അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പുതിയ ചരിത്രം പിറന്നു; ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു

single-img
15 September 2015

human-heart-400x540കോട്ടയം: സംസ്ഥാനത്ത്  പുതുചരിത്രം കുറിച്ചുകൊണ്ട്  ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വിനയകുമാറിന്റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ പൊടിമോനില്‍ വച്ചുപിടിപ്പിച്ചത്.

ഞായറാഴ്ച ഏലൂരിലുണ്ടായ വാഹനാപകടത്തിലാണ് ഫാക്ടിലെ കരാര്‍ ജീവനക്കാരനായ വിനയകുമാറിന് പരിക്കേറ്റത്. എറണാകുളം ലൂര്‍ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിനയകുമാറിന് തിങ്കളാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയാറായതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് പൊടിമോന് ഹൃദയം നല്‍കിയത്.

അതനുസരിച്ച് പൊടിമോനോട് കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടു. രാത്രി 12 മണിയോടെ ലൂര്‍ദ് ആസ്പത്രിയില്‍ ഹൃദയം വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. മൂന്നേകാലോടെ ഹൃദയംസൂക്ഷിച്ച പെട്ടിയുമായി ഡോക്ടര്‍മാര്‍ കോട്ടയത്തേക്ക് ആംബുലസില്‍ യാത്ര തിരിച്ചു. നാലരയോടെ കോട്ടയം മെഡിക്കല്‍ കോളജിലെത്തി.

ഒട്ടും വൈകാതെ  ശസ്ത്രക്രിയ ആരംഭിച്ചു. ആറ് മണിയോടെ ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ടു. പൊടിമോന്റെ ശരീരത്തില്‍ വിനയകുമാറിന്റെ ഹൃദയം മിടിച്ചുതുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയത്തിന് പുറമെ വിനയകുമാറിന്റെ വൃക്കകളും കരളും നേത്രപടലവും ദാനം ചെയ്തു.

കേരളത്തില്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ മാത്രമാണ് ഇതിന് മുമ്പ് സര്‍ക്കാര്‍ മേഖലയില്‍ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. പുറത്തുള്ള ആസ്പത്രികളില്‍ 20 മുതല്‍ 30 ലക്ഷം വരെ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് മെഡിക്കല്‍ കോളജില്‍ ചെയ്തപ്പോള്‍ ചിലവ് രണ്ട് ലക്ഷം മാത്രമാണ്.