‘ഇനി അമ്മ ഇന്റര്‍നെറ്റ്’, എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയുമായി ജയലളിത

single-img
15 September 2015

Jayalalitha_CMചെന്നൈ:   തമിഴ്‌നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയുമായി മുഖ്യമന്ത്രി ജയലളിത. തമിഴ്‌നാട് ഫൈബര്‍ നെറ്റ് കോര്‍പ്പറേഷന്‍ എന്ന കമ്പനി രൂപികരിച്ചാണ് പുതിയ പദ്ധതി. ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബത്തിനും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

കൂടാതെ തമിഴ്‌നാട് അരസു കേബിള്‍ കോര്‍പ്പറേഷനിലൂടെ ഇന്റര്‍നെറ്റ് പ്രൊട്ടോകോള്‍ ടെലിവിഷന്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സാക്ഷരത അതിവേഗം കൈപ്പിടിയിലൊതുക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്റര്‍നെറ്റ് ടിവി സേവനം നല്‍കാന്‍ തമിഴ്‌നാട് അരസു കേബിള്‍ കോര്‍പ്പറേഷന് കേന്ദ്രത്തില്‍ നിന്നും ലൈസന്‍സ് ലഭിച്ചതായി ജയലളിത അറിയിച്ചു. നേരത്തെ കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കുന്ന അമ്മ കാന്റീന്‍, അമ്മ ബ്രാന്‍ഡില്‍ പല ഉത്പന്നങ്ങളും ജയലളിത പിന്നീട് പുറത്തിറക്കി. 1000 രൂപ വിലയുള്ള ബേബി കെയര്‍ കിറ്റ് ആണ് ഇതില്‍ ഒടുവിലത്തേത്.