്ത്യ എന്ന പരമ്പരയില്‍ പുറത്തിറക്കുന്ന സ്റ്റാമ്പുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായ, ജയപ്രകാശ് നാരായണ്‍, ശ്യാമപ്രസാദ് മുഖര്‍ജി, രാംമനോഹര്‍ ലോഹ്യ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ ഇടംപിടിക്കും. ഇവര്‍ ഉള്‍പ്പടെ 24 പേരുടെ ചിത്രങ്ങളാണ് മേക്കേഴ്‌സ് ഓഫ് ഇന്ത്യ പരമ്പരയിലെ സ്റ്റാമ്പുകളിലുണ്ടാകുക. ഒപ്പം യോഗയെക്കുറിച്ചും സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്. ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന പരമ്പരയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, മദര്‍ തെരേസ, ബി.ആര്‍ അംബേദ്കര്‍ എന്നിവരെ മാത്രമാണ് പുതിയ സ്റ്റാമ്പുകളുടെ പരമ്പരയില്‍ നിലനിര്‍ത്തിയിട്ടുള്ളത്.

ഛത്രപതി ശിവജി, മഹാറാണ പ്രതാപ്, വിവേകാനന്ദ, സുബ്രഹ്മണ്യ ഭാരതി, പണ്ഡിറ്റ് രവി ശങ്കര്‍, വല്ലഭായ് പട്ടേല്‍, ബാല്‍ ഗംഗാധര്‍ തിലക്, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ്, ഭഗത് സിങ്, രബീന്ദ്രനാഥ് ടാഗോര്‍,  ഭീംസെന്‍ ജോഷി, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍ എന്നിവരാകും പുതുതായി മേക്കേഴ്‌സ് ഓഫ് ഇന്ത്യ പരമ്പരയില്‍ സ്റ്റാമ്പുകളില്‍ വരുന്ന മറ്റ് വ്യക്തികള്‍.

ഈവര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ ഇന്ദിര ഗാന്ധി രാജ്യഭാഷ പുരസ്‌കാരം, രാജീവ് ഗാന്ധി രാഷ്ട്രീയ ഗ്യാന്‍-വിഗ്യാന്‍ മൗലിക് പുഷ്തക് ലേഖന്‍ പുരസ്‌കാരം എന്നീ അവാര്‍ഡുകളുടെ പേരുകള്‍ രാജഭാഷ കീര്‍ത്തി പുരസ്‌കാരം, രാജഭാഷ ഗൗരവ് പുരസ്‌കാരം എന്നാക്കി മാറ്റിയിരുന്നു.