മലപ്പുറം ജില്ലയിലെ വഴിക്കടവ്‌ വിധവകളുടെ പഞ്ചായത്ത്; കുടുംബശ്രീ പ്രവര്‍ത്തകരില്‍ 3700 പേര്‍ വിധവകള്‍

single-img
15 September 2015

malappuramമലപ്പുറം : മലപ്പുറം ജില്ലയിലെ വഴിക്കടവ്‌ വിധവകളുടെ പഞ്ചായത്ത്.  പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ 3700 പേര്‍ വിധവകളാണ് . സ്‌ത്രീകള്‍ മാത്രമുള്ള കുടുംബങ്ങളാണു ഇതിലേറെയും. തമിഴ്‌നാട്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതും സാമ്പത്തികമായ ഏറെപിന്നാക്കം നില്‍ക്കുന്നതുമായ പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക്‌ സ്വന്തമായി വീടില്ല.  ഇതില്‍ പകുതിയിലധികം കുടുംബങ്ങളില്‍ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളും ധാരാളം.

കുടുംബശ്രീയുടേയും മറ്റു സന്നദ്ധസംഘടനകളുടേയും നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിലാണു സംസ്‌ഥാനത്ത്‌ ഏറ്റവും കുടുതല്‍ വിധവകളുള്ള പഞ്ചായത്ത്‌ വഴിക്കടവാണെന്നു കണ്ടെത്തിയത്‌. വീടില്ലാത്ത സ്‌ത്രീകള്‍ മാത്രമുള്ള കുടുംബങ്ങള്‍ താമസിക്കുന്നത്‌ ക്വാര്‍ട്ടേഴ്‌സിലും ബന്ധുവീടുകളിലും. ഇവരുടെ മക്കളുടെ വിവാഹവും വിദ്യാഭ്യാസവും ജോലിയും എല്ലാം മറ്റുള്ളവരില്‍നിന്നു വ്യത്യസ്‌തം. പഠിച്ചു നല്ല ജോലി നേടാനും അവസരങ്ങള്‍ ഇവര്‍ക്കില്ല. ബാങ്കുവായ്‌പകളും കുടുംബശ്രീ വായ്‌പകളും തിരിച്ചടക്കാനാകില്ലെന്ന കാരണം പറഞ്ഞ് ഇവര്‍ക്കു കിട്ടാറില്ല.

മുസ്ലിം മുന്‍തൂക്കമുള്ള ഈ പഞ്ചായത്തില്‍ സ്‌ത്രീകള്‍ അനാഥരാവാന്‍ നിരവധി കാരണങ്ങള്‍. മുന്‍കാലങ്ങളില്‍ നടന്ന മൈസൂര്‍കല്യാണങ്ങള്‍ക്ക്‌ കൂടുതല്‍ ഇരയാക്കപ്പെട്ടതും ഈപ്രദേശത്തെ പെണ്‍കുട്ടികളാണ്‌. ഇതില്‍ നിന്നും ഒരു മോചനം എന്നോണം 2010ല്‍ കുടുംബശ്രീ ഇടപെടുകയും എ.ഡി.എസ്‌ തലത്തില്‍ വിധവകളുടേയും ഉപേക്ഷിക്കപ്പെട്ടവരുടേയും സര്‍വേ നടത്തുകയും മൈസൂര്‍ കല്യാണത്തിന്‌ ഇരകളായവരെ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ഇവര്‍ക്കായി പുനഃരധിവാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌.