ഗുരുസന്ദേശങ്ങള്‍ മറന്ന് എസ്എന്‍ഡിപി ആര്‍എസ്എസിന്റെ കാവല്‍ക്കാരാകുന്നുവെന്ന് വി.എം സുധീരന്‍

single-img
15 September 2015

vbk-sudheeran_809394fഎസ്എന്‍ഡിപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഗുരുസന്ദേശങ്ങള്‍ മറന്ന് എസ്എന്‍ഡിപി ആര്‍എസ്എസിന്റെ കാവല്‍ക്കാരാകുന്നുവെന്ന് സുധീരന്‍. ആര്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടേയും സന്ദേശങ്ങള്‍ തമ്മില്‍ യോജിച്ചു പോകുന്നതല്ല.

ശ്രീനാരായണ ധര്‍മം പരിപാലിക്കേണ്ടവര്‍ അത് നിര്‍വഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കൊണ്ടുള്ള യോഗത്തിലാണ് വിഎം സുധീരന്‍ എസ്എന്‍ഡിപിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.

എസ്എന്‍ഡിപിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം ഗൗരവത്തോടെ കാണണമെന്നും വിഎം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപിയുടെ സന്ദേശങ്ങളും സംഘപരിവാറിന്റെ സന്ദേശങ്ങളും കൂട്ടികെട്ടുന്നത് ഉചിതമല്ല. അത് രാഷ്ട്രീയപരമായി ശരിയല്ല. ഗുരുവിന്റെ സന്ദേശങ്ങളെ മനസ്സിലാക്കുകയാണ് വേണ്ടത്. അതിനെ സംഘപരിവാര്‍ സന്ദേശങ്ങളോട് ചേര്‍ത്ത് വെയ്ക്കുന്നതിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.